ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്


ലവിധ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. പലപ്പോഴും ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ലൈംഗിക പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചക്കു തന്നെ കാരണമായേക്കാം. ലൈംഗിക പ്രശ്‌നങ്ങളില്‍ മനസ്സുരുകി കഴിയുന്നവര്‍ എത്രയാണ്. പലരും പുറത്ത് പറയാനാവാതെ മാനസികസംഘര്‍ഷത്തിലും അതുവഴി വിഷാദത്തിലേക്കും വഴിമാറുന്നു. ചിലര്‍ എല്ലാം സഹിച്ച് കഴിയുന്നു. തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന എത്ര കുടുംബ ബന്ധങ്ങള്‍.
ചിലപ്പോള്‍ ചെറിയചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്ന രോഗങ്ങളാവാം വലിയ മാനസിക സമ്മര്‍ദത്തിലൂടെ ആശങ്കയായി വളര്‍ന്നിട്ടുണ്ടാവുക. ആവശ്യമായ തിരിച്ചറിവിലൂടെയും ചികിത്സയിലൂടെയും കൗണ്‍ലിങിലൂടെയും മാറ്റിയെടുക്കാവുന്നതാണ് പലരുടെയും പ്രശ്‌നം. 
ഷണ്ഡത്വമാണ് പുരുഷന്‍മാര്‍ അനുഭവിക്കുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്. ലിംഗത്തിന്റെ വലിപ്പക്കുറവും ശീഘ്രസ്ഖലനവും പുരുഷനെ മാനസികമായി തളര്‍ത്തുന്ന പ്രശ്‌നമാണ്. യോനീ സങ്കോചവും താല്‍പര്യക്കുറവുമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. 
മാനസികവും ശാരീരികവുമായ പല കാരണങ്ങള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നിലുണ്ട്. ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വിദഗ്ധനായ ഒരു മനശാസ്ത്രജ്ഞന്റെ സഹായത്തോടെ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാവും. 

ഷണ്ഡത്വത്തിന്റെ കാരണം മാനസികമാവാം
പുരുഷന്‍മാരെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ് ഷണ്ഡത്വം.  ലൈംഗിക ബന്ധം അസാധ്യമാക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് ഷണ്ഡത്വം. അതിന് ലിംഗോദ്ധാരണം സംഭവിക്കാതിരിക്കുക, ലിംഗോദ്ധാരണം നിലനിര്‍ത്താന്‍ കഴിയാതെ വരിക, ശീഘ്രസ്ഖലനം സംഭവിക്കുക എന്നിവയിലേതെങ്കിലും കാരണമാവാം. ഷണ്ഡത്വം അനുഭവിക്കുന്ന പുരുഷന്മാരില്‍ എണ്‍പതുശതമാനവും മാനസിക കാരണങ്ങളാല്‍ ബലഹീനരായി മാറിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുപതു ശതമാനമാനം മാത്രമാണ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ഷണ്ഡത്വം സംഭവിച്ചവര്‍.  പ്രമേഹം, ഹൃദയാഘാതം, പ്രോസ്‌റ്റേറ്ററൈറ്റിസ്, ഗൊണേറിയ, അസിഡന്‍സ് ഡിസീസ്, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ രോഗങ്ങളും ചിലപ്പോള്‍ ഷണ്ഡത്വത്തിനു കാരണമാകാം.


