കന്നിമൂലയില്‍ മുസ്‌ലിംകള്‍ക്കെന്താണ് കാര്യം? / ഹക്കീം കോണോംപാറയുടെ 'കന്നിമൂലയിലൂടെ കുഫ്‌റിലേക്ക്' എന്ന പുസ്തകത്തെക്കുറിച്ച്


.എം.പി ഹസനത്ത്

ദുരൂഹതകള്‍ നിറഞ്ഞതാണ് അന്ധവിശ്വാസം. ആ മേഖലയിലെ അവ്യക്തതകള്‍ അനാവരണം ചെയ്യല്‍ ഏറെ ശ്രമകരമാണ്. അജ്ഞത, അന്ധവിശ്വാസം, ഭാവി അറിയാനുള്ള ത്വര മുതലായവ മനുഷ്യനെ അന്ധവിശ്വാസിയാക്കുന്നു. അന്ധവിശ്വാസം മുതലെടുത്ത് മനുഷ്യരെ ചൂഷണം ചെയ്ത് ഉപജീവനം നടത്തുന്നവര്‍ മനുഷ്യനില്‍ തെറ്റിദ്ധാരണ പരത്തി സാമ്പത്തികലാഭമുണ്ടാക്കുകയാണ്. അത്തരമൊരു തട്ടിപ്പാണ് വാസ്തുശാസ്ത്രമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. വാസ്തുശാസ്ത്രത്തില്‍ ഒരു ശാസ്ത്രീയതയുമില്ല. അത് തികച്ചും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ടുണ്ടായ ഒരു ആചാരക്രമമാണ്.

ഏക ദൈവത്തില്‍ വിശ്വസിക്കുകയും അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്ന മുസ്‌ലിം സമുദായത്തിലും വാസ്തു സങ്കല്‍പത്തെ അനുകൂലിക്കുന്നവരുണ്ട് എന്നത് സത്യമാണ്. അതിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരില്‍ മുസ്‌ലിം പണ്ഡിതരെന്ന് അവകാശപ്പെടുന്ന ചിലരും ഉണ്ട്. വ്യാജ സിദ്ധന്മാരും അന്ധവിശ്വാസ പ്രചാരണത്തിലൂടെ സാമ്പത്തിക ലാഭം കൊതിക്കുന്നവരുമായ ചിലരാണ് മുസ്‌ലിം സമൂദായത്തിലും വാസ്തു വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. സത്യത്തില്‍ എന്താണ് വാസ്തു ശാസ്ത്രമെന്ന് ഇവര്‍ക്ക് അറിയില്ല. യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസപ്രകാരം വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇസ്‌ലാമിനു പുറത്താണ്. അത് ബഹുദൈവാരാധനയിലേക്ക് നയിക്കുകയും അവന്റെ മതവിശ്വാസത്തെ തകര്‍ക്കുകയും ചെയ്യും.




വാസ്തു ശാസ്ത്രത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാണിക്കുകയും ഇസ്‌ലാമിക വിശ്വാസപ്രകാരം വാസ്തു ശാസ്ത്രം മതവിരുദ്ധമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ലഘുകൃതിയാണ് ഹക്കീം കോണോംപാറ രചിച്ച 'കന്നിമൂലയിലൂടെ കുഫ്‌റിലേക്ക് ' എന്ന പുസ്തകം.

വീട്ടിലോ കുടുംബത്തിലോ എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയോ പരീക്ഷണ ഘട്ടങ്ങളെ തരണം ചെയ്യേണ്ടി വരികയോ ആര്‍ക്കെങ്കിലും വല്ല രോഗം ബാധിക്കുകയോ ചെയ്താല്‍ അതിനു കാരണം വീടിന്റെ കന്നിമൂലയില്‍ കക്കൂസോ അടുക്കളയോ നിര്‍മിച്ചതാണെന്ന  വിശ്വാസം പരത്തുന്നതിലൂടെയാണ് വാസ്തുശാസ്ത്രം ഒരു സാമൂഹിക വിപത്തായിത്തീരുന്നത്. പിന്നെ വീടുതന്നെ മാറ്റിപ്പണിയലായി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച അടുക്കളയും കക്കൂസും പൊളിച്ചുമാറ്റലായി. അന്ധവിശ്വാസം ഒരു മനുഷ്യനെ സാമ്പത്തികമായും മാനസികമായും പാപ്പരാക്കുകയാണ് ചെയ്യുന്നത്.




