. സലീം ഐക്കരപ്പടി
ഉമ്മ കുറെ ദിവസായി ചോദിക്കുന്നു. അതിനാല്‍ ഇന്ന് രാത്രി ജോലി കഴിഞ്ഞ് ഉംറക്ക് പോവണം.
അവന്‍ മനസ്സില്‍ 'ഒണ്‍ലി മി' സ്റ്റാറ്റസ് ഇട്ടു.
സാംസങ്ങ് ഫോണ്‍, ക്യാമറ സ്റ്റാന്റ്, രണ്ട് ബാറ്ററി, നെറ്റ് സിം.
റൂമിലേക്ക് ഓടുന്നതിനിടയില്‍ കൊണ്ടുപോവേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന്‍ മനസ്സിലൂടെ ഓടിച്ചുപോയി.
അരയില്‍ ബെല്‍റ്റ് കെട്ടി ശുഭ്രവസ്ത്രം അണിഞ്ഞ് പുറപ്പെട്ടു.
റൂമില്‍ വെച്ച് ഒരു സെല്‍ഫി, ജിദ്ദ-മക്ക റൂട്ടില്‍ വണ്ടിയില്‍ വെച്ച് ഒരെണ്ണം, കഅബയുടെ അരികെ നിന്ന് മറ്റൊന്ന്. അത്രയും സ്വന്തമായി ഒപ്പിക്കാം.
ക്ലോക്ക് ടവറും കഅബയും പിന്നിലാക്കി പ്രാര്‍ത്ഥിക്കുന്ന കുറച്ചു നല്ല ഫോട്ടോകള്‍ ഏതെങ്കിലും ഒരു ബ്രോനോട് സഹകരണാടിസ്ഥാനത്തില്‍ എടുപ്പിക്കണം. സമാനപ്രശ്‌നം നേരിടുന്നവര്‍ അവിടെ ഉണ്ടാവുമല്ലോ. ഫേസ് ബുക്കിലുള്ള സഹ ഫ്രീക്കന്മാരെ ഒന്ന് ഞെട്ടിക്കണം. ഓര്‍ത്തപ്പോള്‍ തന്നെ മനസ്സിലൊരു സ്‌മൈലി കൊള്ളിയാന്‍ പോലെ മിന്നി.
തവാഫ് ചെയ്യുന്നത് വീഡിയോ ആക്കി വാട്‌സ്ആപ്പിലും ഷെയര്‍ ചെയ്യാം. നാട്ടാരൊക്കെ ഒന്ന് ഞെട്ടട്ടെ.
ഹറമില്‍ വലിയ തിരക്കില്ല. നല്ല സമയം. അവന്‍ കര്‍മ്മനിരതനായി.
ഫേസ് ബുക്കില്‍ അവനിട്ട 'ഡിയര്‍ ബ്രോ, പ്ലീസ് ലൈക് മൈ പ്രൊഫൈല്‍' ഫോട്ടോക്ക് കിട്ടിയ ലൈക്കുകളുടെയും സ്റ്റിക്കര്‍ കമന്റുകളുടെയും നിര്‍വൃതിയില്‍ അവന്‍ ഉമ്മാക്ക് ഫോണ്‍ ചെയ്തു.
അവിടെ അപ്പോഴേക്കും അവന്റെ ഉംറ വീഡിയോ ഒരു സഹ ഫ്രീക്കന്‍ എത്തിച്ചത് കേട്ട് അവന്‍ സുക്കര്‍ സായിപ്പിനും സാംസങ്ങ് കൊറിയക്കാരനും ബര്‍ക്കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു.
ശുഭം.
.
ABOUT THE AUTHOR...............................................................................................
മലപ്പുറം ജില്ലയിലെ ഐക്കരപ്പടി പുത്തൂപ്പാടം സ്വദേശി.
രണ്ടു പതിറ്റാണ്ടായി സൌദിഅറേബ്യയിലെ ജിദ്ദയില്‍ പ്രവാസജീവിതം നയിക്കുന്നു. ഭാര്യയും മൂന്ന്‍ മക്കളുമുണ്ട്.
ബ്ലോഗറാണ്. ബ്ലോഗ് www.ayikkarappadi.blogspot.com , ഫേസ് ബുക്ക് : Saleem EP.
പത്രങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും യാത്രാകുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിദ്ദയിലെ വിവിധ സംഘടനകളില്‍ പ്രാതിനിധ്യം.


No comments:
Post a Comment