ശിക്ഷ കഴിഞ്ഞിട്ടും മലയാളി യുവതി സൗദിജയിലില്‍. കുവൈത്തില്‍ ഇന്റര്‍പോള്‍ അറസ്റ്റുചെയ്ത് സൗദി ഗവണ്‍മെന്റിനു കൈമാറി ദമ്മാം ജയിലില്‍ കഴിയുന്ന നെടുമങ്ങാട് തളിക്കോട് മേലേതുരുത്തി അല്‍അമീന്‍ മന്‍സിലില്‍ റഹ്മത്ത് നുസൈഫയാണ് ശിക്ഷ കഴിഞ്ഞ് ശിക്ഷ കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴും മോചനം സ്വപ്നം കാണാന്‍ പോലുമാവാതെ കഴിയുന്നത്.
പണം, സ്വര്‍ണ്ണം, വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ രണ്ടു ലക്ഷം റിയാലിന്റെ (മുപ്പത്തണ്ടു ലക്ഷം രൂപ) സാധനങ്ങള്‍ മോഷണം പോയതായി യുവതി ജോലിചെയ്തിരുന്ന വീട്ടുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലാവുന്നത്. വിവാഹ ആവശ്യാര്‍ത്ഥം നാട്ടിലേക്ക് പോന്ന യുവതി തിരിച്ചുചെല്ലാത്തതായപ്പോള്‍ വീട്ടുടമയുടെ മകളും പരാതി നല്‍കി. ഇതേ തുടര്‍ന്ന്് സൗദി പോലീസ് ഇന്റര്‍പോള്‍ മുഖേന റഹ്മത്തിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.
മോഷണവും മോഷണ മുതല്‍ കടത്താന്‍ ശ്രമിച്ചതുമാണ് റഹ്മത്തിനെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ കോടതിയില്‍ കുറ്റം തെളിയിക്കാനായില്ല. എംബസി യാതൊരു നിയമ സഹായവും നല്‍കിയില്ല. സംശയാതീതമായി മോഷണം തെളിയിക്കാന്‍ പ്രോസിക്യൂഷനും വാദികള്‍ക്കും കഴിഞ്ഞിട്ടില്ല.
ഇതിനിടെ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ അനധികൃതമാര്‍ഗത്തില്‍ രാജ്യം വിട്ടു എന്ന കുറ്റം റഹ്മത്തിനു നേരെ ചുമത്തി. മോഷണ കുറ്റം തെളിയാതായപ്പോള്‍ പുതിയ കുറ്റം ചുമത്തുകയായിരുന്നു.
അനധികൃത മാര്‍ഗത്തില്‍ എക്‌സിറ്റ് അടിച്ചു എന്ന കുറ്റമാണ് റഹ്മത്തിനെതിരെ ചുമത്തിയത്. അതിനു കോടതി ഒരു വര്‍ഷം തടവും 150 ചാട്ടവാറടിയും ശിക്ഷ വിധിച്ചു.
കോടതി വിധിച്ച ശിക്ഷയും ചാട്ടയടിയും അനുഭവിച്ചു കഴിഞ്ഞിട്ട് ആറു മാസം പിന്നിടുന്നു. ഇപ്പോഴും റഹ്മത്തിന് മോചനം സാധ്യമാകുന്നില്ല. വീണ്ടും തൊഴിലുടമ പരാതി നല്‍കിയതാണ് ഇതിന് കാരണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങി കഴിയുകയാണ് നുസൈഫയെന്ന് ഭര്‍ത്താവ് സഫീര്‍ പറയുന്നു.
![]() |
| റഹ്മത്ത് നുസൈഫയും ഭര്‍ത്താവ് സഫീര്‍ഖാനും |
അനാഥയായ നിര്‍ദന കുടുംബത്തിലെ അംഗമാണ് റഹ്മത്ത്. പിതാവ് ചെറുപ്പത്തിലേ മരിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസായെങ്കിലും തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല.
റിയാദില്‍ ജോലി ചെയ്യുന്ന യുവാവ് റഹ്മത്തിനെ വിവാഹം കഴിച്ചു. ഏറെ കഴിയും മുമ്പെ സൗദിയിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ മൗവാസാത് ആശുപത്രിയില്‍ റഹ്മത്തും ശുചീകരണ വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്നു. അവരുടെ കുടുംബ ജീവിതത്തില്‍ കല്ലുകടികളായി. വേര്‍പിരിയാനായിരുന്നു വിധി. ഏറെക്കാലം ആശുപത്രിയില്‍ വിയര്‍പ്പൊഴുക്കിയെങ്കിലും വെറും കയ്യോടെ 2009 ല്‍ നാട്ടിലേക്കു മടങ്ങി.
