വലക്കണ്ണികളില്‍ ഉലയുന്ന പ്രവാസി കുടും‌ബങ്ങള്‍!


.മുഖ്താര്‍ ഉദരംപൊയില്‍

സാങ്കേതിക വിദ്യകള്‍ വികസിക്കുകയും ആധുനിക സൗകര്യങ്ങള്‍ വളരുകയും ചെയ്തപ്പോള്‍ പ്രവാസിയുടെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിസ്സാരമല്ല.
പണ്ട്, ഒന്ന് ഫോണ്‍ ചെയ്യാന്‍ മണിക്കൂറുകളോളം നാണയത്തുട്ടുകളുമായി വരിനില്‍ക്കേണ്ടതുണ്ടായിരുന്നു. മുന്‍കൂട്ടി പറഞ്ഞുവെക്കണം ഇന്ന ദിവസം ഇന്ന സമയം വിളിക്കുമെന്ന്, പലരുടെയും വീട്ടില്‍ അന്ന് ഫോണില്ലായിരുന്നു. ഫോണുള്ള വീടുകള്‍ നന്നേ കുറവായിരുന്നു. അടുത്ത്, ഫോണുള്ള വീട്ടില്‍ ചെന്ന് കാത്തിരിക്കണം, വിളിയും പ്രതീക്ഷിച്ച്. മണിക്കൂറുകള്‍ വരി നിന്ന് ഫോണ്‍ കയ്യില്‍ കിട്ടിയാലോ ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിക്കാനായേക്കാം. പിന്നെ അടുത്തൊരു ദിവസം വിളിക്കാമെന്നും പറഞ്ഞ്...
എന്നാലും ആ ഒന്നോ രണ്ടോ മിനിട്ട് നീളുന്ന സംസാരം മനസ്സു നിറച്ചിരുന്നു.

അന്ന് ആശയവിനിമയത്തിന് കത്തെഴുത്തുമാത്രമായിരുന്നു ഏക മാര്‍ഗം. ആരെങ്കിലും നാട്ടില്‍ പോകുന്നെന്ന് കേട്ടാല്‍ കത്തുകെട്ടുമായി അവിടെ പാഞ്ഞെത്തും. നാട്ടില്‍ നിന്നാരെങ്കിലും വന്നെന്ന് കേട്ടാല്‍ ഒഴിവു ദിവസത്തെ കൂടിച്ചേരല്‍ ഇടങ്ങളില്‍ മണ്ടിപ്പാഞ്ഞെത്തും. ഈ ഒഴിവു ദിനങ്ങളിലെ കൂടിച്ചേരലുകളായിരുന്നു അന്ന്, പ്രവാസിയുടെ മനസ്സ് തണുപ്പിച്ചിരുന്നത്. ഓരോ നാട്ടുകാര്‍ക്കും പ്രത്യേക ഇടങ്ങളുണ്ടായിരുന്നു. നാട്ടില്‍ നിന്നും വന്നവര്‍ അക്കൂട്ടത്തിലുണ്ടാവും. കത്തുകെട്ടുകളും ഫോട്ടോ ആല്‍ബങ്ങളും നാട്ടിലെ വിശേഷങ്ങളും കൈമാറുന്നത് ആ കൂടിച്ചേരലുകളിലൂടെയായിരുന്നു.
കയ്യില്‍ കിട്ടിയ കത്തുകള്‍ പിന്നെയും പിന്നെയും വായിച്ച് കണ്ണീര്‍വാര്‍ത്ത് മനസ്സിനെ തണുപ്പിക്കാന്‍ പാടുപെട്ട ദിനങ്ങള്‍ ഓര്‍ത്തെടുക്കാനില്ലാത്ത പ്രവാസികളുണ്ടാവില്ല.
പിന്നെ, കുഴല്‍ വിളികളുടെ കാലം. അതൊരാശ്വാസം തന്നെയായിരുന്നു, സാധാരണക്കാരായ പ്രവാസികള്‍ക്ക്.

