.നാദിര്‍ഷ
ലാലിസം പ്രതീക്ഷക്കൊത്ത് ഉയരാത്തതോ മോഹന്‍ലാല്‍ പൈസ വാങ്ങിയതോ എന്തായിരുന്നു വിമര്‍ശകരുടെ പ്രശ്‌നമെന്ന് ഇപ്പോഴും മനസ്സിലായില്ല. എന്തായാലും വിമര്‍ശകര്‍ക്ക് സന്തോഷിക്കാം. എല്ലാ വിമര്‍ശകര്‍ക്കും അഭിമാനിക്കാം, തങ്ങളുടെ ഇടപെടലുകള്‍ക്ക് ഗുണമുണ്ടായി എന്ന്. പത്ര-വാര്‍ത്താ മാധ്യമങ്ങളുടെ ലാല്‍ കൂറിനെതിരെ സോഷ്യല്‍മീഡിയയിലെ വിരലുന്തികളുടെ വിപ്ലവം ജയിച്ചു എന്ന് സ്റ്റാറ്റസിട്ട് കമന്റും ലൈക്കും എണ്ണി ആത്മരസം അനുഭവിക്കാം.
''ലാലിസം അവതരിപ്പിച്ച് തീര്‍ന്ന രാത്രി മുതല്‍, ഇതുവരെ ഉയരുന്ന വിവാദ കോലാഹലങ്ങളും വിമര്‍ശങ്ങളും ഞാന്‍ കണ്ടും കേട്ടും അറിഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ഹര്‍ഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ, സ്‌നേഹശാസനകളിലൂടെ നടനെന്ന നിലയില്‍ പരുവപ്പെട്ട ആളാണ് ഞാന്‍. അതില്‍ നിന്നെല്ലാം വിഭിന്നമായി നിങ്ങളില്‍ ചിലരെങ്കിലും എന്റെ നേര്‍ക്ക് തൊടുത്ത ആരോപണശരങ്ങള്‍, എന്നെ ദു:ഖിപ്പിക്കുന്നു. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കര്‍മ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത്, എന്നെ അഗാധമായി വ്യസനിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും, ഈ പരിപാടിക്കായി നിറഞ്ഞ മനസ്സോടെ ഞാന്‍ ചെലവിട്ട അധ്വാനത്തെയും എന്റെ ആത്മാര്‍ത്ഥതയെയും നിസ്സാരവത്കരിക്കുന്നവരോട്, ഞാന്‍ സര്‍ക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല. പക്ഷേ, എന്നെ എന്നും സ്‌നേഹ വാല്‍സല്യങ്ങള്‍ക്കൊണ്ട് മൂടിയിട്ടുള്ള എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് എന്നെപ്പറ്റി പ്രേക്ഷകരുടെയുള്ളില്‍ സംശയത്തിന്റെ ലാഞ്ചനപോലും ഉണ്ടാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി വലിച്ചിഴയ്‌ക്കേണ്ടതില്ല.
സര്‍ക്കാരില്‍ നിന്നും ഞാന്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും 1,63,77,600 (ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി അറുന്നൂറ്) രൂപ ഞാന്‍ സര്‍ക്കാരിലേക്ക് തിരച്ചടയ്ക്കുന്നു. ഇതോടെ ഇതുസംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും തീരട്ടെ.''
മോഹന്‍ലാല്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ വരികളാണിത്.
മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച പരിപാടി വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ സര്‍ക്കാറില്‍ നിന്നും വാങ്ങിയ പണം മുഴുവനായി തിരിച്ചുനല്‍കാന്‍ തയ്യാറായിരിക്കുന്നത്.
വിമര്‍ശനങ്ങളുമായി ചാനല്‍ക്യാമറക്കു മുന്നില്‍ മേക്കപ്പിട്ട് ചിരിച്ചവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വിപ്ലവം നടത്തിയവര്‍ക്കും സ്വപ്നത്തില്‍ പോലും ചെയ്യാനാവാത്ത ഒരു ധീരകര്‍മമാണ് എന്തായാലും മോഹന്‍ലാല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസറ്റിടുന്നതുപോലെയെ ചാനല്‍ ക്യാമറക്കുമുമ്പില്‍ പല്ലിളിക്കുന്നതുപോലെയോ എളുപ്പമല്ലിത്.
