ആശ്രമ ഗുണ്ടകള്‍



.എമ്മാര്‍

ല്ലാ ആള്‍ദൈവങ്ങളുടെയും പിന്നാമ്പുറ കഥകള്‍             ഒന്നുതന്നെയാണ്. തട്ടിപ്പുകള്‍, സാമ്പത്തിക-ലൈംഗിക ചൂഷണം, സര്‍ക്കാറിനെ വെട്ടിച്ചു കൊണ്ടുള്ള ഭൂഇടപാടുകള്‍,ഗുണ്ടായിസം, കൊലപാതകം... ബാബ രാംപാല്‍ ഒരു പടി കൂടി മുന്നോട്ടുവെച്ച് നിയമത്തെയും കോടതികളെയും കബളിപ്പിച്ചു സ്വന്തം നിയമം നടപ്പാക്കി വരികയായിരുന്നു. ഏതൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെയും തോല്‍പ്പിച്ചു കളയുന്നതാണ് രാംപാലിന്റെ കഥ. 

ബാബാ രാംപാല്‍ ആണിപ്പോള്‍ താരം. ആശാറാം ബാപ്പുവിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ആള്‍ദൈവം. കൊലപാതക കേസില്‍ അറസ്റ്റിലായ രാംപാലിനെ കോടതി റിമാന്റ് ചെയ്തിരിക്കുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇയാളെ റിമാന്റ് ചെയ്തിരിക്കുന്നത്. രാംപാലിനെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘട്ടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടത് വമ്പിച്ച കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആള്‍ദൈവത്തിനും മറ്റുള്ളവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കുന്നതിന് അനുയായികളെ മുന്നില്‍ നിര്‍ത്തി പൊലീസിന് നേരെ വെടിയുര്‍തിര്‍ത്തതിനും അക്രമം അഴിച്ചുവിട്ടതിനും രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.




അധോലോക നായകന്‍ 
എല്ലാ ആള്‍ദൈവങ്ങളുടെയും പിന്നാമ്പുറ കഥകള്‍ ഒന്നുതന്നെയാണ്. തട്ടിപ്പുകള്‍, സാമ്പത്തിക-ലൈംഗിക ചൂഷണം, സര്‍ക്കാറിനെ വെട്ടിച്ചു കൊണ്ടുള്ള ഭൂഇടപാടുകള്‍, ഗുണ്ടായിസം, കൊലപാതകം... ബാബ രാംപാല്‍ ഒരു പടി കൂടി മുന്നോട്ടുവെച്ച് നിയമത്തെയും കോടതികളെയും കബളിപ്പിച്ചു സ്വന്തം നിയമം നടപ്പാക്കി വരികയായിരുന്നു. ഏതൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെയും തോല്‍പ്പിച്ചു കളയുന്നതാണ് രാംപാലിന്റെ കഥ.
പഞ്ചാബിലെ സോനേപേട്ടിലെ കര്‍ഷക ഹിന്ദു കുടുംബത്തില്‍ ജനിച്ച രാംപാല്‍ മിസ്റ്റിക് കവി കബീറിന്റെ അവതാരമാണെന്ന് വാദിച്ചാണ് ദിവ്യപദവിയിലേക്ക് വരുന്നത്. 

ദൈവമായി വാദിക്കുന്നതിന് മുമ്പ് ജലവിഭവ വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലിനോക്കി വരികയായിരുന്നു. 1994 മുതല്‍ ആത്മീയ പ്രഭാഷണങ്ങളിലൂടെ അനുയായികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. 1995 ല്‍ ജോലി രാജിവെച്ചു മുഴുസമയ 'ദൈവമായി മാറി. 1999ല്‍ രോഹ്താക്കില്‍ സത്‌ലോക് ആശ്രമം സ്ഥാപിച്ചു. ആശ്രമം വെച്ചടി വളര്‍ന്നു. അനുയായികള്‍ പെരുകി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി; ശത്രുക്കളുടെ എണ്ണവും ആനുപാതികമായി വര്‍ധിച്ചു.

