മധുരമുള്ള നോമ്പുകള്‍ / പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍



.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
.....................................................................................


പിതാവുള്ള കാലത്ത്, മാസമുറപ്പിക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നുമെത്തുന്ന ആളുകളെ കാണുമ്പോഴാണ് റമസാന്‍ ആയല്ലോ എന്ന സന്തോഷം ഉള്ളില്‍ നിറഞ്ഞു തുടങ്ങുക. വിവരമറിയാനും അറിയിക്കാനും ഫോണും മറ്റു സൗകര്യങ്ങളുമില്ലാത്ത കാലമാണ്. മാസമുറപ്പിച്ചോ എന്നറിയാന്‍ ദൂരെ മഹല്ലുകളില്‍ നിന്ന് ആളുകള്‍ വരും. ചില പ്രദേശങ്ങളിലേക്ക് മാസമുറപ്പിച്ച വിവരവുമായി ആളെ വിടും.

കുട്ടിക്കാലത്തെ നോമ്പുകാലം കൗതുകങ്ങളുടെയും വലിയ സന്തോഷങ്ങളുടെയും ദിനങ്ങളായിരുന്നു. മുതിര്‍ന്നവരെ അനുകരിക്കാന്‍ മല്‍സരിക്കുകയായിരുന്നു കുട്ടികള്‍. ഓരോ ദിവസവും നോമ്പ് തുറക്കുന്ന നേരത്തുണ്ടാവുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആദ്യത്തെ നോമ്പ് ഓര്‍മയുണ്ട്. മുഴുവനാക്കാനാവാതെ, പകുതിയില്‍ മുറിക്കേണ്ടി വന്ന നോമ്പ്. അന്ന് എത്രയാണ് വയസ്സെന്ന് ഓര്‍മയില്ല. മുഴുവനാക്കാനാവാത്തതില്‍ വലിയ വിഷമമുണ്ടായിരുന്നു. 
മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കാന്‍ ചെറുപ്പം മുതലേ പിതാവ് പരിശീലിപ്പിക്കുമായിരുന്നു. 

അത്താഴ സമയത്ത് നഗാരമടിക്കുന്ന ശബ്ദം കേട്ടാണ് ഉണരുക. നോമ്പ് തുറക്കുന്ന നേരത്തും നഗാരമടിക്കും. നമസ്‌കാരത്തിന് പള്ളിയിലേക്ക്  പിതാവ് ഞങ്ങള്‍ കുട്ടികളെയും കൂട്ടും. തറാവീഹ് നമസ്‌കാരത്തിനും പിതാവിനോടൊപ്പം ഞങ്ങള്‍ പള്ളിയില്‍ പോകുമായിരുന്നു. 

നോമ്പു തുറക്കുന്ന നേരത്ത് ഇറച്ചിയും പത്തിരിയുമായിരുന്നു പ്രധാന വിഭവം. മിക്ക ദിവസവും അതിഥികള്‍ ഒരുപാടുണ്ടാവും. അതില്‍ രാഷ്ട്രീയ നേതാക്കളുണ്ടാവും, മത പണ്ഡിതരുണ്ടാവും, സാധാരണക്കാരുണ്ടാവും. ആളുകള്‍ കൂടുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമായിരുന്നു.

പിതാവുള്ള കാലത്ത്, മാസമുറപ്പിക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നുമെത്തുന്ന ആളുകളെ കാണുമ്പോഴാണ് റമസാന്‍ ആയല്ലോ എന്ന സന്തോഷം ഉള്ളില്‍ നിറഞ്ഞു തുടങ്ങുക. വിവരമറിയാനും അറിയിക്കാനും ഫോണും മറ്റു സൗകര്യങ്ങളുമില്ലാത്ത കാലമാണ്. മാസമുറപ്പിച്ചോ എന്നറിയാന്‍ ദൂരെ മഹല്ലുകളില്‍ നിന്ന് ആളുകള്‍ വരും. ചില പ്രദേശങ്ങളിലേക്ക് മാസമുറപ്പിച്ച വിവരവുമായി ആളെ വിടും.

പിന്നെ പ്രാര്‍ത്ഥനാനിരതമായ ദിനങ്ങളാണ്. രാത്രി ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ത്ഥനകള്‍ക്കും കൂടുതല്‍ സമയം കണ്ടെത്തും. ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പിതാവ് ശ്രദ്ധിക്കും. തെറ്റുകള്‍ തിരുത്തി പ്രചോദനമേകും. പിതാവ് ഞങ്ങള്‍ക്ക് നല്ലൊരു അധ്യാപകന്‍ കൂടിയായിരുന്നു.
റമസാനിനെ വരവേല്‍ക്കാന്‍ വീടുകളില്‍ വലിയ ഒരുക്കങ്ങള്‍ നടന്നിരുന്നു. നനച്ചു കുളിയെന്ന പേരില്‍ വിപുലമായി തന്നെ വീടും പരിസരവും അടിച്ചും കഴുകിയും വൃത്തിയാക്കും. എല്ലാം അടുക്കിയൊതുക്കി വെക്കും. അത്താഴത്തിനും നോമ്പുതുറക്കാനുമുള്ള വിഭവമൊരുക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ഒരുക്കിവെക്കും. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഞങ്ങള്‍ കുട്ടികളും സജീവമായി പങ്കുചേരും. 

