പ്രവാചകന്റെ കാര്‍ട്ടൂണുമായി ഷാര്‍ലി എബ്ദോ വീണ്ടും


പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാഗസിന്‍ ഷാര്‍ലി എബ്ദോ. 25 രാജ്യങ്ങളിലായി 16 ഭാഷകളില്‍  പ്രസിദ്ധീകരിക്കുന്ന പ്രത്യേക ലക്കത്തിന്റെ ഒന്നാം പേജിലാണ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രമുള്ളത്.  പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് വാരികയുടെ ഓഫീസിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെ 12 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. 
  വീണ്ടും പ്രകോപനം സൃഷ്ടിച്ച് പുതിയ പതിപ്പിന്റെ 30 ലക്ഷം കോപ്പികളാണ് അച്ചടിച്ചിരിക്കുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്ന് അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് കരയുന്ന പ്രവാചകന്റെ ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്.
അപകീര്‍ത്തികരമായ പ്രവാചക കാര്‍ട്ടൂണിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പാരിസിലെ ഷാര്‍ളി എബ്ദോയുടെ ഓഫീസില്‍ രണ്ടു പേര്‍ കയറി  12 പേരെ വെടിവെച്ചു കൊന്നത്. അതിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും പ്രവാചകന്റെ കാര്‍ട്ടൂണ്‍ ചിത്രം മുഖചിത്രമായി എബ്ദോ  വീണ്ടും പ്രസിദ്ധീകരിക്കുന്നത്. 
വെള്ളത്തലപ്പാവും നീണ്ട മൂക്കും ചിതറിയ താടിയുമായി, ഹാസ്യവിമര്‍ശം എന്നതിലപ്പുറം മനപ്പൂര്‍വം മുഹമ്മദ് നബിയെ അധിക്ഷേപിക്കാനുള്ളത് തന്നെയായിരുന്നു എബ്‌ദോയുടെ കാര്‍ട്ടൂണ്‍.  ഐ.എസ് ഭീകരരോട് സാമ്യമുള്ള തലപ്പാവ് ധരിച്ചായിരുന്നു പ്രവാചക ചിത്രം. യൂറോപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തെ ന്യായീകരിക്കുന്നതു കൂടിയായിരുന്നു ആ ചിത്രം. മുസ്‌ലിം വികാരത്തെ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യം തന്നെയായിരുന്നു അതിനു പിന്നില്‍ എന്ന് ഉറപ്പിക്കുന്നതാണ് മാഗസിന്റെ പുതിയ നടപടി.
ഷാര്‍ളി എബ്‌ദോയുടെ ഓഫീസിലുണ്ടായ ആക്രമണത്തെ അതി കഠിനമായി അപലപിക്കുമ്പോഴും മാഗസിന്റെ നടപടിയെ ന്യായീകരിക്കാനാവില്ല. 
ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയലില്‍ പറഞ്ഞ പോലെ,  വീണ്ടും പ്രവാചകന്റെ കാര്‍ട്ടൂണുമായി മാഗസിന്‍ പുറത്തിറക്കാനുള്ള തീരുമാനം മതമൗലികവാദത്തെ പോലെ മറ്റൊരു തീവ്രവാദമാണ്; ലിബറല്‍ എക്‌സ്ട്രിമിസം. 
.

കൂട്ടിവായിക്കാം
അസഹിഷ്ണുതയുടെ ആവിഷ്‌കാരങ്ങള്‍

ഫ്രാന്‍സില്‍ ഉടുത്ത ഭ്രാന്തും ഉടുക്കാത്ത ഭ്രാന്തും തമ്മില്‍

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.