ആത്മീയ ഗുണ്ടായിസം 
രാംപാല്‍ ആത്മീയ ഗുണ്ടായിസത്തിലേക്ക് കടക്കുന്നത് 2006 മുതലാണ്. കേവലം ആത്മീയ പ്രഭാഷണവുമായി നടന്നാല്‍ ഒരു ചെറുകിട ആള്‍ദൈവമായി എക്കാലവും കഴിയേണ്ടി വരും. അതിനാല്‍ രാംപാല്‍ അടവൊന്നു മാറ്റി. വിവാദം സൃഷ്ടിച്ചു ശ്രദ്ധ നേടാനായി അടുത്ത ശ്രമം. അങ്ങനെയാണ് ദയാനന്ദ സരസ്വതിയെഴുതിയ പ്രശസ്ത കൃതിയായ സത്യാര്‍ത്ഥ പ്രകാശി'നെ തള്ളിപ്പറഞ്ഞു വാര്‍ത്തയില്‍ ഇടം നേടിയത്. അതോടെ സംഗതി ക്ലിക്കായി. ദയാനന്ദ സരസ്വതിയെ തൊട്ടുകളിച്ചാല്‍ ആര്യസമാജക്കാര്‍ വിടുമോ? വിവാദം മൂത്ത് കയ്യേറ്റമായി. 

2006 ജൂലൈ 12ന് രാംപാലിന്റെ അനുയായികളും ആര്യസമാജക്കാരും ആശ്രമപരിസരത്തുവെച്ച് ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേറ്റു. കൊലക്കുറ്റത്തിന് അകത്തായ രാംപാല്‍ 22 മാസം ഉണ്ട തിന്നു! അതിനിടെ, സത്‌ലോക് ആശ്രമത്തിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആള്‍മാറാട്ടം നടത്തിയെന്ന മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കേസ് വിധിയായതോടെ ആശ്രമം ഒഴിയേണ്ടിവന്നു.
പക്ഷെ, രാംപാല്‍ തോറ്റുകൊടുത്തില്ല. 2008ല്‍ രാംപാല്‍ ജയിലില്‍നിന്ന് പുറത്തുവന്ന ശേഷം ഹിസാറിലെ ബര്‍വാലയില്‍ പുതിയ ആശ്രമം പണിതു. ഈ ആശ്രമമാണ് പിന്നീട് ഹരിയാനയിലേക്ക് മാറ്റിയത്. 




പഴയ ആശ്രമത്തില്‍ നിന്ന് തന്നെ വലിച്ചു പുറത്തിട്ടതില്‍ രാംപാലിന് കടുത്ത പക ഉണ്ടായിരുന്നു. പഴയ ചരിത്രം പുതിയ ആശ്രമത്തില്‍ ആവര്‍ത്തിക്കരുത്. വേദ പാരായണവും യോഗയും സല്‍സംഗും മാത്രമായാല്‍ ശത്രുക്കളെ നേരിടാന്‍ കഴിയില്ല. അതുകൊണ്ട് ഒന്നാംതരം കാവല്‍ ഗുണ്ടകളെ ആശ്രമത്തില്‍ ഏര്‍പ്പാട് ചെയ്തു നിയമപാലകരെ വെല്ലുവിളിച്ചു. അയ്യായിരത്തോളം കമാണ്ടോകളെയാണ് ആശ്രമത്തില്‍ വിന്യസിച്ചത്. ആശ്രമം പതിയെ ക്രിമിനലുകളുടെ സങ്കേതമായി മാറുകയായിരുന്നു.

നിയമവുമായി ഗുസ്തി 
സ്വന്തം സൈന്യത്തെ സജ്ജമാക്കിയ രാംപാല്‍ പിന്നീട് തനിക്കെതിരെ ഉയര്‍ന്ന കേസുകളില്‍ ഒന്നും ഹാജരാകാതെയായി. 2013 ല്‍ അദ്ദേഹത്തിന്റെ അനുയായികളും ആര്യസമാജക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. ഇത്തവണ മൂന്നുപേര്‍ കൊല്ലപ്പെടുകയും 100പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്യസമാജപ്രവര്‍ത്തക പ്രോമില ദേവിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയെന്ന കേസില്‍ അദ്ദേഹം പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തു. പക്ഷെ കോടതികളില്‍ ഹാജരാകാന്‍ രാംപാല്‍ വിസമ്മതിച്ചു. കോടതിക്ക് മേലെ ആണല്ലോ ദൈവം!. 

