. മുഖ്താര്‍ എം. മൊയ്‌ല്യാര്‍
എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വിദഗ്ധനായ ഒരു വിദ്യാഭ്യാസ കച്ചവടക്കാരനാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നുവെച്ച് അദ്ദേഹത്തിന് കാര്യം പറയാന്‍ പാടില്ലെന്നൊന്നുമില്ലല്ലോ...
പുതിയതായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മുസ്‌ലിം പണ്ഡിതന്‍മാരില്‍ പുരോഗമന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരെല്ലാം മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് ഇസ്‌ലാമികമല്ലെന്ന് പറഞ്ഞിട്ടുള്ളതാണ്. യാഥാസ്ഥിതികരില്‍ യാഥാസ്ഥിതികരായ ഒരു വിഭാഗം മാത്രമാണ് സ്ത്രീകളുടെ മുഖവും കയ്യുമെല്ലാം മറക്കണമെന്ന് ശാഠ്യം പിടിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ വലിയ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന നവയാഥാസ്ഥിതികരിലും മുഖംമൂടല്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ മുഖംമൂടി വ്യാപകമായിക്കൊണ്ടിരിക്കുന്നതിന്റെ ഒരു കാരണം നവയാഥാസ്ഥിതികതയുടെ വ്യാപനമാണ് കാണിക്കുന്നത്. മുസ്‌ലിംസമുദായത്തെ അമ്പത് കൊല്ലം പിന്നോട്ട് നയിക്കുന്ന പിന്തിരിപ്പന്‍മാരുടെ കൂട്ടായ്മയാണ് താടിനീട്ടിയും പാന്റ് മുട്ടിനുതാഴെ മുറിച്ചും പെണ്ണിനെ പൊതിഞ്ഞുകെട്ടിയും പുരോഗമനം പറയുന്നത്. കേരളത്തില്‍ മുസ്‌ലിം പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ നടത്തിയ നവോത്ഥാന മുന്നേറ്റത്തെയാണ് അവരുടെ തന്നെ പിന്മുറക്കാര്‍ തച്ചുടക്കുന്നത്.
മുഖം മറക്കുന്ന ബുര്‍ഖ ഇസ്‌ലാമികമല്ലെന്നാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. അപ്പറഞ്ഞതിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയല്ല, ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നത്.
തുണി കൂടുന്നതുകൊണ്ട് സംസ്‌കാരം കൂടില്ലെന്ന ഫസല്‍ ഗഫൂറിന്റെ പറച്ചിലിലും തെറ്റുകാണാനാവില്ല. ജീന്‍സിനെയും ഫസല്‍ ഗഫൂര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ജീന്‍സും മുഖംമൂടിയും ധരിക്കാനുള്ള സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ അദ്ദേഹം എതിര്‍ത്തിട്ടില്ല.
'ഇസ്‌ലാമിന്റെ പേരില്‍ പലരും പര്‍ദ്ദ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. പര്‍ദ്ദ ധരിച്ചാല്‍ പിന്നെ സൂര്യപ്രകാശം ശരീരത്തില്‍ എവിടേയും പതിക്കില്ല. ജീന്‍സ് ധരിച്ചാല്‍ വിയര്‍പ്പ് കെട്ടിനില്‍ക്കും. ഇത് രണ്ടും പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യം. ബിജെപി അടക്കമുള്ള സംഘടനകള്‍ നടത്തുന്ന ആര്യ വത്കരണവും എതിര്‍ക്കപ്പെടേണ്ടതാണ്. മുഖം മറച്ച് പര്‍ദ്ദ ധരിക്കണമെന്ന് ഇസ്‌ലാമില്‍ എവിടെയും പറഞ്ഞിട്ടില്ല.' ഇതാണ് ഫസല്‍ ഗഫൂറിന്റെ വാദം. ഇതില്‍ എവിടെയാണ് ന്യൂനപക്ഷത്തെ (ന്യൂനപക്ഷ കമ്മീഷനെ) ഹാലിളക്കുന്ന പരാമര്‍ശമുള്ളത്.
ഇസ്‌ലാമിലെ വസ്ത്രധാരണ സങ്കല്‍പത്തെ പരസ്യ- കച്ചവടവല്‍ക്കരണം അട്ടിമറിക്കുകയാണ് സത്യത്തില്‍ ഉണ്ടായത്. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയില്‍ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആ സ്വാധീനത്തെ വെളിപ്പെടുത്തുന്നതാണ്. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന പര്‍ദ്ദയുടെ പരസ്യങ്ങളും പരസ്യങ്ങള്‍ക്കനുകൂലമായി പ്രസിദ്ധീകരണങ്ങളെടുക്കുന്ന നിലപാടുകളും ഈ മാറ്റത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമിലെ വസ്ത്ര സങ്കല്‍പമെന്താണ്.
