ബിഫോര്‍ ദ ഡത്ത് : നാദാപുരത്തിന്റെ കഥ ഇംഗ്ലീഷില്‍


നാദാപുരത്തിന്റെ സാമൂഹിക ജീവിതം പ്രമേയമാക്കി ഒരു ഇംഗ്ലീഷ് നോവല്‍.  സംഘര്‍ഷ ഭരിതമായ നാദാപുരത്തിന്റെ തീക്ഷ്ണ ജീവിതം തന്നെയാണ് നോവലിന്റെ പ്രമേയം. ഇംഗ്ലീഷ് കവിയും അധ്യാപകനുമായ പി.എ നൗഷാദിന്റെ 'ബിഫോര്‍ ദ ഡെത്ത്' എന്ന നോവലാണ് നാദാപുരത്തിന്റെ കഥ പറയുന്നത്.

ഷെഫീഖ് എന്ന ചെറുപ്പക്കാരനാണ് നോവലിലെ കേന്ദ്രകഥാപാത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന ഷെഫീഖിന്റെ ഓര്‍മകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് നോവല്‍ വളരുന്നത്. യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നുള്ള അന്വേഷണമാണ് നാദാപുരത്തിന്റെ പശ്ചാത്തലത്തില്‍ നൗഷാദ് പറയുന്നത്. ഭീകരതയുടെ വളര്‍ച്ചയില്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെ ഈ നോവല്‍ കണ്ടെത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നുണ്ട്.

പുസ്തകത്തിന്റെ കവര്‍


മതത്തിനും മാനവികതക്കുമെതിരായ തീവ്രവാദവും ഭീകരതയും സമൂഹത്തിലുണ്ടാക്കിത്തീര്‍ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പറയുന്നതോടൊപ്പം യഥാര്‍ഥ വിശ്വാസത്തിന്റെ നന്മയുടെ ഭാവവും നോവല്‍ അനാവരണം ചെയ്യുന്നു.

ജയിലില്‍ കഴിയുന്ന ഷെഫീഖ് ഖുര്‍ആന്‍ പഠിക്കുകയും യഥാര്‍ഥ ഇസ്‌ലാമിക ആശയങ്ങളെ അടുത്തറിയുകയും ചെയ്യുന്നുണ്ട്. നേരറിവുകള്‍ ഉള്ളിലെത്തുമ്പോള്‍ പശ്ചാത്താപത്തോടെ കരയുന്നുണ്ട് ഷെഫീഖ്. ഉദ്യോഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന നോവലിന്റെ അവസാനം ഷെഫീഖ് വലിയൊരു വേദനയായി വായനക്കാരന്റെ മനസ്സില്‍ ബാക്കിയാവും.
കക്കട്ടിലിനടുത്ത ചീക്കോന്നില്‍ ജനിച്ചുവളര്‍ന്ന നൗഷാദ് കര്‍മംകൊണ്ട് നാദാപുരത്തുകാരനാണ്. നാദാപുരം പേരോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായ നൗഷാദ് കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ നാദാപുരത്തിന്റെ വേദനകളാണ് തീക്ഷ്ണമായി നോവലിലേക്ക് പകര്‍ത്തിയിരിക്കുന്നത്. വിഭാഗീയതകള്‍ക്കും അക്രമങ്ങള്‍ക്കുമപ്പുറം  ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ശാന്തിയുടെയും ലോകം തിരിച്ചുപിടിക്കാനുള്ള പ്രാര്‍ത്ഥന കൂടിയാണീ നോവല്‍.


പി.എ നൗഷാദ്


ഈറോട് റൂട്ട്‌സ് ആന്റ് വിങ്‌സെന്ന പബ്ലിഷിങ് കമ്പനിയുടെ ബാനറില്‍ കെ.സി ജയിംസ് എന്ന തമിഴ്‌നാട്ടുകാരനാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഡിസംബര്‍ 26,27 തീയതികളില്‍ തിരുവന്തപുരത്ത് നടക്കുന്ന ഇംഗ്ലീഷ് കവികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പുസ്തകം പ്രകാശനം ചെയ്യും. ഡ്രീംസ് ആന്റ് ടിയേഴ്‌സ് എന്ന കവിതാ സമാഹാരത്തിന്റെ പുതിയ പതിപ്പും അന്ന് പുറത്തിറങ്ങുന്നുണ്ട്.

ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദമുള്ള നൗഷാദിന്റെ ഇംഗ്ലീഷ് കവിതാപുസ്തകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി കവിതകള്‍ വായിച്ച് നല്ല അഭിപ്രായമറിയിച്ചത് നൗഷാദിന്റെ ജീവിതത്തിലെ വലിയ അംഗീകാരങ്ങളിലൊന്നാണ്. നാലു കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഡ്രീംസ് ആന്റ് ടിയേഴ്‌സ് എന്ന സമാഹാരത്തിലെ കവിതകള്‍ അതിമനോഹരമായ ആല്‍ബമായി പുറത്തിറങ്ങിയിട്ടുണ്ട്. പ്രശസ്ത ഗായിക സയനോരയാണ് കവിതകള്‍ ആലപിച്ചിട്ടുള്ളത്. ടച്ച് ദി സോള്‍ എന്ന പുസ്തകം അസമീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ 'ദീപ്ത വിചാരം' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് 'ലൂമിനസ് തോട്ട്‌സ്' തയ്യാറാക്കിയത് നൗഷാദാണ്. അക്ബര്‍ കക്കട്ടിലിന്റെ തെരഞ്ഞെടുത്ത കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നൗഷാദ്.

.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.