2014 മെയ് 14ന് വീഡിയോ കോണ്‍ഫറന്‍സുവഴി കോടതി നടപടികള്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍  അനുയായികള്‍ കോടതി നടപടി തടസ്സപ്പെടുത്തിയതോടെ പ്രശ്‌നം മറ്റൊരു വഴിക്ക് നീങ്ങിത്തുടങ്ങി. കോടതിയ്‌ക്കെതിരിലുള്ള നീക്കം അനുയായികള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അതോടെ കോടതിയലക്ഷ്യത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു. ഛണ്‍ഢീഗഡിലെ പഞ്ചാബ് ഹരിയാണ ഹൈകോടതിയില്‍ ഹാജരാകാന്‍ ഉത്തരവായി. രാംപാല്‍ അതും അവഗണിച്ചു തള്ളി.

ഇക്കഴിഞ്ഞ നവംബര്‍ 17ന് രാംപാല്‍ ഗുണ്ടകളും അര്‍ദ്ധസൈനിക വിഭാഗങ്ങളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. അനുയായികളെ മനുഷ്യ കവചങ്ങളാക്കിയായിരുന്നു ഏറ്റുമുട്ടല്‍. ഒരു ദിവസത്തിലേറെ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ രാംപാലിന് കീഴടങ്ങേണ്ടി വന്നു. അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ കവചമായി നിന്ന ആറു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

ആശ്രമങ്ങള്‍,നിഗൂഡതകള്‍
ശാന്തി തേടി അലയുന്ന സാത്വികര്‍ക്ക് സ്വാസ്ഥ്യവും സമാധാനവും നല്‍കുകയാണ് ആശ്രമങ്ങളുടെ ദൌത്യം എന്നാണു വെപ്പ്. സ്വാഭാവികമായും ആശ്രമവും അതിലെ ദിവ്യപുരുഷന്മാരും വൈരികളായി ജീവിക്കേണ്ടതാണ്.'ഭൗതികമായ മോഹചിന്തകള്‍ വെടിഞ്ഞു ഈശ്വരനില്‍ മനസ്സും വച്ചസ്സും സമര്‍പ്പിക്കേണ്ട ആത്മീയ കേന്ദ്രങ്ങളും അതിലെ നായകന്‍മാരും പക്ഷെ, ഏറ്റവും കൂടുതല്‍ ആര്‍ത്തി കാണിക്കുന്ന അനുഭവങ്ങള്‍ ആണ് നാം കാണുന്നത്. 

രാം പാലിന്റെ 12 ഏക്കര്‍ ആശ്രമത്തിനുള്ളില്‍ തന്നെ സ്വര്‍ഗീയ സൗകര്യങ്ങള്‍ ആണുള്ളത്. വിശാലമായ് സ്വിമ്മിംഗ് പൂള്‍. ഭീമന്‍ അടുക്കള. ആയിരത്തിലേറെ പേര്‍ക്ക് ഒരുമിച്ച് 'ഭക്ഷണം കഴിക്കാനുള്ള ഡെയനിംഗ് ഹാള്‍. ബെന്‍സും മെഴ്‌സിഡസും ഉള്‍പ്പെടെയുള്ള ആഡംബര കാറുകളുടെ നിര. ലൈബ്രറിയും എല്‍ ഇ ഡി സ്ഥാപിച്ച ലക്ച്വര്‍ ഹാളുകളും. ഈ ആള്‍ദൈവത്തിനു അന്തിമയങ്ങാന്‍ 5 നില മാളിക!. അതിനു ചുറ്റും കാവല്‍ നില്‍കുന്ന ഗുണ്ടാസംഘത്തിന് തോക്കുകളും ആയുധങ്ങളും.





