നാടന്‍പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് മണ്ണില്‍ പൊന്നുവിളയിക്കുന്ന സൂത്രമാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാത്ത ആത്മീയ കൃഷി. അത്യുത്പാദനശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനിയുമില്ലാതെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള ചെപ്പടിവിദ്യ. ചെലവില്ലാ ആത്മീയ കൃഷിക്ക് കേരളത്തിലും പ്രിയമേറുന്നു.
മഹാരാഷ്ട്രയിലെ വിദര്‍‘ജില്ലയില്‍ ബെലോറ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തിലാണ് 1949ല്‍ സുഭാഷ് പലേക്കര്‍ ജനിച്ചത്. കര്‍ഷക കുടുംബം. പട്ടണത്തിലെ കോളേജില്‍ പോയി കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത് ഗ്രാമത്തില്‍ തിരിച്ചെത്തിയ സുഭാഷ് അച്ഛനോടൊപ്പം കൃഷിയില്‍ കൂടി. പരമ്പരാഗതകൃഷിയില്‍നിന്ന് മാറി, കോളേജില്‍ താന്‍ പഠിച്ച കൃഷിപാഠങ്ങള്‍ പരീക്ഷിക്കാന്‍ മുതിര്‍ന്നപ്പോള്‍ അച്ഛന്‍ എതിര്‍ത്തു. പരമ്പരാഗതകൃഷിയില്‍നിന്ന് മാറാന്‍ അച്ഛന്‍ തയ്യാറായിരുന്നില്ല. രാസവളം കൃഷിയെ നശിപ്പിക്കുമെന്നായിരുന്നു അച്ഛന്റെ നിലപാട്. അന്ന് വന്‍കിട കര്‍ഷകര്‍ മാത്രമേ രാസവളം പ്രയോഗിച്ചു തുടങ്ങിയിട്ടുള്ളു. താന്‍ പഠിച്ച സിദ്ധാന്തങ്ങള്‍ ബോധ്യപ്പെടുത്താന്‍ സുഭാഷ് അച്ഛനുമായി സംവാദം തുടര്‍ന്നു. ഒടുവില്‍ അച്ഛന്‍ കീഴടങ്ങി. ഹൈബ്രിഡ് വിത്തുകളും രാസവളവും കീടനാശിനികളും പ്രയോഗിച്ചപ്പോള്‍ നല്ല വിള കിട്ടി. 1973 മുതല്‍ 1985 വരെ കൃഷിയില്‍നിന്ന് നല്ല വിളവ് ലഭിച്ചു. 1985നുശേഷം പാടം പണ്ടേ പോലെ ഫലം തരുന്നില്ലെന്ന് സുഭാഷിന് തോന്നി. പിന്നീട് ഓരോ വര്‍ഷവും വിളവ് കുറഞ്ഞുവന്നു. ചെലവു കൂടി.
ഉത്പാദനം നന്നേ കുറഞ്ഞപ്പോള്‍ താന്‍ പഠിച്ച കൃഷിപാഠങ്ങളില്‍ പലേക്കറിന് ആദ്യമായി സംശയം തോന്നി. രാസകൃഷിയുടെ സിദ്ധാന്തത്തില്‍ പിഴവുകളുണ്ടോ? ആ സിദ്ധാന്തവും ടെക്‌നോളജിയും ശരിയാണെങ്കില്‍ കൃഷിയിടത്തില്‍ വിളവ് കുറയാന്‍ പാടുണ്ടോ?
അദ്ദേഹം പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. ഉലമാലിയെ പോയികണ്ടു. സുഭാഷ് പഠിച്ച കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. ഹൈബ്രിഡ് വിത്തും രാസവളവും കീടനാശിനിയുമൊക്കെ ഇനിയും കൂടുതല്‍ പ്രയോഗിക്കണമെന്നാണ് ഉലമാലി പരിഹാരമായി നിര്‍ദേശിച്ചത്. അതൊരു പരിഹാരമായി സുഭാഷിന് തോന്നിയില്ല. ഒരു ബദല്‍ ടെക്‌നോളജിയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് സുഭാഷിന് തോന്നി.
