വിദ്യാര്‍ത്ഥിനികളില്‍ അനീമിയ വര്‍ദ്ധിക്കുന്നു




രോഗ്യവകുപ്പ് വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിനികളില്‍ അധികപേര്‍ക്കും അനീമിയ രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍പ്പോലും കൗമാരക്കാരായകുട്ടികളില്‍ 60 ശതമാനം പേരിലും വിളര്‍ച്ചരോഗം കാണപ്പെടുന്നുണ്ട്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് അനീമിയ കൂടുതല്‍ കാണുന്നത്. പത്ത് ശതമാനത്തോളം മുന്നിലാണ് പെണ്‍കുട്ടികള്‍.  കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തതു തന്നെയാണ് അനീമിയയുടെ കാരണം.

രക്തത്തിലെ ചുവന്നരക്തകോശങ്ങളുടെ എണ്ണമോ ഹീമോഗ്ലോബിന്റെ അളവോ കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ.

ഓക്‌സിജനെ ശരീരത്തിന്റെ എല്ലാ അവയവങ്ങളിലും സൂക്ഷ്മകോശങ്ങളിലും എത്തിക്കുക എന്ന പരമപ്രധാനമായ ധര്‍മ്മമാണ് ഹീമോഗ്ലോബിന്‍ നിര്‍വ്വഹിക്കുന്നത്. ഓക്‌സിജന്‍ ആവശ്യമായ അളവില്‍ ശരീരാവയവങ്ങള്‍ക്ക് ലഭ്യമല്ലാതാകുമ്പോള്‍ ആരോഗ്യം തകരാറിലാകുന്നു.

ഒരു സ്ത്രീയില്‍ ഹീമോഗ്ലോബിന്റെ അളവ് 12 മുതല്‍ 15.1 ഗ്രാം വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമായിരിക്കും. ഹീമോഗ്ലോബിന്‍ അളവ് ഈ പരിധിയില്‍നിന്ന് താഴുമ്പോഴാണ് ഒരു വ്യക്തിക്ക് അനീമിയ ഉണ്ടെന്ന് പറയുന്നത്. ഇരുമ്പുസത്തും വിറ്റാമിനും നിത്യേന കഴിക്കാത്തതും ആര്‍ത്തവസമയത്ത് രക്തം നഷ്ടപ്പെടുന്നതും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ വിളര്‍ച്ചക്ക് കാരണമാകുന്നു.

  കൗമാരക്കാലം ആരോഗ്യപരമായെങ്കില്‍ മാത്രമേ ഭാവിയിലും ആരോഗ്യപരമായ ജീവിതം നയിക്കാനാവൂ. കൗമാരകാലത്ത് വിളര്‍ച്ചയുള്ള ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാവുമ്പോള്‍ വിളര്‍ച്ചയുണ്ടാവുമെന്നതില്‍ സംശയമില്ല.  കൗമാരം വളര്‍ച്ചയുടെ കാലഘട്ടമാണ്. ഈ കാലഘട്ടത്തിലാണ് പെണ്‍കുട്ടികളുടെ ശരീരാവയവങ്ങള്‍ അമ്മയാകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. 




ലക്ഷണങ്ങള്‍
വിശപ്പില്ലായ്മ, ക്ഷീണം, നെഞ്ചിടിപ്പ്, കിതപ്പ്, തലകറക്കം, ശ്വാസംമുട്ടല്‍  മുഖവും നഖവും നാവും ഉള്ളംകൈയും ഉള്ളംകലും കണ്ണുകളും വിളറി വെളുക്കുക, വളരെ വേഗം കൂടിയ ഹൃദയമിടിപ്പ്, നഖങ്ങള്‍ക്ക് ബലമില്ലാതെ വേഗം ഒടിഞ്ഞുപോവുക, പതിവു ജോലികള്‍ ചെയ്യാനാവാതെ വരിക തുടങ്ങിയവ അനീമിയയുടെ ലക്ഷണങ്ങളാണ്.