സത്യത്തില്‍ ദേശീയ ഗെയിമിന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയത് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ലാലിസം ആയിരുന്നില്ല. ആ ഷോ ലാലിസം എന്ന പേരില്‍ രൂപപ്പെടുത്തിയ ആശയമായിരുന്നില്ല. ദേശീയ ഗെയിംസിനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതായിരുന്നു. അതിന്റെ ഒരു ആസൂത്രണപ്പിഴവാണ് ആ പരിപാടിക്ക് സംഭവിച്ചത്.
പത്ര, മാധ്യമങ്ങള്‍ക്കെതിരെ വാളെടുക്കുന്നവര്‍ മനസ്സിലാക്കുക, ലാലിസം അരങ്ങേറും മുന്‍പ് വാര്‍ത്ത തയ്യാറാക്കി അയക്കേണ്ടി വന്നിട്ടുണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്ക്, മോഹന്‍ലാലിന്റെ പരിപാടിയല്ലേ മോശമാവില്ലെന്ന് റിപ്പോര്‍ട്ടര്‍ക്ക് തോന്നിക്കാണും. പരിപാടി അവസാനിക്കും മുന്‍പ് പത്രം അച്ചടിച്ചുകഴിഞ്ഞിരുന്നു. സോഷ്യല്‍മീഡിയക്കാരുടെ വമ്പത്തരം നിര്‍ത്തണ്ട. ഒരു ഇന്റര്‍നെറ്റ് കണക്ഷനും സോഷ്യല്‍ മീഡിയ എക്കൗണ്ടുമുണ്ടെങ്കില്‍ എന്തും എഴുതാം. എന്തും പറയാം. അതുപോലല്ല, ഒരു പത്രമിറക്കുക എന്നത്, ഒരു ചാനല്‍ നടത്തുക എന്നത്, ഒരു പരിപാടി നടത്തുക എന്നത്.
കഥയോ കവിതയോ എഴുതി പരാജയപ്പെടുമ്പോഴാണ് അയാള്‍ നിരൂപകനാവുന്നത് എന്നൊരു ചൊല്ലുണ്ട്. വിമര്‍ശകരെക്കുറിച്ചും അതേ പറയാനുള്ളു.
ലാലിസത്തേക്കാല്‍ നല്ലത് എ ആര്‍ റഹ്മാന്റെയും സംഘത്തിന്റെയും പരിപാടി തന്നെയായിരുന്നു എന്ന് പറയുന്നത് കേട്ടാല്‍ തോന്നും റഹ്മാന്‍ അഞ്ചുപൈസ വാങ്ങാതെയാണ് പരിപാടി അവരിപ്പിക്കാമെന്ന് പറഞ്ഞതെന്ന്.
മോഹന്‍ലാല്‍ വ്യക്തിപരമായി പ്രതിഫലം വാങ്ങിയിട്ടില്ല. വരവു ചെലവു കണക്കുകള്‍ മോഹന്‍ലാല്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കലാകാരന്‍മാരുടെ അധ്വാനത്തിന് യാതൊരു വിലയുമില്ലെന്നത് കേരളീയ ഉത്ബുദ്ധ സമൂഹത്തിന്റെ നിലപാടിനെതിരെ എന്തേ ആരും രംഗത്ത് വരുന്നില്ല. കോടികള്‍ പൊടിപൊടിച്ച് നടത്തുന്ന കായിക മാമാങ്കത്തില്‍ അനാവശ്യമായി എത്ര കോടികളാണ് എത്രപേരാണ് സ്വന്തം എക്കൗണ്ടിലേക്ക് മറിച്ചിട്ടുള്ളത്. കലാകാരന്‍ എന്നും സാമൂഹിക പ്രതിബദ്ധത കാക്കണം. അവന്‍ അവന്റെ അധ്വാനത്തിന് കൂലി പറയാന്‍ പാടില്ല. ഇതെവിടുത്തെ ന്യായമാണ്.