ശീഘ്രസ്ഖലനത്തിന്  മരുന്നുണ്ട്
പല പുരുഷന്‍മാരെയും അലട്ടുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് ശീഘ്രസ്ഖലനം. വല്ലപ്പോഴും ശീഘ്രസ്ഖലനം സംഭവിക്കാത്ത പുരുഷന്‍മാരുണ്ടാവില്ല. സംഭോഗങ്ങളില്‍ അമ്പതു ശതമാനമോ അതിലധികമോ ശീഘ്രസ്ഖലനം സംഭവിച്ചാല്‍ അയാള്‍ക്ക് ഇതൊരു ലൈംഗിക പ്രശ്‌നമായി കണക്കാക്കാം. ലൈംഗിക വികാരം ഉണര്‍ന്നാല്‍ ഉടനെയോ ലിംഗം യോനിയെ സ്പര്‍ശിക്കുന്ന സമയത്തോ ലിംഗയോനീസംഗമം സംഭവിച്ചാലുടനെയോ സ്ഖലനം ഉണ്ടാവുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. 
ശീഘ്രസ്ഖലനത്തിന് നിരവധി കാരണങ്ങളുണ്ട്. വളരെ നാള്‍ സംഭോഗത്തിലേര്‍പ്പെടാതിരിക്കുകയേ രതിക്രീഡകളില്‍ ധൃതികൂട്ടുന്നതോ ശീഘ്രസ്ഖലനത്തിനു കാരണമാകാം.  ലിംഗാഗ്രം സെന്‍സിറ്റീവ് ആയവര്‍ക്കും ശീഘ്രസംഖലനമുണ്ടാവാം. മാനസികമായ കാരണങ്ങളാവാം ചിലപ്പോള്‍. ശീഘ്രസ്ഖലനത്തിന് നിരവധി പരിഹാരങ്ങള്‍ ഇന്നുണ്ടെന്ന് മനസ്സിലാക്കുക. ആവശ്യമായ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താനാവും. സെക്‌സ് തൊറാപ്പിയും ചിലര്‍ നിര്‍ദേശിക്കാറുണ്ട്.

സ്ത്രീക്ക്  താല്‍പര്യക്കുറവോ?  
സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നമാണ് ലൈംഗിക മരവിപ്പ്. ചിലര്‍ക്ക് ലൈംഗിക താല്‍പര്യമേ ഉണ്ടാവില്ല. ചിലര്‍ക്ക് സാമാന്യ അളവില്‍ ലൈംഗികാവേശമുണ്ടാവുമെങ്കിലും സംഭോഗത്തില്‍ നിന്നും യാതൊരാനന്ദവും അനുഭവിക്കാനാവില്ല.  ലൈംഗികവേഴ്ചയോടു കടുത്ത വെറുപ്പനുഭവപ്പെടുന്നവരുമുണ്ട്. സ്ത്രീകള്‍ക്ക് ലൈംഗിക മരവിപ്പിന് പല കാരണങ്ങളുണ്ട്. ലൈംഗിക മരവിപ്പിന് കാരണം 90 ശതമാനവും മാനസികമാണ്. ശാരീരിക കാരണങ്ങള്‍ 10 ശതമാനം മാത്രമാണ്. ലൈംഗിക ഹോര്‍മോണുകളുടെ അപര്യാപ്തതയുണ്ടെങ്കിലും ലൈംഗികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ലെങ്കിലും മരവിപ്പ് ഉണ്ടാവാം.  കുട്ടിക്കാലത്തുണ്ടായിട്ടുള്ള ദുരനുഭവങ്ങളും പേടിപ്പെടുത്തുന്ന ലൈംഗിക കഥകളും മരവിപ്പിന് കാരണമാവാം. പുരുഷന്റെ മോശമായ പെരുമാറ്റവും വൃത്തിഹീനമായ ശാരീരികാവയവങ്ങളും വികലമായ മൈഥുന രീതികളുമെല്ലാം സ്ത്രീകളില്‍ വിരക്തിയുണ്ടാക്കും. യഥാര്‍ഥ കാരണം കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാവുന്ന പ്രശ്‌നമാണ് സ്ത്രീകളിലെ ലൈംഗിക മരവിപ്പ്.




യോനീ സങ്കോചം: കാരണം മാനസികം തന്നെ
സംഭോഗത്തിനൊരുങ്ങുമ്പോള്‍ സ്ത്രീയുടെ അറിവോടെയോ അല്ലാതെയോ യോനീനാളത്തിന്റെ ബാഹ്യഭാഗത്തുള്ള പേശികള്‍ സങ്കോചിക്കുകയും യോനികവാടം അടഞ്ഞുപോവുകയും ചെയ്യുന്ന അവസ്ഥ ചില സ്ത്രീകള്‍ക്കുണ്ട്. ഇതാണ് യോനീസങ്കോചം. പാപബോധമോ ആകാംക്ഷയോ ലൈംഗികാവയവങ്ങള്‍ക്ക് കേടുപറ്റുമോ എന്നുള്ള ഭീതിയോ ഇതിന് കാരണമാകാം. കൂടെക്കൂടെ ഗര്‍ഭിണിയാവുമോ എന്ന ആശങ്കയും ചിലരില്‍ യോനി സങ്കോചത്തിന് കാരണമാവാം. പൂര്‍ണമായും മാനസിക കാരണങ്ങളാലാണ് യോനീസങ്കോചമുണ്ടാവുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യാസം യഥാസമയം ലഭിക്കുന്ന പെണ്‍കുട്ടികളില്‍ ഈ അവസ്ഥ വരില്ല. കൗണ്‍സലിങിലൂടെയും സ്വയം തിരിച്ചറിവിലൂടെയും ഇത് മാറ്റിയെടുക്കാനാവും.