നോമ്പുകാലത്ത് പിതാവ് എന്നും വീട്ടിലുണ്ടായിരുന്നു. വലിയ വാല്‍സല്യമായിരുന്നു അദ്ദേഹത്തിന്. പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ അറിവുകളും ജീവിത ശീലങ്ങളും ആത്മസംസ്‌കരണത്തിന്റെയും ജീവിത പരിശുദ്ധിയുടെയും വീണ്ടെടുപ്പിന് എന്നും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.
അസര്‍ നിസ്‌കാരം കഴിഞ്ഞ് മഗ്‌രിബ് ബാങ്കു കൊടുക്കുന്നതു വരെയുള്ള സമയം വെറുതെ നടക്കാനിറങ്ങും. ആ നടത്തം നോമ്പുകാലത്ത് പതിവായിരുന്നു.

ബാഫഖി തങ്ങളുടെ വീട്ടിലെ നോമ്പുതുറകള്‍ ഇന്നും നല്ല ഓര്‍മയാണ്. കൊയിലാണ്ടിയിലെ ബാഫഖി തങ്ങളുടെ വീട്ടിലേക്ക് പിതാവ് ഞങ്ങളെയും കൂട്ടുമായിരുന്നു. അവിടെ നിന്ന് നോമ്പു തുറന്ന് തറാവീഹ് നമസ്‌കാരമെല്ലാം കഴിഞ്ഞാണ് തിരിച്ചുപോരുക. 


http://www.kerala9.com/news-category/news/kerala-news/muslim-league-entrusts-panakkad-thangal-to-decide-candidates

ബാഫഖി തങ്ങള്‍ പാണക്കാട്ടും വരുമായിരുന്നു, നോമ്പിന്. നോമ്പ് തുറന്ന് പാണക്കാട് പള്ളിയില്‍ നിന്ന് തറാവീഹും കഴിഞ്ഞിട്ടേ മടങ്ങു. തറാവീഹിന് ബാഫഖി തങ്ങളാണ് ഇമാം നില്‍ക്കുക. അദ്ദേഹത്തോടൊപ്പം ഖുര്‍ആന്‍ മനപ്പാഠമാക്കിയ അദ്ദേഹത്തിന്റെ മക്കളുമുണ്ടാവും. അവരും ഇമാമത്ത് നില്‍ക്കും. 
ബാഫഖി തങ്ങളോടൊപ്പമുള്ള നോമ്പുതുറകള്‍ മറക്കാനാവാത്ത അനുഭവമാണ്. അദ്ദേഹത്തിന്റെ ആദരവൂറുന്ന വ്യക്തിത്വം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരുപാട് നേതാക്കളുടെയും മതപണ്ഡിതരുടെയും കൂടെ നോമ്പുതുറക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

കുടുംബ ബന്ധം പുലര്‍ത്തുന്നതിനും സാഹോദര്യബന്ധം ഊഷ്മളമാക്കുന്നതിനും റമസാന്‍ മാസത്തെ ഉപയോഗപ്പെടുത്തുമായിരുന്നു. ഉപ്പ ഉണ്ടായിരുന്ന കാലത്തും ജ്യേഷ്ഠന്‍ ഉണ്ടായിരുന്ന കാലത്തും റമസാന്‍ ഓരോരോ അനുഭവങ്ങളായിരുന്നു. ഇപ്പോള്‍ അവര്‍ കൂടെയില്ലാത്ത നോമ്പുകാലത്തിന് മറ്റൊരു ഭാവമാണ്. എന്നാലും അവരുടെ സാന്നിധ്യം മനസ്സിലെപ്പോഴും നിറഞ്ഞുകിടക്കുന്നുണ്ട്. 
പ്രത്യേക ദിവസങ്ങളില്‍ ഓരോ വീട്ടിലും ഇഫ്ത്താറുണ്ട് ഇപ്പോഴും. അന്ന് എല്ലാവരും കുടുംബസമേതം ഒരുമിച്ചു കൂടും.

കുട്ടിക്കാലത്തെ നോമ്പുകാലത്തിന് ആത്മീയാംശം കുറവായിരിക്കാം. മുതിരുമ്പോഴാണല്ലോ കര്‍മാനുഷ്ഠാനങ്ങളുടെ ആത്മീയ ചൈതന്യവും പരിശുദ്ധിയും കൂടുതല്‍ തിരിച്ചറിയുക. റമസാനിന്റെ ആത്മീയസൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനായത് മുതിര്‍ന്ന ശേഷമാണ്. എന്നാലും, കുട്ടിക്കാലത്തെ നിഷ്‌കളങ്കമായ നോമ്പുകാലത്തിന് അതിന്റേതായ ഒരു മധുരമുണ്ടായിരുന്നു. ആ മധുരം മനസ്സില്‍ തികട്ടിവരുന്നുണ്ട് ഓരോ നോമ്പുകാലത്തും. 

.............................................................................
തയ്യാറാക്കിയത്: മുഖ്താര്‍ ഉദരംപൊയില്‍


No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.