വിളര്‍ച്ച രോഗം ബുദ്ധിവളര്‍ച്ചയെ കാര്യമായി ബാധിച്ചേക്കാം. ഇവര്‍ക്ക് രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും. ശാരീരിക വളര്‍ച്ച മുരടിക്കുക, കായികശേഷി കുറയുക, പഠനത്തില്‍ തുടര്‍ച്ചയായി ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, എപ്പോഴും ക്ഷീണം തോന്നുക, ക്രമം തെറ്റിയ ആര്‍ത്തവം തുടങ്ങിയവയെല്ലാം വിളര്‍ച്ചരോഗം വഴിയുണ്ടാവുന്ന പ്രശ്‌നങ്ങളാണ്.

കാരണങ്ങള്‍
ആര്‍ത്തവസമയത്ത് അധിക രക്തസ്രാവം ഉണ്ടാകുന്നത് നിമിത്തം ശരീരത്തില്‍നിന്ന് ധാരാളം ഇരുമ്പുസത്തും വിറ്റാമിനുകളും നഷ്ടപ്പെടുന്നത് അനീമിയക്ക് കാരണമായേക്കാം. ഇരുമ്പുസത്ത്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും വേണ്ടത്ര ആഹാരം കഴിക്കാതിരിക്കുന്നതും ശരീരത്തില്‍ കൊക്കപ്പുഴു തുടങ്ങിയ വിരശല്യം ഉണ്ടെങ്കിലും കുടലിലെ വൃണങ്ങള്‍, രക്തസ്രാവം ഉണ്ടാക്കുന്ന മുറിവുകള്‍ തുടങ്ങിയവും വിളര്‍ച്ചക്ക് കാരണങ്ങളാണ്.




രോഗമല്ല, രോഗലക്ഷണം
അനീമിയ അഥവാ രക്തക്കുറവ് ഒരു രോഗമല്ല, രോഗലക്ഷണമാണ്. പക്ഷെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ അനീമിയ ഒരു രോഗമായി മാറി ശരീരത്തെ ബാധിച്ചുതുടങ്ങും. ക്ഷീണമാണ് അനീമയുടെ പ്രധാന ലക്ഷണം. രക്തക്കുറവ് കാരണം ശരീരം വിളര്‍ത്തിരിക്കും. കണ്ണ്, കൈ, നാവ് എന്നീ ഭാഗങ്ങള്‍ പ്രത്യേകിച്ചും. 

ഇരുമ്പിന്റ് അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയ. പോഷകങ്ങളടളുടെ കുറവ് മൂലമുണ്ടാകുന്ന അനീമിയ, രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ എന്നിങ്ങിനെ അനീമിയ വിവിധതരത്തിലുണ്ട്. വിറ്റാമിന്‍ ബി 12ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാകാം. ഇത് അപകടകരമായ നിലയിലാണെങ്കില്‍ കുത്തിവയ്പ്പ് നല്‍കേണ്ടിവരും. 

ബി 12ന്റെ കുറവ് തലച്ചോര്‍ സംബന്ധമായ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.
പോഷകാഹാരക്കുറവാണ് അനീമിയയുടെ പ്രധാന കാരണം. പച്ചക്കറി ഭക്ഷണം മാത്രം കഴിക്കുന്നവരിലാണ് 'അയേണ്‍ ഡഫിഷ്യന്‍സി അനീമിയ' കൂടുതലും കണ്ടുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ അയണ്‍ ഗുളികകള്‍ നല്‍കി കുറവ് പരിഹരിക്കുന്നു.
വയറ്റില്‍ വിരശല്യം ഉണ്ടെങ്കിലും അനീമിയ വരാം. ഇതുമൂലം രക്തനഷ്ടം ഉണ്ടാവുന്നതാണ് കാരണം.. 




അനീമിയ തടയാം; ഭക്ഷണത്തിലൂടെ 
പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് വിളര്‍ച്ചയുള്ള  വ്യക്തിയെ സംബന്ധിച്ച് പ്രധാനം. ഇത്തരക്കാര്‍ ധാന്യങ്ങള്‍, പാലും പാലുത്പന്നങ്ങളും, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി എന്നിവ ആവശ്യമായ അളവില്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണം.  