ഈ വിമര്‍ശകര്‍ക്കൊന്നും സാമൂഹിക പ്രതിബദ്ധത ആവശ്യമില്ല. അവര്‍ക്ക് ചെയ്യുന്ന ജോലിക്ക് കണക്കുപറഞ്ഞും കണക്കില്‍ പെടാതെയും കൂലി വാങ്ങാം, കൈക്കൂലി വാങ്ങാം.. എന്തുമാവാം.
മോഹന്‍ലാലിനോട് ഒരഭ്യര്‍ത്ഥനയുണ്ട്, താങ്കളുടെ തീരുമാനം പുനപ്പരിശോധിക്കണം. സര്‍ക്കാറിന് പണം തിരിച്ചുകൊടുക്കരുത്.
മോഹന്‍ലാല്‍ തിരിച്ചുതരാന്‍ തയ്യാറായ പണം സര്‍ക്കാര്‍ തിരിച്ചുവാങ്ങരുത്. കാരണം ഇവിടെ സര്‍ക്കാരും തെറ്റു ലിസ്റ്റിലാണ്. ലാലിസത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് സര്‍ക്കാര്‍ ലാലിന് പൈസ കൊടുത്തത്. അതുകൊണ്ട് ലാലിനെയും ലാലിസത്തെയും വെറുതെ വിടണം.
അതെ, ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി വലിച്ചിഴയ്‌ക്കേണ്ടതില്ല എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ ഇനിയെങ്കിലും വിമര്‍ശകര്‍ മുഖവിലക്കെടുക്കുമോ. എവിടെ, മറ്റൊരു ചൂടുള്ള വിഷയം കിട്ടുന്നതുവരെ നമുക്കിത് തിരിച്ചും മറിച്ചും സ്റ്റാറ്റസിട്ടുകളിക്കാം അല്ലേ.... ലൈക്കും കമന്റും എണ്ണിയെണ്ണി കസേരവിപ്ലവത്തിന് ഇങ്കുലാബ് വിളിക്കാം...
.


ഞാൻ ഇതുവരെ പല സംഗീതപരിപാടികളും സ്റ്റേജ് ഷോകളും കണ്ടിരുന്നത് സ്റ്റേജിൽ നിൽക്കുന്ന കലാകാരന്മാർ അവരുടെ കഴിവ് നേരിട്ട് സ്റ്റേജിൽ അവതരിപ്പിക്കുന്നു എന്ന ധാരണയിൽ ആണ്. ഗാനമേളകളിൽ ഗായകർ സ്റ്റേജിൽ നേരിട്ട് പാടുന്നു, സംഗീതഉപകരണങ്ങൾ ലൈവ് ആയിത്തന്നെ പ്ലെചെയ്യപ്പെടുന്നു എന്നെല്ലാമായിരുന്നു ഇതുവരെ ധാരണ. പക്ഷെ കാണികളെ വഞ്ചീക്കുന്ന പരിപാടിയാണ് അവിടെ നടന്നതെന്ന മനസിലാക്കലാണ് ഏറ്റവും ദുഃഖകരം. ഹരിഹരനും, സുജാതയും, ഉദിത് നാരായണനും എല്ലാം ഇങ്ങനെ കാണികളെ പറ്റിക്കുകയായിരുന്നോ?
ReplyDeleteഇതിലെ പ്രധാന പ്രശ്നം ഇവിടെ പറയുന്നതൊന്നുമല്ല. മോഹന്‍ ലാല്‍ ഒരു നടനാണ്. ഗായകനല്ല. വല്ലപ്പോഴും ഒരു പാട്ടൊക്കെ പാടിയല്‍ പ്രേക്ഷകര്‍ അതിനു കയ്യടിക്കും. പക്ഷെ ഗായകനായി പരകായ പ്രവേശം ചെയ്താല്‍ ആളുകള്‍ കൂവും. അത് മനസിലാക്കേണ്ടത് ലാലാണ്. അതാണിവിടത്തെ പ്രധാന പ്രശ്നം.