സുഭാഷ് കാടിനെക്കുറിച്ച് ചിന്തിച്ചു. ആദിവാസികളുടെ ജീവിതരീതിയില്‍ കാടിന്റെ പരിസ്ഥിതി സംവിധാനത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ അദ്ദേഹം നേരത്തെ ഗവേഷണം നടത്തിയിട്ടുണ്ട്. മനുഷ്യന്റെ സഹായമില്ലാതെ കാട്ടില്‍ മരങ്ങള്‍ വളരുന്നു. മാവും പുളിയും പോലുള്ള മരങ്ങള്‍ നല്ല ഫലം തരുന്നു. ക്ഷാമകാലത്തുപോലും വിളവില്‍ കുറവുണ്ടാകുന്നില്ല. കാട്ടിലെ മരങ്ങളുടെ വളര്‍ച്ചക്ക് പിന്നിലെ രഹസ്യം കണ്ടെത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നീടുള്ള കുറെ വര്‍ഷങ്ങള്‍ സുഭാഷ് കാട്ടിലായിരുന്നു. നിരന്തരം അദ്ദേഹം കാടുകള്‍ കയറി. മരങ്ങള്‍ക്ക് ചുവട്ടിലെ മണ്ണെടുത്തു. മരമില്ലാത്ത സ്ഥലത്തെ മണ്ണെടുത്തു. ഓരോ മരത്തിനു ചുവട്ടിലുമുണ്ടായിരുന്ന മൃഗങ്ങളുടെ കാട്ടത്തിന്റെ സാമ്പിളുകള്‍ എടുത്തു. ലബോറട്ടറികളില്‍ കൊണ്ടുപോയി പരിശോധിച്ചു. മണ്ണും മരവുമായി ബന്ധപ്പെട്ട് കിട്ടാവുന്ന ശാസ്ത്രഗ്രന്ഥങ്ങള്‍ മുഴുവന്‍ വായിച്ചു. ഈ പുസ്തകങ്ങളിലൊന്നും സുഭാഷിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
പുസ്തകങ്ങളില്‍ പറയുന്നതൊക്കെ പ്രകൃതിവിരുദ്ധമായ കാര്യങ്ങളാണെന്ന് അദ്ദേഹത്തിന് തോന്നി.
മനുഷ്യന്റെ സഹായമോ സാന്നിധ്യമോ ഇല്ലാതെ കാട്ടിലെ മരങ്ങളില്‍ നിന്ന് ഇത്രയേറെ കായ്കനികള്‍ കിട്ടുന്നുണ്ടെങ്കില്‍ പ്രകൃതിയില്‍ അതിന് അനുഗുണമായ ഏതോ സംവിധാനം ഉണ്ട്. മരങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും അതിലടങ്ങിയിട്ടുണ്ടാകും. എന്താണ് ഈ പ്രകൃതി സംവിധാനം എന്നു കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പിന്നീട്.’നീണ്ട വര്‍ഷങ്ങളുടെ ഗവേഷണത്തില്‍ അദ്ദേഹം പ്രകൃതിയിലെ സത്യങ്ങള്‍ കണ്ടെത്തി.
കാട്ടില്‍ ചെടികള്‍ സ്വയം മുളയ്ക്കുന്നതും വളരുന്നതും എങ്ങനെയെന്ന് കണ്ടെത്തിയതോടെ ആ സിദ്ധാന്തം അദ്ദേഹം സ്വന്തം കൃഷിസ്ഥലത്ത് പ്രയോഗിക്കാന്‍ തുടങ്ങി. ആറ് വര്‍ഷം കൊണ്ട് 154 പ്രൊജക്ടുകളാണ് സുഭാഷ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ 40 ലക്ഷം കര്‍ഷകര്‍ സീറോ ബജറ്റ് കൃഷിരീതി അവലംബിച്ച് കൃഷിചെയ്യുന്നുണ്ടെന്ന് പലേക്കര്‍ പറയുന്നു. ഫിലിപ്പീന്‍സ്, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, കംപോഡിയ, തായ്‌ലന്‍ഡ്, മെക്‌സിക്കോ, ചിലി, പെറു, ഉഗാണ്ട, ടാന്‍സാനിയ, മൊസാംബിക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൃഷിയുടെ പലേക്കര്‍ മാതൃക പ്രചാരത്തിലുണ്ട്.