ജീവിതത്തില്‍ സാധാരണയായി സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണം വാസ്തുവിന്റെ കോപമാണെന്ന് മുസ്‌ലിം സമുദായത്തിലുള്ളവര്‍ പോലും വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

വീട് നിര്‍മാണത്തില്‍  ഇന്ന് കാണുന്ന ധൂര്‍ത്തിനെയും പൊങ്ങച്ചങ്ങളെയും വിമര്‍ശിച്ചാണ് ഹക്കീം കോണോംപാറ വിഷയത്തിലേക്ക് കടക്കുന്നത്. വാസ്തുശാസ്ത്രത്തിന്റെ ചരിത്രവും വര്‍ത്തമാനം സമഗ്രമായിത്തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ആരാണ് വാസ്തുപുരുഷന്‍, എന്താണ് ഭൂമി പൂജ, സ്വസ്തിക് ചിഹ്നമെന്താണെന്നും എന്തൊക്കെയാണെന്നും പുസ്തകം വ്യക്തമാക്കുന്നു. 
വാസ്തു ശാസ്ത്രത്തെക്കുറിച്ച് കൃത്യമായ ധാരണ പകര്‍ന്ന ശേഷമാണ് മുസ്‌ലിം വിശ്വാസവുമായി ഇതിനുള്ള വിയോജനം പുസ്തകം വ്യക്തമാക്കുന്നത്.

കന്നിമുല എന്താണെന്നും അതുമായി ബന്ധപ്പെട്ട് ഹൈന്ദവ വിശ്വാസം എന്താണെന്നും പുസ്തകം പറയുന്നു.
''വീടിന്റെ തെക്ക് പടിഞ്ഞാറ് ദിക്കിനാണ് കന്നിമൂലയെന്നു പറയുന്നത്. വാസ്തു ശാസ്ത്രത്തില്‍ ഏറ്റവും ശക്തിയേറിയതും പ്രധാനപ്പെട്ടതുമായ ദിക്കാണിത്. മറ്റ് ഏഴ് ദിക്കിനും അധിപന്മാരായി ദേവന്മാരെയാണ് നിയോഗിച്ചത്. എന്നാല്‍ ഈ ദിക്കിനു ഒരു രാക്ഷസനെ (ഒരു പിശാചിനെയാണ്) അധിപനാക്കിയിരിക്കുന്നത്. മറ്റ് ദിക്കിനെ അപേക്ഷിച്ച് ഇവിടെ വല്ല ബുദ്ധിമുട്ടും നേരിട്ടാല്‍ വളരെ വേഗം ദുഷ് ഫലം വരുമത്രെ.
ഒരുപിശാചായ നൃത്തി ഭഗവാനാണ് ഈ ദിക്കിന്റെ അധിപന്‍. അസുരന്മാരുടെ ദേവനാണ് നൃത്തി. മറ്റ് ദേവന്മാരെ അപേക്ഷിച്ച് കൂടുതല്‍ കരുത്തനായത് കൊണ്ട് താമസക്കാര്‍ക്ക് ഗുണമായാലും ദോഷമായാലും ഫലം ഉടനടിയുണ്ടാകുമത്രെ.

അസുരനായത് കൊണ്ട് ഈ ദേവന് കോപം കൂടും. ഭ്രാന്തമായ ആവേശത്തോടെ ശത്രുക്കളെ പെട്ടെന്ന് തുരത്തും. താമസക്കാര്‍ക്ക് കടുത്ത ഫലം നല്‍കും.
കാലികാദേവിയാണ് നൃത്തിയുടെ ഭാര്യ. മനുഷ്യന്റെ പുറത്താണ് സഞ്ചരിക്കാറ്. ജീവ ജാലങ്ങളുടെ രക്തം കുടിക്കും. പച്ചമാംസം തിന്നും. ഈ ദിക്കിന് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അദ്ദേഹത്തിന്റെ ഉപദ്രവം കഠിനമായിരിക്കുമത്രെ.