ലളിതവും മാന്യവും വ്യക്തിത്വം നിലനിര്‍ത്തുന്നതുമാണ് ഇസ്‌ലാമിലെ വസ്ത്ര സങ്കല്‍പം. അന്യസ്ത്രീകളുടെ മുന്നില്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഭാഗം പൊക്കിള്‍ മുതല്‍ കാല്‍മുട്ടുവരെയുള്ള ഭാഗമാണ്. അതു മറച്ചിരുന്നാല്‍ മതി. അതിന് ഏതുതരം വസ്ത്രവും ഉപയോഗിക്കാം. പട്ട് പുരുഷന്‍മാര്‍ക്ക് പാടില്ലെന്ന് ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ അന്യപുരുഷന്‍മാരുടെ മുന്നില്‍ അവരുടെ മുഖവും മുന്‍കയ്യുമൊഴികെയുള്ള ഭാഗങ്ങള്‍ മറച്ചിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. അത് ഏതുതരം വസ്ത്രമായിരിക്കണമെന്ന് കല്‍പിച്ചിട്ടില്ല. പ്രാദേശിക ലഭ്യതയും ഉപയോഗ സൗകര്യവും ആരോഗ്യകരവുമായ ഏതുവസ്ത്രവും അവള്‍ക്ക് സ്വീകരിക്കാവുന്നതാണ്.
ശരീര ഭാഗങ്ങള്‍ തെളിഞ്ഞുകാണുന്ന വിധം നേര്‍ത്തതും ഇടുങ്ങിമുറുകിയതുമായ വസ്ത്രം ഇസ്‌ലാം തെറ്റായി പറഞ്ഞിട്ടുണ്ട്. അത് ആണിനും പെണ്ണിനും ബാധകമാണ്. മാന്യമായിരിക്കണം വസ്ത്രധാരണം. നഗ്‌നത മറയുന്നതും ആഭാസകരമല്ലാത്തതും അന്യസ്ത്രീകളില്‍/ അന്യപുരുഷന്മാരില്‍ ലൈംഗിക വികാരങ്ങള്‍ ഉണര്‍ത്താത്തതുമായിരിക്കണം വസ്ത്രവും ധാരണവും.
ഇതിനപ്പുറം ഇന്നതേ ധരിക്കാവൂ എന്ന് ഇസ്‌ലാമിന്റെ പേരില്‍ ഫത്‌വ കൊടുക്കാന്‍ എത്ര വലിയ പണ്ഡിതനും അധികാരമില്ല. കൂടുതല്‍ സൗകര്യപ്രദവും അനുയോജ്യവും പര്‍ദയാണെന്ന നിലക്കാവും പര്‍ദക്കനുകൂലമായ നിലപാട് ചിലര്‍ എടുത്തിട്ടുണ്ടാവുക, പര്‍ദ ഇപ്പോള്‍ പല നിറങ്ങളിലും പല രൂപത്തിലും മാര്‍ക്കറ്റില്‍ ലഭ്യമാണ് താനും. ഏതു വസ്ത്രവും സ്വീകരിക്കാന്‍ മുസ്‌ലിം സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. പര്‍ദ ധരിക്കുന്നവരെല്ലാം പഴഞ്ചന്‍മാരും പിന്തിരിപ്പന്‍മാരുമാണെന്ന ധാരണ ശരിയല്ല. പര്‍ദ ധരിക്കാത്തവരെല്ലാം പുരോഗമന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരാണെന്നും എനിക്ക് തോന്നുന്നില്ല.
പര്‍ദയല്ല, മുസ്‌ലിം സ്ത്രീകളുടെ മുഖം മറക്കുന്ന വസ്ത്രധാരണ രീതിയാണ് എതിര്‍ക്കപ്പെടേണ്ടത്. ഭാര്യയെ കയ്യില്‍ സോക്‌സിട്ടു നടത്തിക്കുന്നത് പിന്തിരിപ്പന്‍മാര്‍തന്നെ. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കണമെന്ന് പറയുന്നത് ഇസ്‌ലാമികമല്ല. അതിന് ഇസ്‌ലാമില്‍ യാതൊരു അടിസ്ഥാനവുമില്ല.