ReplyDeleteസ്റ്റുഡിയോയില്‍ വച്ച് റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ കേള്‍പ്പിച്ച് ചുണ്ടനക്കി കോമാളിക്കളി കളിച്ചത് രണ്ടാമത്തെ പ്രശ്നം. മുഖ്യ ധാരാ മാദ്ധ്യമങ്ങള്‍ മോഹന്‍ ലാലിനു വേണ്ടി കുഴലൂത്ത് നടത്തിയത് മറ്റൊരു പ്രശ്നം. ഒരു മാദ്ധ്യമത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ. "മലയാളത്തിന്റെ മഹാനടൻ അവതരിപ്പിച്ച ലാലിസം ദൃശ്യവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. ആരവങ്ങളുടെ സാഗരമായി കിളിക്കൂട്.. ലാലിസത്തിന്റെ പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ കൈക്കുടന്ന നിവർത്തി നില്ക്കുകയായിരുന്നു കാണികൾ.". യഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലുമില്ലാത്ത ഈ സ്തുതിപ്പ് "വിരലുന്തികള്‍ "ഇല്ലാതിരുന്നെങ്കില്‍ മുഴുവന്‍ മലയാളികളും വിശ്വസിക്കുമായിരുന്നു.
മോഹന്‍ ലാല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കണക്കു പ്രകാരം ഹോളോഗ്രാം പ്രോഡക്ഷൻ എന്ന ഇനത്തിൽ അറുപതു ലക്ഷം രൂപ എഴുതി ചേര്‍ത്തിട്ടൂണ്ട്. ലാലിസം എന്ന ഉഡായിപ്പിന്റെ ഹോളോഗ്രാം ഇതു വരെ തയ്യാറായിട്ടില്ല എന്നതാണു സത്യം. അപ്പോള്‍ മോഹന്‍ ലാല്‍ കള്ളക്കണക്കെഴുതി പണം പിടുങ്ങി എന്നല്ലേ തെളിയുന്നത്. ഇതേക്കുറിച്ചൊക്കെ ഒരന്വേഷണം വന്നാല്‍ ശിക്ഷ കിട്ടാനുള്ള സാധ്യത പോലുമുണ്ട്. അതൊക്കെ മുന്‍ കൂട്ടി കണ്ടാണ്, പണം തിരികെ കൊടുത്ത് തടിയൂരാന്‍ നോക്കിയതും. അല്ലാതെ മാന്യത കൊണ്ടല്ല.
ചെയ്ത ജോലിക്ക് കൂലി മേടിക്കുന്നതില്‍ ഒരു മാന്യതക്കുറവുമില്ല. ഏത് കൂതറ സിനിമയില്‍ അഭിനയിച്ചാലും ഭാരിച്ച പ്രതിഫലം മേടിക്കുന്ന മോഹന്‍ ലാല്‍ ഈ പരിപാടി അവതരിപ്പിച്ചതിനു പ്രതിഫലം മേടിക്കുന്നതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. തിരികെ കൊടുത്തപ്പോള്‍ ആരോപണങ്ങളൊക്കെ സത്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു എന്നാണു തെളിയിക്കുന്നത്. മടിയില്‍ കനമുണ്ടെങ്കിലേ വഴിയില്‍ പേടിക്കേണ്ട ആവശ്യമുള്ളു.
പണം സര്‍ക്കാരിനു വേണ്ട എന്നാണിപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇനി ലാല്‍ എന്തു ചെയ്യുമോ ആവോ. കാത്തിരുന്നു കാണാം.
ഇത് മോഹന്‍ ലാലിന്റെ അഹന്തക്കു കിട്ടിയ അടിയാണ്. എന്തു കോപ്രായവും എല്ലാവരും സഹിച്ചോളും എന്ന അഹന്തക്ക് കിട്ടിയ അടി. തിലകന്‍ എന്ന നടന്റെ ജീവിത മാര്‍ഗ്ഗം മുട്ടിച്ചതിനു കിട്ടിയ ശിക്ഷ ആണിത്. ലാലിനൊപ്പം തിലകനെ ഒതുക്കാന്‍ നടന്ന ഗണേശ കുമാരനും ഇന്നസന്റിനും കാലം കൊടുത്ത അടികള്‍ കൂടെ ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്നു മാത്രം പറയട്ടെ.