പലപ്പോഴും പോഷകാംശങ്ങളും പ്രോട്ടീനും വളരെ കുറഞ്ഞ തോതില്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് അനീമിയക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വഴി പരിഹരിക്കാന്‍ കഴിയുന്നതാണ് മിക്കവാറും പേരിലും കണ്ടുവരുന്ന അനീമിയ
ഇരുമ്പ് സത്ത് ധാരാളമായി അടങ്ങിയ ഇലക്കറികള്‍, ബീറ്റ്‌റൂട്ട്, െ്രെഡ ഫ്രൂട്ട്‌സ്, ലിവര്‍, തവിട്, കക്ക പോലുള്ള വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഇരുമ്പ് പാത്രങ്ങളില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് അനീമിയ ഇല്ലാതാക്കാന്‍ ഉത്തമമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമായ ചീര ആഹാരത്തിലുള്‍പ്പെടുത്തുന്നത് അനീമിയ തടയും.  ഇരുമ്പ്, കോപ്പര്‍, മാംഗനീസ് എന്നിവയാല്‍ സമ്പുഷ്ടവുമായ തേന്‍ വിളര്‍ച്ച ഇല്ലാതാക്കാന്‍ അത്യുത്തമമാണ്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.   

ആപ്പിളില്‍ ഇരുമ്പുസത്ത് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി രണ്ടോ മൂന്നോ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.  
ഇരുമ്പ് സത്ത് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കേണ്ടതാണ്. ഇരുമ്പിന്റെ ആഗിരണത്തിനും സ്വാംശീകരണത്തിനും വിറ്റമിന്‍ സി അവശ്യമാണ്.  ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. ഇവ ഇരുമ്പിന്റെ ആഗിരണതോത് കുറക്കും.  ദിവസവും മൂന്നോ നാലോ അത്തിപ്പഴം വീതം കഴിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്.

വിറ്റമിന്‍ ബി12 അനീമിയ ഇല്ലാതാക്കാന്‍ ഉത്തമമാണ്. മൃഗങ്ങളുടെ ലിവര്‍, കിഡ്‌നി പോലുള്ളവ ഇതിന്റെ നല്ലൊരു സ്രോതസ്സാണ്. സാലഡില്‍ ചേര്‍ത്തോ പാകം ചെയ്‌തോ ജ്യൂസാക്കിയോ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉത്തമമാണ്. നന്നായി പഴുത്ത വാഴപ്പഴം ഒരു ടേബിള്‍സ്പൂണ്‍ തേനുമായി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ദിവസേന ഓരോ ഗ്ലാസ്സ് ആപ്പിള്‍ അല്ലെങ്കില്‍ തക്കാളി ജ്യൂസ്  കഴിക്കുന്നത് അനീമിയ ഇല്ലാതാക്കാന്‍ സഹായിക്കും. തലേദിവസം  വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ബദാം കഴിക്കുക. തുടര്‍ച്ചയായി മൂന്നുമാസക്കാലം ഇങ്ങനെ ചെയ്താല്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാകും. 

ഇരുമ്പും വിറ്റാമിനുകളും പ്രത്യേകിച്ചും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണം. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പേരയ്ക്ക, പച്ചമുളക്, കാബേജ് തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. പകുതി നാരങ്ങനീര് ദിവസവും ആഹാരത്തോട് ചേര്‍ത്താല്‍ ആവശ്യമായ അളവിലുള്ള വിറ്റാമിന്‍ സി ലഭിക്കും.
പച്ചനിറമുള്ള എല്ലാത്തരം ഇലക്കറികളും പച്ചക്കറികളും പ്രത്യേകിച്ച് മുരിങ്ങയില, മുള്ളന്‍ ചീര, മധുര ചീര, ചേമ്പില, പയറില, ഉണക്കമരച്ചീനി, കാബേജ്, അമരയ്ക്ക, പച്ചക്കായ തുടങ്ങിയവയും മാതളം, സപ്പോട്ട, കൈതച്ചക്ക, തണ്ണിമത്തന്‍ മുതലായ പഴ വര്‍ഗങ്ങളും ഉണക്കമുന്തിരിയും ഈന്തപ്പഴവും തവിടോടു കൂടിയ ധാന്യങ്ങളും വിവിധയിനം മുളപ്പിച്ച കടലകള്‍, മുതിര, ചെറുപയര്‍, സോയാബീന്‍, പഠാണി തുടങ്ങിയ പയര്‍വര്‍ഗങ്ങളും ധാരാളമായി ‘ക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മാംസാഹാരങ്ങള്‍, മത്സ്യം, കോഴി, ആട്, മാട് തുടങ്ങിയവയുടെ കരള്‍, ശര്‍ക്കരയും കറുത്ത എള്ളും കടലയും, കറിവേപ്പില ചേര്‍ത്ത ചമ്മന്തി, മുരിങ്ങയിലയും കുവരവും ശര്‍ക്കരയും ചേര്‍ത്ത് തയാറാക്കിയ അട, തുടങ്ങിയവ കൗമാരപെണ്‍കുട്ടികള്‍ കഴിക്കുന്നത് നല്ലതാണ്.