സമകാലിക സമൂഹത്തില്‍ മുഖം മറച്ച സ്ത്രീകളുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതാണ്. മുസ്‌ലിംസമുദായത്തിന്റെ യാഥാസ്ഥിതികതയിലേക്കുള്ള തിരിച്ചുപോക്കിന്റെ അടയാളമാണത്. തമ്മില്‍ തല്ലിയും തെറ്റിപ്പിരിഞ്ഞും വാശിപ്പുറത്ത് സമ്മേളനങ്ങള്‍ നടത്തിയും സ്വയം തളര്‍ന്നു പോയ പുരോഗമന പ്രസ്ഥാനക്കാര്‍ക്ക് പ്രതികരിക്കാന്‍ ത്രാണിയില്ലാതായിരിക്കുന്നു. ഉള്ളിന്റെയുള്ളില്‍ (വിദ്യാര്‍ത്ഥി- യുവജന സംഘടനകള്‍ ) അവരും യാഥാസ്ഥിതികരായിക്കൊണ്ടിരിക്കുകയാണല്ലോ...
അപ്പോള്‍ ഫസല്‍ ഗഫൂറെങ്കിലും കാര്യം പറഞ്ഞിരിക്കുന്നു. ഇതൊരു ക്രിയാത്മകമായ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട വിഷയമായിരുന്നു. പക്ഷേ, ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസയക്കുക വഴി തങ്ങളും യാഥാസ്ഥിതിക - പിന്തിരിപ്പന്‍ കൂട്ടായ്മക്ക് അനുകൂലമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളും ഇടപെടലുകളും സംവാദങ്ങളും കേരളത്തില്‍ ഉണ്ടായിട്ടും ന്യൂനപക്ഷ കമ്മീഷന്‍ ഒന്നും കണ്ടതും കേട്ടതുമില്ല. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കണെമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് മുസ്‌ലിം സംഘടനകള്‍ ബിരിയാണി തിന്ന് പിരിഞ്ഞപ്പോഴും ന്യൂനപക്ഷ കമ്മീഷന്‍ കുടുക്കയുടെ ചുവട്ടിലായിരുന്നു. വഖഫ് ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം അനുവദിക്കുന്ന ധീരമായ നിലപാട് കൈക്കൊണ്ട സാഹചര്യത്തില്‍ തന്നെയാണ് മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നതിനെതിരെ പ്രതികരിക്കുന്നത് ന്യൂനപക്ഷ, മുസ്‌ലിം വിരുദ്ധമാവുന്നതെന്ന വൈരുദ്ധ്യത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്.
മുസ്‌ലിം പുരോഗമന യുവജന പ്രസ്ഥാനങ്ങള്‍ക്കെന്താണ് പണി?
.
photo source:
http://education.mathrubhumi.com/php/news_events_details.php?nid=25231
https://plus.google.com/110113150359659199428/posts/dvAbAydeDAC
http://www.styleite.com/news/french-muslim-women-hijab-fine/
http://www.dailytravelphotos.com/archive/2010/10/13/
https://www.flickr.com/photos/thistimewillcometopass/5228508912/in/photostream/




മുസ്‌ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളും ഇടപെടലുകളും സംവാദങ്ങളും കേരളത്തില്‍ ഉണ്ടായിട്ടും ന്യൂനപക്ഷ കമ്മീഷന്‍ ഒന്നും കണ്ടതും കേട്ടതുമില്ല. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കണെമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് മുസ്‌ലിം സംഘടനകള്‍ ബിരിയാണി തിന്ന് പിരിഞ്ഞപ്പോഴും ന്യൂനപക്ഷ കമ്മീഷന്‍ കുടുക്കയുടെ ചുവട്ടിലായിരുന്നു. വഖഫ് ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം അനുവദിക്കുന്ന ധീരമായ നിലപാട് കൈക്കൊണ്ട സാഹചര്യത്തില്‍ തന്നെയാണ് മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നതിനെതിരെ പ്രതികരിക്കുന്നത് ന്യൂനപക്ഷ, മുസ്‌ലിം വിരുദ്ധമാവുന്നതെന്ന വൈരുദ്ധ്യത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്.
ReplyDeleteമുസ്‌ലിം പുരോഗമന യുവജന പ്രസ്ഥാനങ്ങള്‍ക്കെന്താണ് പണി?