ഈ ദിക്ക് തുറസ്സായി ഇടണമെന്നും കിണര്‍, കുളം, എന്തിന് ഒരു കുഴിപോലും പാടില്ലെന്നും വാസ്തു വിദ്യ പറയുന്നു.
തെക്ക് പടിഞ്ഞാറിന്റെ (കന്നിമൂല) അലോസരം കൊണ്ടാണ് ആളുകള്‍ക്ക് കുടുംബ തകര്‍ച്ച നേരിടുന്നത്. ഈ ദിക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനം വളരെ സൂക്ഷ്മതയോടെ ചെയ്യണം പോലും. അവിടെ സെപ്റ്റിക് ടാങ്ക് കക്കൂസ്. എന്തിന് ജല സംഭരണിപോലും പാടില്ല. പെണ്‍കുട്ടികളുടെ സ്വഭാവം നിര്‍ണയിക്കുന്നത് കൊണ്ട് ഈ ദിക്കിന് കന്നിമൂല അഥവാ പിശാചിന്റെ മൂല എന്ന് പറയുന്നു'' - പുസ്തകം വ്യക്തമാക്കുന്നു.

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം വിശദീകരിച്ച് വാസ്തുശാസ്ത്രം എങ്ങനെ ഇസ്‌ലാമിക വിരുദ്ധമാകുന്നു എന്ന് വ്യക്തമാക്കുകയാണ് പുസ്തകം. വായനക്കാരെ ചിന്തിപ്പിക്കുകയും വിമര്‍ശനാത്മക പഠനത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ ചോദ്യോത്തരരൂപത്തില്‍ ചില ഭാഗങ്ങള്‍ നല്‍കിയിരിക്കുന്നു.

''മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളിലൊന്നാണ് രോഗം. രോഗത്തിന്റെ തരവും സ്വഭാവവുമനുസരിച്ച് അവന്റെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ഏറ്റക്കുറവുണ്ടാകുന്നു. താരതമ്യേന ലഘുവും സാധാരണവുമായ രോഗങ്ങള്‍ പ്രതിവിധിയോ ചികിത്സയോ ഇല്ലാതെ പെട്ടെന്ന് ഭേദമാകുന്നു. ചില രോഗങ്ങള്‍ വളരെ കാര്യഗൗരവവും സങ്കീര്‍ണവുമായിരിക്കും. മറ്റെല്ലാ പ്രശ്‌നങ്ങളിലുമെന്നപോലെ രോഗാവസ്ഥയിലും മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഇസ്‌ലാം മാര്‍ഗ ദര്‍ശനം നല്‍കുന്നുണ്ട്. മരുന്നും ചികിത്സയും സ്വീകരിക്കാനാണ് മുഹമ്മദ് നബി ഉപദേശിച്ചത്. അതോടൊപ്പം പ്രയാസങ്ങളും പ്രതിബന്ധങ്ങളും അഭിമുഖീകരിക്കുമ്പോള്‍  ക്ഷമ കൈക്കൊള്ളാനും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. ചികിത്സയും പ്രാര്‍ത്ഥനയുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.

അനുവദനീയവും ഫല പ്രദവുമായ ചികിത്സാ രീതികള്‍ സ്വീകരിക്കുന്നതിനു പകരം ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധവും അന്ധവിശ്വാസ ജഡിലവുമായ പ്രതിരോധ മാര്‍ഗങ്ങളെയാണ് വിശ്വാസദൈര്‍ബല്യം ബാധിച്ച ചിലര്‍ അവലംബിക്കുന്നത്. മതപരിവേശമുള്ള വ്യക്തികള്‍ നേതൃത്വം നല്‍കുന്ന ചികിത്സാ കേന്ദ്രങ്ങളാണ് പലപ്പോഴും ഈവിധ രോഗപ്രതിരോധ രീതികള്‍ നിര്‍ദേശിച്ചുകൊടുക്കുന്നത്. ഉപഭോക്താക്കള്‍ ഭക്തിപൂര്‍വ്വം അതിനെ കൈക്കൊള്ളാനും ചൂഷണങ്ങള്‍ക്കു വിധേയരാകാനും ഇത് കാരണമാകുന്നു.

'ചികിത്സ' നിര്‍ദേശിക്കുന്നവരും അത് സ്വീകരിക്കുന്നവരും അറിയാതെ  പോകുന്ന ഗുരുതരമായ ഒരു വസ്തുതയുണ്ട്. ഏക ദൈവ വിശ്വാസത്തിനു വിരുദ്ധമായി പരദൈവങ്ങളെ പ്രീതിപ്പെടുത്തുക, അതിനുവേണ്ടി പൂജാ കര്‍മ്മങ്ങളും വഴിപാടുകളും അര്‍പ്പിക്കുക തുടങ്ങിയ ഘടകങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നവെന്നതാണത്.


