രണ്ടു സ്‌കൂള്‍ കഥകള്‍ / റഹ്മാന്‍ കിടങ്ങയം


.റഹ്മാന്‍ കിടങ്ങയം

ഉണ്ണിയും പൂതവും
പൂതപ്പാട്ടിലെ നങ്ങേലിക്ക് പുതിയകാലത്ത് പിന്നെയും ഒരുണ്ണി പിറന്നു. നങ്ങേലി അവനെ പ്രശസ്തമായ ഇംഗ്‌ളീഷ് മീഡിയത്തിലയച്ചു പഠിപ്പിച്ചു. എഴുത്താണിക്കും ഓലയ്ക്കും പകരം ലാപ്പ്‌ടോപ്പും മൗസും മേടിച്ചുകൊടുത്തു. സഞ്ചരിക്കാന്‍ സ്‌കൂള്‍ ബസ്സും ഏര്‍പ്പാടുചെയ്തു. എന്നിട്ടും ഒരുനാള്‍ പൂതം  ഉണ്ണിയെ കട്ടുകൊണ്ടുപോയി.
മകനെ തിരിച്ചുകിട്ടാന്‍ വേണ്ടി കണ്ണ് ചൂഴ്‌ന്നെടുത്തുകൊടുക്കാന്‍ നങ്ങേലി ഇപ്രാവശ്യവും  തയ്യാറായിരുന്നു. എന്നാല്‍, എത്ര തിരഞ്ഞിട്ടും പൂതത്തെ കണ്ടെത്താന്‍ അവള്‍ക്കായില്ല. നിയതമായ ഒരു ശരീരം പോലുമില്ലാതിരുന്ന പൂതം അവയവ വ്യാപാരം നടത്തുന്ന മാഫിയാസംഘത്തിലെ ഒരു കണ്ണിമാത്രമായിരുന്നെന്ന് നങ്ങേലിക്കറിയുമായിരുന്നില്ലല്ലോ. 
നങ്ങേലിക്കും അവര്‍ ഒരു വില നിശ്ചയിച്ചിട്ടുണ്ടായിരുന്നു. മാതൃസ്തന്യത്തിനു മാര്‍ക്കറ്റുള്ള കാലമല്ലേ!
.



കറുപ്പും വെളുപ്പും
'കറുപ്പുടുത്തവന്‍ കാക്ക. വെളുപ്പുടുത്തവന്‍ കൊക്ക്.'
ശബരിമലയ്ക്ക് മാലയിട്ട അച്യുതനെ 'കാക്ക' എന്നും നരച്ച താടിയുള്ള ആലിക്കുട്ടി മുസ്‌ലിയാരെ  'കൊക്ക്' എന്നും എന്റെ ക്‌ളാസിലെ കുട്ടികള്‍ ഇരട്ടപ്പേരു വിളിച്ചത്രേ.
 ഉത്തരവാദി മലയാളം മാഷായ ഈ പാവം ഞാനാണെന്നു പറഞ്ഞ് ആലിക്കുട്ടി മുസ്‌ലിയാരും അച്യുതനും ഹെഡ്മാസ്റ്ററുടെ മുമ്പില്‍ വന്ന് ഹാലിളകിയത്രേ.
ഉപമയും ഉല്‍പ്രേക്ഷയും ഇനി മേലാല്‍ പഠിപ്പിക്കരുതെന്നാണ് ഇപ്പോള്‍ ഹെഡ്മാസ്റ്ററുടെ കല്‍പ്പന.
.

Print Friendly and PDF


ABOUT THE AUTHOR..........................................................................................................................................

റഹ് മാന്‍ കിടങ്ങയം
മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ സ്വദേശി.
കഥാകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, വായനക്കാരന്‍, അധ്യാപകന്‍.
കാരിച്ചി, പെണ്‍കുട്ടിയും മലമുകളിലെ സര്‍പ്പവും, ജ്വരക്കാഴ്ചകളില്‍ മുരുകായി, ഇവള്‍ അരുന്ധതി, നാടോടി മാമന്‍, അഗ്നിയും ജലവും, ചില കളിനിയോഗങ്ങള്‍, ഇരുട്ട് എലിസബത്തിനോട് പറഞ്ഞത് എന്നീ പുസ്തകങ്ങളുടെ രചയിതാവ്.
അധ:കൃതം, അമ്മയോര്‍മ്മ, കള്ളന്‍ ഒരു പുസ്തകം, മലയാളത്തിന്റെ കടല്‍ എന്നീ പുസ്തകങ്ങള്‍ എഡിറ്റുചെയ്തു.
പന്തല്ലൂര്‍ എ.യു.പി സ്‌കൂള്‍ അധ്യാപകന്‍.
ഫോണ്‍: 9846680537
fb > https://www.facebook.com/rahman.kidangayam

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.