എബോള ഭീതി കേരളത്തിലേക്കും


കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ എബോള നിറഞ്ഞുനില്‍ക്കുകയാണ്. കേരളത്തിലേക്കും എബോളയെത്തുന്നുവെന്ന ആശങ്കക്കുമുകളിലാണ് നാമിപ്പോള്‍.  ആഫ്രിക്കയില്‍ നിന്നെത്തിയ  673 പേര്‍ എബോള ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നതാണ് കൊച്ചിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. രണ്ടു പേരുടെ രക്തസാമ്പിള്‍ ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസില്‍ പരിശോധനക്ക് അയച്ച്  രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.  നേരത്തെ എത്തിയ 125 പേരുടെ നിരീക്ഷണകാലാവധി പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 17 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആഗസ്റ്റ് 11 മുതല്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും തുറമുഖത്തും ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി വിമാനത്താവളങ്ങളുടെ സമീപത്തുള്ള ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡ് തന്നെ ഒരുക്കിയിട്ടുണ്ട്. 12 അംഗ വൈദ്യ സംഘത്തെയാണ് ഓരോ ആശുപത്രിയിലും  സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മോക്ക് ഡ്രില്ലും നടത്തിയിരുന്നു.

ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തിയവര്‍ ഒരു മാസത്തേക്ക് വീട് വിട്ട് പോകാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘം  ദിവസവും രണ്ടു നേരം  ഫോണില്‍ ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍  ദിവസവും  ഇവരുടെ വീടുകളിലെത്തി പരിശോധന നടത്തും. 


എബോളയെ പേടിക്കണോ?

ആഫ്രിക്കയിലെ ഗിനിയ എന്ന രാജ്യത്തിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് എബോള രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ കൊലയാളി വൈറസ് വ്യാപിച്ചുകഴിഞ്ഞു. 
ഈ വൈറസ് ബാധിച്ചാല്‍ സാധാരണ ജലദോഷം പോലെയാണ് രോഗം തുടങ്ങുക. പിന്നീട് ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിലൂടെ 17 ദിവസം കൊണ്ട് രോഗി മരണപ്പെട്ടേക്കാം. എച്ച്.ഐ.വി വൈറസിനെപ്പോലെ എബോളയും ആക്രമിക്കുന്നത് മനുഷ്യന്റെ പ്രതിരോധ സംവിധാനങ്ങളെയാണ്.

മനുഷ്യ ശരീരത്തില്‍ വൈറസ് പ്രവേശിച്ചു കഴിഞ്ഞാല്‍ 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുകയുള്ളു. ഇന്‍കുബേഷന്‍ പീരിയഡ് എന്നാണ് ഈ അവസ്ഥക്ക് പറയുക. ഈ സമയത്ത് ആര്‍ക്കുവേണമെങ്കിലും ഇയാളില്‍ നിന്ന് രോഗബാധയുണ്ടാകം.
മൃഗങ്ങളില്‍ വ്യാപകമായി കണ്ടുവന്നിരുന്ന ഈ വൈറസ് ജനിതക മാറ്റം സംഭവിച്ചാണ് മനുഷ്യരിലേക്ക് പടര്‍ന്നിരിക്കുന്നത്. അസുഖ ബാധിതമായ മൃഗങ്ങളുടെ രക്തം, വിയര്‍പ്പ് മുതലായ സ്രവങ്ങളില്‍ നിന്നാവാം മനുഷ്യരിലേക്ക് ഇവ പകര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

രോഗിയുമായി അടുത്തിടപഴകുന്ന ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ രോഗിയോടടുക്കാന്‍ എല്ലാവരും ഭയപ്പെടുന്നു. അതുവഴി രോഗിയുടെ ജീവിതം വളരെ ദുസ്സഹമായിത്തീരുകയും ചെയ്യും.
കട്ടിയേറിയ റബ്ബര്‍ ബൂട്ടുകള്‍, ഇംപെര്‍മിയബിള്‍ ബോഡിബ് സ്യൂട്ട്, കട്ടിയേറിയ കൈയ്യുറകള്‍, മാസ്‌ക് തുടങ്ങിയവ  ധരിച്ചാണ് രോഗികളെ ഡോക്ടര്‍മാര്‍ ചികിത്സിക്കാനെത്തുന്നത്. എന്നാല്‍ അധികസമയം ഇത്തരം വസ്ത്രങ്ങളും മറ്റും ധരിച്ചുനടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ശരീരത്തില്‍ നിന്ന് ചൂട് പുറത്തുപോകാന്‍ ഈ വസ്ത്രങ്ങള്‍ അനുവദിക്കില്ല. 
ജലദോഷത്തില്‍ തുടങ്ങുന്ന രോഗം വളരെപെട്ടെന്ന് അപകടകരമായ നിലയിലേക്ക് വളരുകയാണ് ചെയ്യുന്നത്. കരള്‍, തലച്ചോര്‍, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളെ വൈറസ് ആക്രമിക്കുകയും അവിടങ്ങളില്‍ രക്തം കട്ടപിടിപ്പിക്കുകയും ചെയ്യും. നാഡീ ഞരമ്പുകളില്‍ വൈറസ് ബാധിക്കുന്നതോടെ ശരീരത്തില്‍ രക്തസ്രാവം തുടങ്ങും.




