ചെങ്കണ്ണ്: സൂക്ഷിച്ചില്ലേല്‍ 'കണ്ണ് ' പോകും


ചെങ്കണ്ണ് വ്യാപകമായിരിക്കുന്നു. സ്‌കൂളിലും ഓഫീസിലും ഹാജര്‍നില കുറഞ്ഞിരിക്കുന്നുവെന്ന് വാര്‍ത്ത വരുന്നു.

ചെങ്കണ്ണ് സാധാരണ നിലയില്‍ ഭയപ്പെടേണ്ട രോഗമല്ലെങ്കിലും അശ്രദ്ധ ചിലപ്പോള്‍ കാഴ്ചയെ തന്നെ ബാധിച്ചേക്കാം. ചെങ്കണ്ണ് കൃഷ്ണമണിയെ ബാധിച്ചാല്‍ അത് കാഴ്ച ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടുന്നതിന് കാരണമായേക്കാം എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചെങ്കണ്ണ് കൃഷ്ണമണിയെ ബാധിക്കുന്നത് ഗുരുതരമായി കാണണം. അശ്രദ്ധ ചിലപ്പോള്‍ രോഗം കൃഷ്ണമണിയെ ബാധിക്കാന്‍ ഇടയാക്കിയേക്കും. ചെങ്കണ്ണിനെ നിസാരമായി അവഗണിക്കാവതല്ലെന്നും സ്വയം ചികിത്സ വേണ്ടെന്നും അവര്‍ പറയുന്നു. രോഗം വന്നാല്‍ ഒരു നേത്രരോഗവിദഗ്ധനെ കണ്ട് ചികില്‍സ നടത്തേണ്ടതാണ്.

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ വീട്ടില്‍ ഒരംഗത്തിന് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ സ്‌കൂളില്‍ വിടരുത്. രോഗികള്‍ ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്.

കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് ചെങ്കണ്ണ് രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. വേനല്‍ക്കാലത്തും വേനല്‍മഴയെ തുടര്‍ന്നും പടര്‍ന്നുപിടിക്കുന്ന രോഗങ്ങളിലൊന്നാണ് ചെങ്കണ്ണ്.  നേത്രപടലത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. നേത്രഗോളങ്ങള്‍ക്ക് പുറത്തും കണ്‍പോളകള്‍ക്കുള്ളിലായും കാണപ്പെടുന്ന നേത്ര ആവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ചെങ്കണ്ണ്. ഗുരുതരമായ ഒരു രോഗമല്ലെങ്കിലും നാലു ദിവസം മുതല്‍ ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും വായനയെയും കമ്പ്യൂട്ടര്‍- ടിവി ഉപയോഗത്തെയും ബാധിക്കുന്നു.

കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറുള്ളത്. എന്നാല്‍ ഈ അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണ്ണില്‍ കരട് പോയതു പോലെയുള്ള അവസ്ഥ, വെള്ളൊലിപ്പ്, പോളവീക്കം, പീള കെട്ടല്‍ എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.

ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും.  വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രം ബാധിച്ചേക്കാം. പീളകെട്ടലും കുറവാകും. അതേസമയം, കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കുകയും ചെയ്‌തേക്കാം.

അലര്‍ജിയെ തുടര്‍ന്നും ചില രാസവസ്തുക്കള്‍ കണ്ണിലായാലും ചെങ്കണ്ണ് പോലെ കണ്ണുകള്‍ ചുവന്ന് തടിക്കാനിടയുണ്ട്. കണ്ണുനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം കണ്ണുകളില്‍ ജലാംശം കുറഞ്ഞാലും 'ചെങ്കണ്ണ്' വന്നേക്കാം.  ഇത്തരത്തിലുണ്ടാകുന്ന ചെങ്കണ്ണ് മറ്റുള്ളവരിലേക്ക് പകരില്ല.

ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും അലോപ്പതിയിലും ചെങ്കണ്ണിന് ചികിത്സകള്‍ ലഭ്യമാണ്. ചെങ്കണ്ണ് വ്യാപകമായതോടെ ചെങ്കണ്ണിനുള്ള അലോപ്പതി മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്നും ഹോമിയോപ്പതിയില്‍ ലഭ്യമാണ്..

രോഗികള്‍ ശ്രദ്ധിക്കേണ്ടത്

രോഗം ബാധിച്ചവര്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് ഇടക്കിടക്ക് കഴുകണം. കണ്ണിന് പൂര്‍ണ്ണവിശ്രമം നല്‍കണം. ടെലിവിഷന്‍ കാണുക, കംമ്പ്യൂട്ടറിന്റെ ഉപയോഗം, പത്രവായന തുടങ്ങിയവ ഒഴിവാക്കണം. വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കറുത്ത കണ്ണട ഉപയോഗിക്കാം. അടുപ്പില്‍നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും വെയില്‍ കൊള്ളുന്നതും ഒഴിവാക്കണം.
ചെങ്കണ്ണ് ബാധിച്ചാല്‍ കണ്ണുകള്‍ തിരുമ്മാന്‍ പാടില്ല. കണ്ണുകള്‍ തിരുമ്മുമ്പോള്‍ പഴുപ്പ് ബാധിച്ച നേത്രപടലത്തിന് പോറലേല്‍ക്കുകയും കണ്ണുകള്‍ കൂടുതല്‍ ചുവക്കുകയും ചെയ്യും. ഉറക്കം കഴിഞ്ഞ് ഉണരുമ്പോള്‍ കണ്‍പോളകള്‍ പീളകെട്ടി ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ബലംപ്രയോഗിച്ച് വലിച്ചുതുറക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.  ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയോ വൃത്തിയുള്ള പഞ്ഞിയോ തുണിയോ നനച്ച് കണ്ണുകള്‍ക്ക് മുകളില്‍ കുറച്ചുസമയം വെക്കുകയും പീള കുതിര്‍ന്നശേഷം കണ്ണുകള്‍ പതുക്കെ തുറക്കുകയും ചെയ്യണം വൃത്തിയാക്കുകയും വേണം. രോഗം ഗുരുതരമാവാതിരിക്കാന്‍ ശുചിത്വം പ്രധാനമാണെന്ന് മറക്കരുത്.

രോഗം പടരാതിരിക്കാന്‍

ചെങ്കണ്ണ് ബാധിച്ചവരുടെ കണ്ണുകളില്‍ നോക്കുന്നത് ചെങ്കണ്ണ് പടരാന്‍ ഇടയാക്കുമെന്നത് തെറ്റിദ്ധാരണ മാത്രമാണ്. കണ്ണില്‍ നോക്കിയാല്‍ രോഗം പടരില്ല.
ചെങ്കണ്ണ് ബാധിച്ച രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിലൂടെ രോഗം പടരും. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതിലൂടെ രോഗം പടരും.  രോഗി ഉപയോഗിച്ച പാത്രങ്ങള്‍, സോപ്പ്, വസ്ത്രം, പേന, കമ്പ്യൂട്ടര്‍ മൗസ് തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.  രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുകയും രോഗം വ്യാപിക്കുകയും ചെയ്യും.
.


 .

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.