വേദനക്ക് കാരണം ശാരീരികം
വേദനയുള്ള അനുഭവമാണ് ചിലര്‍ക്ക് ലൈംഗിക ബന്ധം. സംഭോഗാവസരത്തിലോ അതിനു ശേഷമോ സ്ത്രീക്കും പുരഷനും വേദനയനുഭവപ്പെടാം. പുരുഷന് ലിംഗാഗ്രത്തിലും സ്ത്രീക്ക് യോനീ നാളത്തിലോ അടിവയറിലോ പുകച്ചിലും നീറ്റലും വേദനയും അനുഭവപ്പെടുന്നു. ഈ അവസ്ഥയാണ് ഡിസ്പറൂണിയ എന്നാണ് അറിയപ്പെടുന്നത്. ഇത് ലൈംഗിക വിരക്തിയിലേക്കാവും എത്തിക്കുക. പൂര്‍ണമായും പരിഹരിക്കാവുന്ന ഈ പ്രശ്‌നം ശാരീരിക കാരണങ്ങളാലാണ് ഉണ്ടാവുന്നത്. 
സ്ത്രീകളില്‍ ബര്‍ത്തോളിന്‍ ഗ്രന്ഥികളുടെ വീക്കമോ യോനീനാളവീക്കമോ പഴുപ്പോ കാരണമായി വേദനയനുഭപ്പെടാം. യോനിയില്‍ സ്‌നിഗ്ധത നല്‍കുന്ന ദ്രാവകത്തിന്റെ ഉല്‍പാദനക്കുറവും യോനീ ഭിത്തികളുടെ ഇലാസ്റ്റിറ്റി നഷ്ടമാവുന്നതും വേദനക്ക് കാരണമാവാം.
പുരുഷന്മാരില്‍ കൂടിച്ചേര്‍ന്ന അഗ്രചര്‍മമാണ് പലപ്പോഴും വേദനാപൂര്‍ണമായ സംഭോഗത്തിനു കാരണമാകുന്നത്. ഇത് നിസാര ശസ്ത്രക്രിയയിലൂടെ (ചേലാകര്‍മം/സുന്നത്ത്) സുഖപ്പെടുത്താം.  ഗുഹ്യരോഗങ്ങളും ലിംഗാഗ്രത്തിനും അഗ്രചര്‍മത്തിനുമിടയില്‍ ബാധിക്കുന്ന പഴുപ്പും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങളും വേദനക്ക് കാരണമാവാം.
യോനിയും ലിംഗവും പൊരുത്തപ്പെടാത്ത അവസ്ഥയിലും വേദനയുണ്ടാവാം. ഇതുവഴി പുകച്ചിലും നീറ്റലും ചൊറിച്ചിലുമൊക്കെ പുരുഷനും സ്ത്രീയ്ക്കും ഉണ്ടാകാം. ആദ്യം വേദനയുടെ കാരണം കണ്ടെത്തുകയാണ് വേണ്ടത്. കാരണം കണ്ടെത്തി അതിനാവശ്യമായ ചിക്തിത്സ നടത്തിയാല്‍ രോഗം പൂര്‍ണമായും മാറ്റിയെടുക്കാനാവും. 