അയണ്‍ഗുളിക കഴിക്കാം
ആഴ്ചതോറും അയണ്‍ഗുളികകള്‍ കഴിക്കുന്നതും ആറുമാസത്തിലൊരിക്കല്‍ വിരശല്യത്തിനെതിരെയുള്ള ഗുളികകള്‍ കഴിക്കുന്നതും  നല്ലതാണ്. ആഹാരം കഴിച്ച് ഒരു മണിക്കുറിനുള്ളില്‍ കാപ്പിയും ചായയും കുടിക്കരുത്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളോ അമിതരക്തസ്രാവമോ ഉണ്ടെങ്കില്‍, ആവശ്യമെങ്കില്‍ ചികിത്സ നേടുക. മുടക്കം കൂടാതെ കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കുക.

ഭക്ഷണത്തിലൂടെ വിളര്‍ച്ച രോഗത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്. വിളര്‍ച്ചക്കു പിന്നിലെ കാരണം കണ്ടെത്തുകയാണ് ചികിത്സയുടെ ആദ്യപടി. അയണ്‍ഗുളികകള്‍ കഴിക്കുന്നതുവഴി വിളര്‍ച്ചയെ തടയാന്‍ സാധിക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയംവരെ ഗുളിക കഴിക്കാന്‍ ശ്രദ്ധിക്കണം. ചായ, കാപ്പി, പാല്‍ എന്നിവയ്‌ക്കൊപ്പം അയണ്‍ഗുളിക കഴിക്കരുത്. കാരണം ചായയിലും കാപ്പിയിലും പാലിലും അടങ്ങിയിരിക്കുന്ന ചില വസ്തുക്കള്‍ ഇരുമ്പിന്റെ ആഗിരണത്തെ തടയും.

വിരശല്യം ഉള്ളതുകൊണ്ടും ചിലരില്‍ വിളര്‍ച്ച കാണപ്പെടാം. ഇവര്‍ ആറുമാസത്തിലൊരിക്കല്‍ വിരശല്യത്തിനെതിരേയുള്ള ഗുളികകള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഗുളികകള്‍ വെറുംവയറ്റില്‍ കഴിക്കുന്നതാവും ഉത്തമം. വെറും വയറ്റില്‍ ഗുളിക കഴിക്കുമ്പോള്‍ ചിലര്‍ക്ക് തലവേദനയും ഛര്‍ദ്ദിയും ഉണ്ടാകാം.

കറുത്തനിറത്തില്‍ മലം പോവുകയും ചെയ്യാം. ഇത് ഒഴിവാക്കാന്‍ ഭക്ഷണം കഴിച്ചശേഷം മോര്, പഴച്ചാറ്, ഗ്ലൂക്കോസ് ചേര്‍ത്ത വെള്ളം, ഏത്തപ്പഴം ഇവയില്‍ ഏതെങ്കിലും ഒന്നിനൊപ്പം ഗുളിക കഴിക്കാന്‍ ശ്രദ്ധിക്കുക. പാര്‍ശ്വഫലങ്ങള്‍ മാറാതെ നില്‍ക്കുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക..
.

Print Friendly and PDF

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.