'ജൈവകൃഷിയും ഇന്ത്യന്‍ ഫിലോസഫിയല്ല. അത് ഇന്ത്യന്‍ ടെക്‌നോളജിയല്ല. വിദേശ ടെക്‌നോളജിയാണ്. രാസകൃഷിയേക്കാള്‍ അപകടമാണ് ജൈവകൃഷി. ജൈവകൃഷിയില്‍ നിക്ഷേപ ചെലവ് രാസകൃഷിയുടേതിനേക്കാള്‍ നാലിരട്ടിയാണ്. കര്‍ഷകരെ കൂടുതലായി ചൂഷണം ചെയ്യുന്ന രീതിയാണ് ജൈവകൃഷിയിലുള്ളത്. മണ്ണിലുള്ള ജീര്‍ണിച്ച ജൈവാംശത്തില്‍ നിന്നാണ് ഏതൊരു സസ്യത്തിന്റേയും വേര് പോഷകം വലിച്ചെടുക്കുന്നത്. ഈ ജൈവാംശമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നു പറയുന്നത്. ജൈവാംശം കൂടുന്നത് അനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂടും. ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങളും മരങ്ങളില്‍നിന്നു വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചാണ് ഈ ജൈവാംശം രൂപപ്പെടുന്നത്. മണ്ണിര കമ്പോസ്റ്റ് ഇന്ത്യന്‍ ടെക്‌നോളജിയല്ല. ഈ ടെക്‌നോളജിയില്‍ വരുന്ന മണ്ണിര മണ്ണ് തിന്നുന്നില്ല. മണ്ണു തിന്നുന്നതാണ് മണ്ണിര.'
സുഭാഷ് പലേക്കര്‍ പറയുന്നു.
'മണ്ണില്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ഉണ്ടെങ്കിലും സസ്യങ്ങളുടെ വേരുകള്‍ക്ക് അത് നേരിട്ട് വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സസ്യങ്ങളെ അതിന് പ്രാപ്തമാക്കുന്നത് വേരുകള്‍ക്ക് ചുറ്റും പ്രവര്‍ത്തുന്ന സൂക്ഷ്മ ജീവികളാണെന്ന് ഞാന്‍ കണ്ടെത്തി.
കാട്ടിലെ പഠനങ്ങളില്‍ നിന്ന് ഞാന്‍ നമ്മുടെ സര്‍വകലാശാലകള്‍ പ്രചരിപ്പിക്കുന്ന വലിയ നുണകളുടെ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം പഞ്ചഭൂതങ്ങളില്‍ നിന്ന് ലഭിക്കുന്നുവെന്നതാണ് സത്യം. സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടതെല്ലാം അവയുടെ വേരിന്റെ അടുത്തുനിന്നുതന്നെ കിട്ടുന്നു. നമ്മുടെ മണ്ണ് എല്ലാ മൂലകങ്ങളാലും സമൃദ്ധമാണ്. ഒരു സസ്യം വളരാന്‍ ആവശ്യമായ മൂലകങ്ങളുടെ 1.5 ശതമാനം മാത്രമേ മണ്ണില്‍ നിന്ന് എടുക്കുന്നുള്ളു. ബാക്കി 98.5 ശതമാനം വായുവില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. പിന്നെ എന്തിനാണ് സസ്യം വളരാന്‍ പുറത്തുനിന്ന് വളം പ്രയോഗിക്കുന്നത്?'