പരിഹാരം കയ്യെത്തുംദൂരത്ത്
ലൈംഗിക പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാവുന്നതാണ്. മാനസിക കാരണങ്ങള്‍ക്കും ശാരീരിക കാരണങ്ങള്‍ക്കും ആവശ്യമായ ചികിത്സകളുണ്ട്. മുറിവൈദ്യന്‍മാരുടെ വലയില്‍ ചെന്ന്ചാടി പണവും മാനവും കളയാതെ, വിദഗ്ധരായ മാനസിക, ലൈംഗിക രോഗ ചികിത്സകരെ സമീപിക്കുകയാണ് വേണ്ടത്. ലൈംഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിച്ച് മനശാസ്ത്രജ്ഞനെ സമീപിച്ചാല്‍ പരിഹാരം ഉറപ്പ്. നിസ്സാരമായ കാരണങ്ങള്‍കൊണ്ടുണ്ടാവുന്ന താല്‍ക്കാലിക പ്രതിഭാസങ്ങളില്‍ മനസ്സുതളര്‍ന്ന് അമിതമായി ആശങ്കപ്പെട്ട് വലിയ പ്രശ്‌നമായി മാറ്റാതെ ശ്രദ്ധിക്കുക. ഇണക്ക് ലൈംഗിക പ്രശ്‌നമുണ്ടെങ്കില്‍ കുറ്റപ്പെടുത്തുകയോ അതിക്ഷേപിക്കുകയോ ചെയ്യരുത്. അത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളു. പരസ്പരം മനസ്സിലാക്കി ആശ്വസിപ്പിച്ചും പ്രതീക്ഷ പകര്‍ന്നും പരിഹാരത്തിന് ഇരുവരും ചേര്‍ന്ന് വഴിയൊരുക്കുകയാണ് വേണ്ടത്.


   ലിംഗവലുപ്പക്കുറവ് ഒരു കുറവല്ല

  • ലിംഗത്തിന് നീളവും വണ്ണവുമില്ലെന്ന പരാതിയുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ നിരവധിയാണ്. പലതരം മരുന്നുകള്‍ വാങ്ങി സേവിക്കുകയും മറ്റു സാധ്യതകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം കുറവല്ല. അശ്ലീല സൈറ്റുകളിലും പുസ്തകങ്ങളിലും കാണുന്ന ലിംഗവര്‍ധക യന്ത്രങ്ങളും മരുന്നുകളും വാങ്ങി പണം പോയവരെത്ര.
  • വലിപ്പമുള്ള ലിംഗമുള്ളവര്‍ക്ക് മാത്രമേ സ്ത്രീകളെ തൃപ്തിപ്പെടുത്താനാവുകയുള്ളൂ എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.  അത്തരം ചിന്തയില്‍ മാനസികമായി തളര്‍ന്ന് വിവാഹ ജീവിതം പോലും വേണ്ടെന്നു വെക്കുന്നവരുണ്ട്. എന്നാല്‍ ലിംഗവലിപ്പവും സെക്‌സും തമ്മില്‍ ബന്ധമില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സ്ത്രീയുടെ യോനീനാളം ആവശ്യത്തിനനുസരിച്ചുമാത്രം വികസിച്ചുകൊടുക്കുന്ന അവയവമാണ്. പുരുഷലിംഗം ചെറുതാണെങ്കില്‍ അതിനനുസരിച്ചുമാത്രമേ യോനീനാളം വികസിക്കുകയുള്ളൂ. ലൈംഗിക സുഖത്തിന് കുറവു സംഭവിക്കുകയുമില്ല. 
  • മാനസികമായ പരിഗണനയും ലാളനവും പരസ്പര സ്‌നേഹത്തിന്റെ ഊഷ്മളതയുമാണ് ലൈംഗിക ബന്ധത്തെ ആസ്വാദ്യകരമാക്കുന്നതെന്ന് മനസ്സിലാക്കുക. പരസ്പരം ഉള്‍ക്കൊണ്ട് ജീവിക്കാനാവുക എന്നതുതന്നെയാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയം. വലിയ ലിംഗമുള്ളവരെല്ലാം തൃപ്തികരമായ ലൈംഗിക ജീവിതം നയിക്കുന്നവരാണെന്നതും ഒരു തെറ്റിദ്ധാരണയാണ്.  
.

ഫോട്ടോകള്‍ക്ക് കടപ്പാട്:
http://www.theatlantic.com/health/archive/2011/10/study-of-the-day-the-marital-problems-of-materialistic-couples/246589/


No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.