നീതിയുടെ വാക്കാവുന്ന കവിത


ആലങ്കോട് ലീലാകൃഷ്ണന്‍

ലിഫ് ഷായുടെ കവിതകളില്‍ ചില പ്രതിബോധങ്ങളും പ്രതിഷേധങ്ങളുമുണ്ട്. തീര്‍ച്ചയായും അത്, അനുനിമിഷം മനുഷ്യവിരുദ്ധമായിക്കൊണ്ടിരിക്കുന്ന നമ്മുടെ വ്യവസ്ഥയോടു തന്നെയാണ്. പ്രതിഭാഷയാണ് ഈ കവിയ്ക്ക് കവിത.

''അനിഷ്ടസത്യങ്ങളോട്
തെരുവുതെണ്ടി പറയും
തെറിയാണ് കവിത''

എന്നെഴുതണമെങ്കില്‍ ശക്തമായ ഒരു പ്രതിഭാഷയുണ്ടാകണം. പൊതുഭാഷ അശ്ലീലമായിത്തീരുമ്പോള്‍ കവിയ്ക്ക് കവിതയെ ഇങ്ങനെയാക്കിയെടുക്കാതെവയ്യ.
വ്യവസ്ഥയുടെ ദുഷിച്ച നടപ്പുകള്‍ക്കെതിരെ നീതിപീഠത്തിലെ വാളുപോലെ പ്രതിരോധത്തിന്റെ മുഖമായി നില്‍ക്കുന്നു അലിഫ്ഷായുടെ കവിത.
'രാവിന്റെ ഭീകരതയോട് നിലാവിന്റെ ചെറുത്തുനില്‍പാണ് കവിത' എന്നൊക്കെ സങ്കല്‍പ്പിക്കുന്നിടത്ത് അലിഫ്ഷായുടെ കാല്‍പനികത പോലും പരുഷമാവുന്നു.
''സൗജന്യമായി വിളമ്പുന്നിടത്തേയ്‌ക്കെന്നെ വിളിയ്ക്കരുത്'' എന്ന് പ്രഖ്യാപിക്കുന്നുള്ള ധീരതയാണ് ഈ കവിതകളുടെ ഊറ്റം.

''വേണ്ടാ തണല്‍
ഞാനീവെയിലില്‍ നിന്നോളാം
വിശന്നുമരിച്ചോളാം''
(ഞാന്‍ നിങ്ങളിലൊരാളല്ല)

പുതിയ കാലത്ത് തീരെ ദുര്‍ബലമല്ല ഈ പ്രഖ്യാപനം. ഇതില്‍ നിശിതമായ ഒരു രാഷ്ട്രീയ ദര്‍ശനമുണ്ട്. യഥാര്‍ത്ഥ പോരാളിയുടെ തന്റേടമാണത്. ഔദാര്യങ്ങള്‍ക്കു വേണ്ടിയല്ല, അവകാശങ്ങള്‍ക്കുവേണ്ടിയാണ് നീതിമാനായ കവി നിലനില്‍ക്കേണ്ടത് എന്നറിയുന്ന വാക്കിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം ഈ കവിതകളിലുണ്ട്.

'' എനിയ്‌ക്കെന്റെ വാക്കുകള്‍ വെളിച്ചമാവുന്ന
ഒരു മെഴുകുതിരിയായാല്‍ മതി''

എന്നു തീര്‍ച്ചപ്പെടണമെങ്കില്‍ (കവിത: കവിത ഉരുവപ്പെടുന്നത്) അപാരമായ ആത്മബോധവും അടിയുറച്ച സാമൂഹ്യബോധവും വേണം.
കവിയുടെ പ്രത്യയശാസ്ത്രം ഈ കവിതകളില്‍ പ്രത്യക്ഷമാണ്.



അലിഫ് ഷാ


'' ഉറക്കെപ്പാടുക
നീതി മരിച്ചിട്ടില്ലെന്ന്
ഒടുവിലെ സൂര്യന്‍ ഉദിച്ചുവെന്ന്...!''
(ഇറോമിന്റെ ഒടുവിലത്തെ സൂര്യന്‍)

'നിള എന്നെ വെറുക്കാന്‍ തുടങ്ങുമ്പോള്‍', 'പി' എന്നീ കവിതകളോട് എനിക്കും ഒരു വലിയ സാഹോദര്യം തോന്നിപ്പോവുന്നു. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടങ്ങളുടേതായ ഈ ഉത്തരാധുനിക കാലത്തും നഷ്ടപ്പെടുന്നതെന്തൊക്കെയെന്ന് കവിതയിലെ ഈ ഇളയസഹോദരന്‍ വ്യാകുലപ്പെടുന്നത് വായിക്കുമ്പോള്‍ അറിയാതെ ഒപ്പം വിഷാദിച്ചുപോവുന്നു.

'' നമ്മുടെ ഉള്ളില്‍ ഒരു കണ്ണീരിന്‍
കരകവിഞ്ഞൊഴുകും പുഴ''
(നിള എന്നെ വെറുക്കാന്‍ തുടങ്ങുമ്പോള്‍)

പുതിയ കവിതയെക്കുറിച്ച് സ്വന്തം അവകാശവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളുമായി പുതുകവികള്‍ സൗജന്യങ്ങള്‍ വിളമ്പുന്നിടത്ത് തിക്കിത്തിരക്കുമ്പോള്‍ ഇതാ ഒരു യുവകവി, വാക്കിന്റെ അഗ്നിയില്‍ സ്വയമുരുകിത്തെളിഞ്ഞ്, മനുഷ്യസ്‌നേഹത്തിന്റെ മഹാസംഘശക്തിയില്‍ നിവര്‍ന്നുനിന്ന് ധീരമായി ഇങ്ങനെ ചോദിക്കുന്നു:

ആരാണ് കത്തുന്ന പന്തങ്ങള്‍
കുത്തിക്കെടുത്തുന്നത്?

ഇവന്റെ വാക്കുകളെ വിശ്വസിക്കാം. കാരണം ഇവന്‍ വിശക്കുന്നവന്റെ പക്ഷത്തു നിന്നുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ ശബ്ദിക്കുന്ന നീതിയുടെ വാക്കാണ്.
''ഞാനെന്റെ വിശന്ന കിടാങ്ങളുടെ
പട്ടിണിക്കൂരകളില്‍
അവരുടെ ജീവന് കാവലിരിക്കും
സാക്ഷി മാത്രമാണ്
വീരമുദ്രാ പതക്കങ്ങള്‍
എനിക്ക് ചേരില്ല''

ഈ വര്‍ഗ്ഗബോധമാണ്, എല്ലാ അധികാരവ്യവസ്ഥകളെയും അതിജീവിച്ച് നാളെ നിലനില്‍ക്കാന്‍ പോവുന്നത്.
അതിനാല്‍ത്തന്നെ അലിഫ്ഷായ്ക്ക് ഔപചാരികമായ ആശംസകളുടെ ആവശ്യമില്ല.
.
(ലോഗോസ് ബുക്‌സ് പുറത്തിറക്കിയ അലിഫ് ഷായുടെ -വീണവരുടെ വേദം- കവിതാസമാഹാരത്തിന് എഴുതിയ അവതാരിക)

1 comment:

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.