കര്‍ഷകന് സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റ് സഹായങ്ങളും ആവശ്യമില്ല. ഈ ബോധ്യമാണ് ആദ്യം കര്‍ഷകനുണ്ടാകേണ്ടത്. ആ അഭിമാന ബോധമുണ്ടെങ്കില്‍ കര്‍ഷകന്‍ ഒരിക്കലും ആത്മഹത്യയിലേക്ക് എത്തില്ല. ഹരിതവിപ്ലവമാണ് കര്‍ഷകനെ ബാങ്കുകളുടെ അടിമയാക്കിയത്. കൃഷിക്ക് ചെലവു കൂടിയപ്പോള്‍ അവന് ബാങ്കുകള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. പ്രതീക്ഷിച്ച വിള കിട്ടാതാകുമ്പോള്‍ അവന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നു. ബാങ്കുകള്‍ അവനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. സീറോബജറ്റ് കൃഷിരീതിയില്‍ കര്‍ഷകന് പുറമെനിന്ന് ഒന്നും വാങ്ങേണ്ടതില്ല. അതുകൊണ്ടുതന്നെ കൃഷിയില്‍നിന്ന് എന്തുകിട്ടിയാലും ലാഭമാണ്.
കര്‍ഷകരുടെ ജീവിതത്തിന് പുതിയ വെളിച്ചം പകരാന്‍ ഈ രീതി ഉപകരിക്കുമെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സീറോബജറ്റ് കൃഷിരീതി അവലംബിക്കുന്നവര്‍ക്ക് നാടന്‍വിത്തുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേക സംവിധാനമുണ്ട്. പ്രാദേശികമായി വിത്തുകള്‍ ശേഖരിച്ച് പരസ്പരം വിതരണം ചെയ്യാന്‍ കര്‍ഷകസംഘങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയ സംവിധാനമാണിത്..
കാടു പഠിപ്പിച്ച പാഠങ്ങള്‍
കാട് പഠിപ്പിച്ച പാഠങ്ങള്‍ ഞാന്‍ നാട്ടില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചു. നമ്മുടെ കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠത നശിച്ചു. സസ്യങ്ങള്‍ക്ക് പോഷകമൂലകങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സൂക്ഷ്മജീവികള്‍ ഇല്ലാതായതാണ് കാരണം. ഹരിതവിപ്ലവം ചതിച്ച ചതിയാണ് അത്. രാസവളങ്ങളും കീടനാശിനികളും കളനാശിനികളും ട്രാക്ടറുകളും ഉപയോഗിച്ചും പതിറ്റാണ്ടുകളോളം നടത്തിയ കൃഷിരീതി നമ്മുടെ മണ്ണിനെ നശിപ്പിക്കുകയായിരുന്നു.
നാടന്‍ പശുവിന്റെ ചാണകം ഉപയോഗിച്ച് നമുക്ക് നഷ്ടമായ കോടാനുകോടി സൂക്ഷ്മാണുക്കളെ മണ്ണിലേക്ക് കടത്തിവിടാന്‍ സാധിക്കും. മണ്ണ് അങ്ങനെ വീണ്ടും നമുക്ക് ഫലഭൂയിഷ്ഠമാക്കാം. ഇന്ത്യയിലെ നാടന്‍ പശുക്കളുടെ ചാണകത്തില്‍ മാത്രമാണ് ഈ രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളത്. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ 300 മുതല്‍ 500 കോടി വരെ സൂക്ഷ്മാണു ജീവികളാണുള്ളത്. മണ്ണിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ ചാണകം മതി.
അതത് പ്രദേശത്തുള്ള കന്നുകാലികളാണ് ഏറ്റവും ഗുണം. അന്യനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത് വളര്‍ത്തുന്ന ജഴ്‌സിയും ഹോള്‍സ്റ്റിയന്‍ ഫ്രീഷ്യനും ഇന്ത്യന്‍ മണ്ണിന് യോജിച്ചതല്ലെന്ന് മാത്രമല്ല, ദോഷകരവുമാണ്.
കപില എന്ന കറുത്ത പശുവിന്റെ ചാണകവും മൂത്രവും ഏറ്റവും നല്ലതും ഏറെ ഔഷധ ഗുണമുള്ളതുമാണ്. പുതിയ ചാണകമാകുന്നതാണ് ഉത്തമം. മൂത്രം എത്ര പഴക്കമുള്ളതാണോ അത്രയും നല്ലത്.