മടങ്ങിയെത്തിയ റഹ്മത്ത് 2010 ല്‍ ദമ്മാമില്‍ വീട്ടുവേലക്കാരിയായി തിരുവനന്തപുരത്തെ ട്രാവല്‍ റിക്രൂട്ടിംഗ് ഏജന്‍സി വഴി ജോലി സമ്പാദിച്ചു. ഗൃഹനായികയുടെ പേരിലുളള വീട്ടുവേലക്കാരി വിസയിലാണ് സൗദിയിലെത്തിയത്. അവരുടെ മകളുടെ വീടും അടുത്തു തന്നെയായിരുന്നു. 800 റിയാല്‍ ശമ്പളം. ആശുപത്രിയിലെ ജോലി അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാന്‍ പ്രാപ്തയാക്കിയിരുന്നു. അറബികളുടെ ശീലങ്ങളും മറ്റുളളവരോട് ഇടപഴകാനും റഹ്മത്തു മിടുക്കിയായിരുന്നു. മറ്റു രണ്ടു വേലക്കാരികള്‍ കൂടി അവിടെ ഉണ്ടായിരുന്നെങ്കിലും എല്ലാ കാര്യങ്ങളിലും റഹ്മത്തു തന്നെ ചെയ്യുന്നതിലായിരുന്നു ഗൃഹനായികക്കു സംതൃപ്തി. മകള്‍ക്കും ചെറുമക്കള്‍ക്കും എന്തിനും റഹ്മത്തു തന്നെ വേണം. ഒരു നിമിഷം പോലും ഒഴിവില്ലാതെ പതിനാലും പതിനാറും മണിക്കൂര്‍ ജോലി ചെയ്യണം. പതിനെട്ടു മാസം ജോലി ചെയ്ത അവര്‍ ജോലിഭാരം മൂലം മുട്ടുവേദനയുടെയും നടുവേദനയുടെയും പിടിയിലായി. എങ്ങിനെയും നാട്ടിലേക്കു മടങ്ങിയാല്‍ മതിയെന്നു മനസ്സു കൊതിച്ചിരിക്കുമ്പോഴാണ് പുനര്‍ വിവാഹത്തിന് ആലോചന വരുന്നത്.
റിയാദില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം പുളിമാത് താളിക്കുഴി മഞ്ഞപ്പാറ കെ പി ഹൗസില്‍ സഫീര്‍ ഖാന്‍. വിവാഹം ഉറപ്പിച്ചതോടെ നാട്ടില്‍ പോകണമെന്നു നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഗൃഹനായികയും മകളും വിസമ്മതിക്കുകയായിരുന്നു. അവസാനം നിക്കാഹിനു ദിവസം ഉറപ്പിച്ചെന്ന വിവരം ഗൗരവമായി മകനോടു പറഞ്ഞതോടെയാണ് അനുമതി ലഭിച്ചത്. റീ എന്‍ട്രിക്കു ആവശ്യമായ രേഖകള്‍ പാസ്സ്‌പോര്‍ട്ടു വകുപ്പില്‍ സമര്‍പ്പിച്ചു വിസ അടിച്ചു നല്‍കിയത് മകനാണ്. അങ്ങനെയാണ് 2011 നവംബറില്‍ ആറു മാസത്തെ എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ റഹ്മത്തു നാട്ടിലെത്തിയത്.
വിവാഹം 2011 ഡിസംബര്‍ 17 നു നടന്നു. സൗദി അറേബ്യയില്‍ നിന്നു ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിയ സഫീര്‍ കുവൈത്തിലേക്കു ജോലി തരപ്പെടുത്തിയിരുന്നു. സഫീര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ റഹ്മത്തിന് ക്ലീനിംഗ് ജോലി ശരിയായി.
അതിനിടെയാണ് സൗദില്‍ കേസ് വരുന്നത്. സൗദിയിലെ കേസും ഇന്റര്‍പോള്‍ അന്വഷണവും റഹ്മത്തും സഫീറും അറിഞ്ഞിരുന്നില്ല. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു അറിയുന്നതു കുവൈത്തിലേക്കു പുറപ്പെടാന്‍ കൊച്ചി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ്.
എന്നാല്‍ ഇന്ത്യയില്‍ താല്‍ക്കാലികമായി അറസ്റ്റു ചെയ്തു സൗദി അറേബ്യക്കു കൈമാറാന്‍ ഇന്ത്യ സന്നദ്ധമായില്ല. അതിനു പകരം കുവൈത്തിലേക്കു തൊഴില്‍ വിസയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഇതു സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു പറ്റിയ വീഴ്ചയായാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഡിപ്പാര്‍ച്ചര്‍ ഇന്‍ ചാര്‍ജുളള ഡി വൈ എസ് പി ന്യൂദല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്തുളള ഇന്ത്യയിലെ ഇന്റര്‍പോള്‍ കാര്യാലയത്തിന് റഹ്മത്തിനെ സംബന്ധിച്ചു വിവരം കൈമാറി. അവര്‍ റഹ്മത്തിന്റെ നാട്ടിലെ വിലാസം, യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യം, അവിടുത്തെ വിലാസം, യാത്രയുടെ വിശദാംശം, വിസ, പാസ്സ്‌പോര്‍ട്ട് കോപ്പികള്‍ എന്നിവ ശേഖരിച്ചതിനുശേഷം യാത്രാനുമതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ദാന ദര്‍ഖലീ ട്രേഡിംഗ് കമ്പനിയുടെ ക്ലീനിംഗ് ആന്റ് മെയിന്റനന്‍സ് വിഭാഗത്തില്‍ ഓഫീസ് ബോയ് തസ്തികയിലാണ് സഫീറിന് ജോലി. ഇതേ കമ്പനിയില്‍ തന്നെ ക്ലീനറായി റഹ്മത്തിനും ജോലി ലഭിച്ചു. ആദ്യം കുവൈത്തിലേക്കു പോയത് സഫീറാണ്. പിന്നീടാണ് റഹ്മത്തിനു ഭര്‍ത്താവിനോടൊപ്പം ജോലിക്കു ചേരാന്‍ ആവശ്യമായ രേഖകള്‍ ശരിയായത്.