ഹക്കീം കോണോംപാറ
'ചികിത്സ' എന്ന പേരില്‍ ചില മുസ്‌ലിം വിഭാഗങ്ങളില്‍ പ്രചാരണം നേടിയ അത്തരം അന്ധവിശ്വാസങ്ങളിലൊന്നിനെയാണ് ഹക്കീം കോണോംപാറ രചിച്ച 'കന്നിമൂലയിലൂടെ കുഫ്‌റിലേക്ക്' എന്ന ഈ ലഘുകൃതി അനാവരണം ചെയ്യുന്നത്. സമുദായാംഗങ്ങള്‍ക്കിടയില്‍ സത്യവിരുദ്ധമായ സങ്കല്‍പ്പങ്ങളും വിശ്വാസവ്യതിയാനവും തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണം നേടുമ്പോള്‍ അതിനെതിരെ ജനങ്ങളെ ബോധവത്കരിക്കേണ്ടത് ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുന്നില്ലെന്നതാണ് അനുഭവം. പ്രസ്തുത ഉത്തരവാദിത്ത നിര്‍വഹണം കൂടിയാണ് ഹക്കീം  ഈ കൃതിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.''  എന്ന് പുസ്തത്തിന്റെ ആമുഖക്കുറിപ്പില്‍ മുഹമ്മദ് കാടേരി എഴുതുന്നു.

മലപ്പുറം മേല്‍മുറി സ്വദേശിയാണ് ലേഖകനായ ഹക്കീം കോണോംപാറ. ചരിത്രവുമായി ബന്ധപ്പെട്ട് പത്തോളം ഡോക്യുമെന്ററികള്‍ ഹക്കീം സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ പുസ്തകം ഇതിനകം തന്നെ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
ഹക്കീം കോണോംപാറയുടെ ഫോണ്‍ നമ്പര്‍: 9446948405

....................................................................................................................................

പുസ്തകം വായിക്കാം.... ആവശ്യക്കാര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം...

1 comment:

  1. ഏകനായ റബ്ബില്‍ വിശ്വസിക്കുകയും, നന്മ തിന്മകള്‍ അവനില്‍ നിന്നാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അത്യാഹിതങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണം മറ്റു വല്ല കാരണങ്ങളും ആണെന്ന് വിശ്വസിക്കുകയും, അങ്ങിനെ ഒരു വിശ്വാസം ദുര്‍ബല വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ പണ്ഡിതന്മാര്‍ എന്നവകാശപ്പെടുന്നവര്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിക്കോണ്ടിരിക്കുകയും ചെയ്യുന്ന ഈ വര്‍ത്തമാന കാലത്ത് ഇത്തരം അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കല്‍ ഓരോ മുസ്ലിമിന്റെയും കടമയാണ്. കൊടിയുടെ നിറമോ, ഗുരുത്തക്കെടോ അവിടെ പരിഗണിക്കേണ്ടതില്ല. നല്ല നല്ല പുരകള്‍ കന്നിമൂലയുടെ പേരും പറഞ്ഞു വികൃതമാക്കിയത് കേരളത്തില്‍ എത്രയോ കാണാം. വിഡ്ഢികള്‍ എന്നല്ലാതെ അവരെ എന്ത് പറയാന്‍. കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ശിര്‍ക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപെട്ട സ്ഥലമായ കോണോംപാറയില്‍ നിന്ന് തന്നെ അവിടുത്ത് കാരനായ ഹക്കീം സാഹിബിനു ഇങ്ങിനെ ഒരു പുസ്തകം ഇറക്കാന്‍ കഴിഞ്ഞതില്‍ അദ്ധേഹത്തെ അഭിനന്ദിക്കുന്നു. സ്രിഷ്ടികളെ വിട്ടു സ്രിഷ്ടാവിലെക്ക് തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കാന്‍ എന്ന് സമുദായം തയ്യാറാകുന്നുവോ അന്ന് നമുക്ക് അല്ലാഹുവില്‍ നിന്നുള്ള സഹായവും പ്രതീക്ഷിക്കാം. ഇടത്തട്ടുകാരും, ഇടയാളന്മാരും നമ്മെ ചൂഷണം ചെയ്യുകയാണ് എന്ന് നാം മനസ്സിലാക്കുകയും ചെയ്യുക. ഹകീം സാഹിബിനു ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.