ഒരു പശുവിന്റെ ചാണകംകൊണ്ട് 30 ഏക്കര്‍ കൃഷി ചെയ്യാന്‍ സാധിക്കും. ഒരു ഏക്കര്‍ കൃഷി ചെയ്യാന്‍ ഒരു മാസത്തേക്ക് പത്തുകിലോ ചാണകം മതിയെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഒരു നാടന്‍ പശു ഒരു ദിവസം 11 കിലോ ചാണകമിടും. നാടന്‍ കാള 13 കിലോയും എരുമ 15 കിലോയും ചാണകമിടും. ഇത് ഏകദേശ കണക്കാണ്.
നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഒപ്പം മധുരമുള്ള നാടന്‍ശര്‍ക്കര, തേന്‍, കരിമ്പിന്‍ നീര്, പനഞ്ചക്കര എന്നിവയില്‍ ഏതെങ്കിലും ഒന്നും ഉപയോഗിച്ച് വിവിധ വിളകളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അദ്ഭുതകരമായ ഫലമാണ് ലഭിച്ചത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ ഉണ്ടായിരുന്ന പക്ഷിമൃഗാദികളുടെ വിസര്‍ജ്യവസ്തുക്കള്‍ക്കും മൂത്രത്തിനും പകരമാണ് നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചത്. സൂക്ഷ്മാണുക്കളുടെ വളര്‍ച്ചക്കായി വേരുകള്‍ ഉത്പാദിപ്പിക്കുന്ന മധുരമുള്ള ഭക്ഷണത്തിന് പകരം നാടന്‍ ശര്‍ക്കര ചേര്‍ത്തു. മരങ്ങളുടെ ചുവട്ടിലുള്ള ഇരട്ടപ്പരിപ്പ് സസ്യങ്ങള്‍ക്കുപകരം പയറുവര്‍ഗ വിളകളുടെ മാവ് ഉപയോഗിച്ചു. നിരന്തരമായ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആ ചേരുവക്ക് ജീവാമൃതം എന്ന് പേരിട്ടു.
ജീവാമൃതം ഉപയോഗിച്ചുണ്ടാക്കുന്ന വിളകളെ കീടങ്ങള്‍ ഉപദ്രവിക്കില്ല. ജീവാമൃതത്തിന് നല്ല മണമാണ്. പതിനഞ്ച് അടി താഴെവരെ എത്തുന്ന ഈ മണം നാടന്‍ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് ക്ഷണിച്ചു വരുത്തും. സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകമൂലകങ്ങള്‍ വേരുപടലങ്ങളിലേക്ക് എത്തുന്നത് അങ്ങനെയാണ്. നമ്മുടെ കൃഷിയിടത്തില്‍ കാണുന്ന മണ്ണിരകള്‍ക്ക് മാത്രമേ ഈ ഗുണമുള്ളൂ. വിദേശ മണ്ണിരകള്‍ക്ക് ഈ സ്വഭാവമില്ല. അവ മണ്ണ് ഭക്ഷിക്കില്ല. താഴേക്കും മുകളിലേക്കും സഞ്ചരിച്ച് മണ്ണ് ഉഴുകയില്ല. വിദേശ മണ്ണിരകള്‍ ചവറുകള്‍ തിന്ന് വിസര്‍ജ്യം പുറത്തുതള്ളുകയാണ് ചെയ്യുന്നത്.
വിളകള്‍ക്കിടയില്‍ കാണുന്ന കളകളെ പറിച്ച് പുതയിടാന്‍ ഉപയോഗിക്കാവുന്നതാണ്. അവ ഉണങ്ങി പൊടിഞ്ഞ് മണ്ണില്‍ചേര്‍ന്ന് അവയിലടങ്ങിയ പോഷക മൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് നല്‍കും. സീറോ ബജറ്റ് കൃഷിരീതിയില്‍ കള കളയല്ല, വളമാണ്..
.




No comments:
Post a Comment