ഇരുവര്‍ക്കും കൂടി മൂന്നു ലക്ഷം രൂപയാണ് വിസക്കു ചിലവായത്. വായ്പ വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചുമാണ് തുക സംഘടിപ്പിച്ചത്. ഇവിടെവെച്ചാണ്് ഇന്റര്‍പോള്‍ അറസ്റ്റുചെയ്തത്.
കുവൈത്തില്‍ കസ്റ്റഡിയിലെടുത്ത ദിവസം മുതല്‍ റഹ്മത്ത് എവിടെയായിരുന്നുവെന്നും എങ്ങോട്ടാണ് കൊണ്ടുപോയതെന്നും സഫീറിനു വിവരം ഇല്ലായിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസി മനുഷ്യത്വ രഹിതമായാണ് പെരുമാറിയതെന്നു സഫീര്‍ പറയുന്നു. ആദ്യം റിയാദ് വനിതാ ജയിലിലെത്തിച്ച റഹ്മത്തിനെ കേസ് പരിഗണിക്കുന്ന ദമ്മാം കോടതിയുടെ പരിധിയിലുളള ഫൈസലിയ ജയിലിലേക്കു മാറ്റുകയായിരുന്നു.
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടപ്പോഴും ഇപ്പോള്‍ തൊഴിലുടമയുടെ പരാതിയുടെ പേരില്‍ അനന്തമായി ജയില്‍ വാസം അനുഭവിക്കുമ്പോഴും അതിനെ സൗദി അറേബ്യയിലെ നിയമ വ്യവസ്ഥക്കുളളില്‍ നിന്നുകൊണ്ട് ചലഞ്ച് ചെയ്യാന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമാണ്. നിരപരാധിയായ ഒരു വനിത തടവില്‍ കഴിയുമ്പോള്‍ അവര്‍ക്കുവേണ്ടി സ്വദേശി അഭിഭാഷകന്റെ സേവനം ഇന്ത്യാ ഗവണ്‍മെന്റ് ലഭ്യമാക്കിയിരുന്നെങ്കില്‍ ഇവര്‍ക്ക് അനന്തമായി തടവില്‍ തുടരേണ്ടി വരുമായിരുന്നില്ല.
സൗദിയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരിക്ക് നിയമ സഹായം നല്‍കാനുളള ബാധ്യത ഇന്ത്യാ ഗവണ്‍മെന്റിനും റിയാദിലെ ഇന്ത്യന്‍ എംബസ്സിക്കുമുണ്ട്. നോര്‍ക്ക, മുഖ്യമന്ത്രി, ഡോ. മന്‍മോഹന്‍ സിംഗ്, നരേന്ദ്ര മോദി സര്‍ക്കാരുകള്‍, എം.പി മാര്‍ എന്നിവരെയെല്ലാം സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് സഫീര്‍ പറയുന്നു.
![]() |
| റഹ്മത്ത് നുസൈഫയും ഭര്‍ത്താവ് സഫീര്‍ഖാനും |
റഹ്മത്ത് തെറ്റുചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ ആവശ്യമായ നിയമ സഹായം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യാ ഗവണ്‍മെന്റും സന്നദ്ധമാവണം. അതിനുളള തുക ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ചിലവഴിക്കണം. കേസ് ശരിയായി പഠിച്ചു സമര്‍ത്ഥനായ സ്വദേശി അഭിഭാഷകനെ നിയോഗിച്ചു അപ്പീല്‍ സമര്‍പ്പിക്കാനോ നിയമ സഹായം നല്‍കാനോ ഇന്ത്യന്‍ എംബസി പരാജയപ്പെട്ടത് പ്രവാസി സമൂഹത്തിന്റെ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.
കടപ്പാട്: സൗദി ടൈംസ് (2015 ജനുവരി)
.
ലേഖനത്തിന്റെ പൂര്‍ണരൂപത്തിന് താഴെ നല്‍കിയ പിഡിഎഫ് വായിക്കാം



No comments:
Post a Comment