.കെ എസ് മിനി
ടെറസില്‍ കൃഷിചെയ്യുന്ന രീതി ഇന്ന് വ്യാപകമാണല്ലോ. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാനാവും. തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിക്ക് യോജിച്ചതല്ല. ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ട് വളക്കൂറ് കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന സമയമാണ് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലത്.
കേരളത്തില്‍ ഓണക്കാലം കഴിഞ്ഞ് കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണ് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം.
കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിന് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലത്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകിരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.
കൃഷിക്കുവേണ്ട പ്രതലം
തയ്യാറാക്കുന്നതെങ്ങനെ?
നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. സിമന്റ്ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവ യോജിപ്പിച്ച മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.
പച്ചക്കറി വിത്തുകള്‍
നടേണ്ടതെങ്ങനെ?
പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം. ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം നടാം. ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.
നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതി. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി സ്‌പ്രേ ചെയ്ത് നനക്കണം.
ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.
ഇങ്ങനെ മുളപ്പിച്ച, വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
നനക്കാന്‍ മറക്കല്ലേ
ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ലാ ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ നനക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മറക്കരുത്. എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
വളപ്രയോഗം
വിറക് കത്തിച്ച ചാരം പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്..
ഫോട്ടോകള്‍ക്ക് കടപ്പാട്:
http://ml.wikipedia.org/
ABOUT THE AUTHOR.........................................................................................................
കെ.എസ് മിനി
കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ സ്വദേശി. സ്‌കൂള്‍ അധ്യാപികയായിരുന്നു. ഇന്റര്‍നെറ്റിലും ആനുകാലികങ്ങളിലും കഥകളും ലേഖനങ്ങളും നര്‍മങ്ങളും എഴുതുന്നു. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുണ്ട്. ബ്ലോഗിലും ഫെയ്‌സ് ബുക്കിലും വിക്കിപീഡിയ യിലും സജീവമാണ്.
അടുക്കളത്തോട്ടവും ടെറസ്‌കൃഷിയും നടത്തുന്നു. 'ടെറസ്സിലെ കൃഷിപാഠങ്ങള്‍'’ എന്ന പുസ്തകം സീയെല്ലെസ് ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.
(http://mini-minilokam.blogspot.in/)
കെ.എസ് മിനിയുടെ ‘'ടെറസ്സിലെ കൃഷിപാഠങ്ങള്‍'’ എന്ന പുസ്തകം വി.പി.പി ആയി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്‍കോഡ് സഹിതം വിലാസവും ഫോണ്‍ നമ്പറും’ Souminik@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ Facebook ല്‍ Ks Mini യുടെ പേജില്‍ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് അയക്കുകയോ ചെയ്യുക.
വി.പി.പി ചാര്‍ജ് അടക്കം 80 (60+23) രൂപയാണ് വില.





.jpg)
വളരെ സന്തോഷം നന്നായിരിക്കുന്നു,,,,
ReplyDelete