കടുത്ത വയറുവേദനയും രക്തം ഛര്‍ദ്ദിക്കലും വയറിളക്കവുമെല്ലാം ഇതിനെതുടര്‍ന്നുണ്ടാവും.  ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്യും.  കണ്ണ്, ചെവി, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം തുടങ്ങും. പിന്നീട് 17 ദിവസങ്ങള്‍ക്കകം രോഗി മരണത്തിന് കീഴ്‌പ്പെടും.
എബോള രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ജാഗ്രത ആവശ്യമാണ്.  ശരീരത്തില്‍ നിന്ന് വൈറസിനെ പൂര്‍ണമായും നശിപ്പിച്ചു എന്ന് വ്യക്തമാകുന്നതുവരെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തുടരണം. രോഗത്തില്‍ നിന്ന് മുക്തനായാലും 40 ദിവസത്തിനുള്ളില്‍ ഇയാളുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ വൈറസ് ബാധയുണ്ടാകും.
നിലവില്‍ ഈ വൈറസിനെതിരെ ഇതുവരെ വാക്‌സിനുകള്‍ ലഭ്യമല്ലെന്നതാണ് രോഗത്തെ മാരകമാക്കുന്നത്.


എന്താണ് എബോള 
ഒരു പ്രത്യേക തരം വൈറസ്മൂലം മനുഷ്യരുടെ രോഗപ്രതിരോധശേഷി തകരുക മൂലമുണ്ടാവുന്ന രോഗമാണ് എബോള രോഗം. എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ എന്നൊക്കെ യാണ് ഇംഗ്ലീഷില്‍ ഈ രോഗത്തിന് പറയുന്നത്. 1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്. 

എബോള വൈറസ് അഞ്ചു തരത്തിലുണ്ട്. ഇവയില്‍ ഒരെണ്ണമൊഴികെ മറ്റു നാല് വിഭാഗം വൈറസുകളും മനുഷ്യനില്‍ രോഗബാധയുണ്ടാക്കാന്‍ പര്യാപ്തമായവയാണ്. ബുണ്ടിബുഗ്യോ വൈറസ് , എബോള വൈറസ്, സുഡാന്‍ വൈറസ്, തായ് ഫോറസ്റ്റ് വൈറസ് എന്നീ വൈറസുകളാണ് രോഗത്തിന് ഹേതുവാകുന്നത്. അഞ്ചാമത്തെ വിഭാഗമായ റെസ്‌റ്റോണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

എബോളക്ക് കാരണമാകുന്ന ഈ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചു രോഗം ഉണ്ടാവും. 

ലക്ഷണങ്ങള്‍
പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവയും ഉണ്ടാവാറുണ്ട്. രോഗം തിരിച്ചറിയാതെ അസുഖ ബാധ മൂര്‍ഛിക്കുമ്പോള്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയോ താളപ്പിഴയിലാകുകയോ ചെയ്യാം.

രോഗം വരുന്ന വഴി
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിപ്പെട്ട വൈറസ് രോഗമാണ് എബോള.  രോഗം വന്ന മൃഗങ്ങളില്‍ നിന്നാണ് മനുഷ്യനിലേക്ക് ഈ രോഗം പകര്‍ന്നത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോള ബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരും.




ചികിത്സ 
പ്രതിരോധ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അസുഖത്തിന് നിലവില്‍ ചികിത്സകളും ഇല്ല.  ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനുമായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്‍കുന്നുണ്ട്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതില്ല.

രോഗത്തിന് വ്യക്തമായ പ്രതിവിധികളില്ലെങ്കിലും മറ്റ് വൈറസ് രോഗങ്ങളെന്നപോലെ രോഗലക്ഷണങ്ങളെ ചികിത്സിച്ച് രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും. രോഗം ബാധിച്ച് ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തുടങ്ങണം. എന്നാല്‍ മാത്രമേ ഫലമുണ്ടാവുകയുള്ളു.
  
മെര്‍സിനെ അപേക്ഷിച്ചു എബോള പിടിപെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവാണ്. മെര്‍സ് പിടിപെട്ടാല്‍ 40 ശതമാനംവരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും എബോള പിടിപ്പെട്ടാല്‍ 10 ശതമാനം മാത്രമാണു രക്ഷപ്പെടാനുള്ള സാധ്യത.

മരണകാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് രക്തസ്രാവവും നിര്‍ജലീകരണവുമാണ്. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ് പടരാതിരിക്കാനുള്ള മാര്‍ഗം.
   .
ഫോട്ടോകള്‍ക്ക് കടപ്പാട്:
http://www.dawn.com/news/1135974
http://www.usnews.com/news/articles/2014/10/01/10-things-to-know-about-ebola-after-first-us-diagnosis
https://www.google.co.in/ 

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.