രാം പാലിന്റെ മാത്രം കഥയല്ലിത്. രാജ്യത്തെ മുഴുവന്‍ ആള്‍ദൈവങ്ങളുടെയും കഥയാണ്. കേരളത്തിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ഞെട്ടിക്കുന്ന അകക്കഥകള്‍ ഈയടുത്ത് പുറത്തു വന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയെ വിറപ്പിച്ച മറ്റൊരു ആള്‍ദൈവമുണ്ടായിരുന്നു. ധീരേന്ദ്ര ബ്രഹ്മചാരി. അനവധി യോഗാശ്രമങ്ങളിലൂടെ ആയിരക്കണക്കിന് അനുയായികളെ ഉണ്ടാക്കിയ അദ്ദേഹവും രാം പാലിന്റെ മാതൃകയില്‍ ആത്മീയ ഗുണ്ടായിസത്തില്‍ പേരെടുത്തിരുന്നു. ദുരൂഹമായ ജീവിതം നയിച്ചയാളായിരുന്നു അദ്ദേഹത്തിന് സ്വന്തം ഗുണ്ടകള്‍ക്ക് പുറമേ ആയുധകമ്പനികളില്‍ പങ്കും ഉണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും കോടികളുടെ ആസ്തികള്‍ അയാള്‍ വാങ്ങിക്കൂട്ടി. ഒടുവില്‍ വിമാനാപകടത്തിലാണ് ഈ ബ്രഹ്മാചാരി പരലോകം പൂകിയത്. ആ മരണം പോലും ഇന്നും ദുരൂഹമാണ്. 

രാജ്യത്ത് ഒരു കാലത്ത് വാര്‍ത്തയില്‍ നിറഞ്ഞു നിന്ന ചന്ദ്രസ്വാമി മറ്റൊരു ഉദാഹരണം. ബ്രഹ്മചാരിയ്ക്കും ചന്ദ്രസ്വാമിക്കും അന്നത്തെ പ്രധാനമന്ത്രി മുതല്‍ ഉന്നതരുമായി ഉണ്ടായിരുന്ന അടുപ്പം പ്രസിദ്ധമാണ്. ഇപ്പോള്‍ പിടിയിലായ രാം പാലിനും രാഷ്ട്രീയനേതാക്കളുമായി അവിഹിത ബന്ധങ്ങളുണ്ട്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ഭാര്യ ആശ ഇയാളുടെ വിശ്വസ്ത അനുയായികളില്‍ ഒരാളാണ്.

ആശ്രമങ്ങള്‍ നിയന്ത്രിക്കണം 
ഒരു സമാന്തര ഭരണകൂടം തന്നെ ഉണ്ടാക്കി ഭരിക്കുന്ന ആള്‍ദൈവങ്ങളെയും അവരുടെ സാമ്രാജ്യങ്ങളെയും കയറൂരിവിടുന്ന നയമാണ് നമ്മുടെ ഭരണ കൂടങ്ങള്‍ കൈക്കൊള്ളുന്നത്. ലക്ഷക്കണക്കിന് അനുയായികളുടെ വോട്ട്, ആള്‍ ദൈവങ്ങളുടെ കോപത്തിലുള്ള ഭയം, അറ്റമില്ലാത്ത സമ്പത്തിലുള്ള കണ്ണ്, തെരഞ്ഞെടുപ്പുകാലത്തെ പിന്‍തുണയും സംഭാവനയും ഇതൊക്കെയാണ് രാഷ്ട്രീയക്കാരെ ആള്‍ദൈവങ്ങളിലേക്ക് ആകൃഷ്ടമാക്കുന്ന ഘടകങ്ങള്‍. ഈ സാഹചര്യത്തില്‍ ആള്‍ദൈവരാഷ്ട്രീയ കൂട്ടുകെട്ട് തകര്‍ക്കപ്പെടണം.

ആള്‍ദൈവങ്ങളെയും ആശ്രമങ്ങളെയും കര്‍ശനമായി നിയന്ത്രിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നല്ലാതെ അതു സാധിക്കുമെന്നു തോന്നുന്നില്ല. ആത്മീയ കേന്ദ്രങ്ങള്‍ക്ക് പണം കിട്ടുന്ന വഴികള്‍ പരിശോധിക്കണം. സ്വത്ത് കുന്നുകൂട്ടുന്നതിനു നിയമ വ്യവസ്ഥകള്‍ വേണം. സര്‍വോപരി വിശ്വാസത്തെ ചൂഷണം ചെയ്തു വഞ്ചന നടത്തുന്നത് തടയപ്പെടുകയും വേണം..

(കടപ്പാട്: വര്‍ത്തമാനം ആഴ്ചപ്പതിപ്പ്- 2014 നവംബര്‍ 23 ഞായര്‍)
.
ഫോട്ടോകള്‍ക്ക് കടപ്പാട്:
http://www.nytimes.com/2014/11/22/world/asia/police-question-indian-guru-and-find-arsenal-in-his-compound.html?_r=0
http://www.india.com/news/india/sant-rampal-arrested-the-story-behind-the-godman-and-his-followers-198701/
http://www.aljazeera.com/news/asia/2014/11/indian-guru-held-after-deadly-confrontation-2014111918235223833.html


1 comment:

  1. രാംപാല്‍ എന്ന ആള്‍ദൈവത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ഗുണ്ടകളുടെ കാവലുണ്ടായിട്ടും രക്തച്ചൊരിച്ചിലുണ്ടായിട്ടും ഒരു ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനായത് ആര്‍.എസ്.എസിന്റെ എതിര്‍പ്പില്ലാത്തതിനാലാണ്. ആര്‍.എസ്.എസുമായി ഇടഞ്ഞിരിക്കുന്ന ഒരു ആള്‍ദൈവത്തെ മാത്രമേ ഇന്ത്യയില്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാവൂ എന്ന സത്യമാണ് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുന്നത്.
    മാതാ അമൃതാനന്ദമയിക്കെതിരെ വ്യക്തമായ തെളിവുകളോടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ എന്ത്ര തന്ത്രപരമായാണ് മാധ്യമങ്ങളും ഭരണകൂടവും കുഴിച്ചുമൂടിയത്. ആര്‍.എസ്.എസിന്റെ കാവല്‍ എല്ലാ ആള്‍ദൈവങ്ങള്‍ക്കുമെന്ന പോലെ അമൃതാന്ദമയിക്കുമുണ്ടായി.
    ദയാനന്ദ സരസ്വതിയെഴുതിയ സത്യാര്‍ത്ഥ പ്രകാശിനെ തള്ളിപ്പറഞ്ഞാണ് രാംപാല്‍ ആര്‍.എസ്.എസുമായി ഇടയുന്നത്. ആര്യസമാജക്കാര്‍ രാംപാലിനെ കൈകാര്യം ചെയ്തു. രാംപാലിന്റെ അനുയായികളും ആര്യസമാജക്കാരും ആശ്രമപരിസരത്തുവെച്ച് ഏറ്റുമുട്ടി, 2006 ജൂലൈ 12ന്. ഒരാള്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേറ്റു. കൊലക്കുറ്റത്തിന് രാംപാല്‍ 22 മാസം ജയിലില്‍ കിടന്നു.
    അതുകൊണ്ടുതന്നെ രാംപാലിന്റെ അറസ്റ്റ് വലിയ കോലാഹലമായില്ല. കുറച്ച് ഗുണ്ടകളും ആരാധകരും പ്രതിരോധശ്രമം നടത്തിയെന്നല്ലാതെ.
    ആര്‍.എസ്.എസുകാരുടെ ഇഷ്ടക്കാരായ വല്ല ആള്‍ദൈവവുമായിരുന്നെങ്കില്‍, അറസ്റ്റ് പോയിട്ട് ഒന്ന് തൊടാന്‍ പോലും സമ്മതിക്കുമായിരുന്നില്ല, ആര്‍ക്കും അതിന് ധൈര്യവും വരില്ലായിരുന്നു.

    ReplyDelete

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.