വളരെ പെട്ടെന്നാണല്ലോ മെബൈല്‍ ഫോണ്‍ വ്യാപകമാവുന്നത്.
ഇപ്പോള്‍ എല്ലാരുടെ കയ്യിലും ഫോണായി. ഒന്നല്ല, രണ്ടും മൂന്നും കണക്ഷനില്ലാത്തവര്‍ വിരളം, ഇവിടെയും നാട്ടിലും. എല്‍ കെ ജിയില്‍ പഠിക്കുന്ന കൊച്ചുമകനു വരെ സ്വന്തമായി ഫോണുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനും വ്യാപകമായി. കണ്ടും കാണാതെയും മണിക്കൂറുകളോളം സംസാരിക്കാന്‍ ഇന്റര്‍നെറ്റിന്റെ സൗകര്യത്തോടെ ഇന്ന് കഴിയുന്നുണ്ട്. ആശയവിനിമയം ഇന്നൊരു പ്രശ്‌നമല്ല.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായതോടെ പ്രവാസിയുടെ വിരസജീവിതത്തിന് ചെറിയൊരു ആശ്വാസമാവുന്നുണ്ട്. 
ഏതു നേരത്തും എത്രസമയവും ആരുമായും സംസാരിക്കാന്‍ കഴിയുകയും, വീട്ടിലെയും നാട്ടിലെയും വിവരങ്ങള്‍ തല്‍സമയം അറിയാന്‍ കഴിയുകയും ചെയ്യുന്നത് പ്രവാസിയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസം തന്നെയാണ്. മാതാപിതാക്കളുമായും ഭാര്യാ -സന്താനങ്ങളുമായും സംസാരിക്കാനാവുന്നതിലൂടെ ലഭിക്കുന്ന മാനസിക ഉണര്‍വും ആശ്വാസവും വിവരണാധീതമാണ്. ഇന്‍ര്‍നെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക്, അവരെ കണ്ടു തന്നെ സംസാരിക്കാനാവുമ്പോള്‍ വിരഹത്തിന്റെ അകലം കുറയുക മാത്രമല്ല, പ്രവാസത്തിന്റെ വിരസത അകലുകയുമാണ് ചെയ്യുന്നത്.
എന്നാല്‍, ആധുനിക സാങ്കേതികവിദ്യകളുടെ വളര്‍ച്ചയും വികാസവും മറ്റേതൊരു തലത്തിലുമെന്ന പോലെ പ്രവാസിയുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഗുണപരമായി മാത്രമാണോ ഇടപെട്ടു കൊണ്ടിരിക്കുന്നത് എന്നുള്ള അന്വേഷണത്തിന് മുതിര്‍ന്നാല്‍ തികച്ചും നിരാശനല്‍കുന്ന ഉത്തരങ്ങളാവും നമുക്ക് ലഭിക്കുക. 

കണ്ണീരിന്റെ നനവുള്ള കുറെ കത്തുകളും അവളുടെ മണമുള്ള കുറേ ഓര്‍മകളും സാന്ത്വനമായി കൂട്ടിനുണ്ടായിരുന്നു പഴയ പ്രാവാസിക്ക്. മാസങ്ങള്‍ കാത്തിരുന്ന് കിട്ടുന്ന കത്തില്‍ അവളുടെ ഹൃദയം പകുത്ത് വെച്ചിരുന്നു, അവള്‍. മറുപടിക്കത്തിലും അവന്‍ പൊതിഞ്ഞുകെട്ടി നല്‍കിയിരുന്നത് അവന്റെ ഹൃദയമായിരുന്നു. ആ കവറുകളില്‍ പടര്‍ന്ന കണ്ണീരുകള്‍ അവരുടെ സ്‌നേഹബന്ധം ഊഷ്മളമാക്കി.
ഫോണ്‍വിളികള്‍ വര്‍ധിക്കുകയും കത്തെഴുത്ത് നിലക്കുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടത് ഈ ഹൃദയക്കൈമാറ്റമാണ്. ദിവസവും മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിട്ടും മാനസികമായി പരസ്പരം ആശ്വാസമാകാന്‍ കഴിയാതെ പോകുന്നതെന്ത് കൊണ്ടാണ്. കത്തുകളിലുണ്ടാവുന്ന തുറന്നെഴുത്തുകള്‍ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനും അതുവഴി പരസ്പരം സാന്ത്വനമാകാനും കഴിഞ്ഞിരുന്നു, അന്ന്. എന്നാലിന്ന് ഫോണ്‍വിളികള്‍ പലപ്പോഴും വിരസമായിത്തീരുന്നുണ്ട്, ചിലര്‍ക്കെങ്കിലും. പരാതികളും പരിഭവങ്ങള്‍ക്കുമപ്പുറം വികാര വിചാരങ്ങളുടെ കൈമാറ്റം ഇന്ന് നടക്കുന്നില്ല. അതിന്റെ പ്രതിഫലനങ്ങളാണിന്ന് പ്രവാസിയുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നാം കണ്ടുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങള്‍.

പ്രവാസിയുടെ വിരസമായ ദിനങ്ങളില്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാനസിക തളര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലാശ്വാസം തേടി ഇന്റര്‍നെറ്റിന്റെ സാധ്യതകളില്‍ വിഹരിക്കാനിറങ്ങുന്നവരും കുറവല്ല. ചാറ്റ് റൂമുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും സ്ത്രീ സൗഹൃദം അന്വേഷിച്ച് അവര്‍ നടക്കുന്നു. അശ്ലീല സൈറ്റുകളില്‍ ചുറ്റിത്തിരിയുകയും സൈബര്‍സെക്‌സിന് അടിമപ്പെടുകയും ചെയ്യുന്നവരും കുറവല്ലെന്നതാണ് യാഥാര്‍ഥ്യം. സ്ത്രീ സൗഹൃദവും തെരഞ്ഞ് നടന്ന് ചതിയില്‍പെട്ടവരും കുറവല്ല. ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ പ്രവാസിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല, കുടുംബ ജീവിതത്തിലും അസ്വാരസ്യങ്ങളുണ്ടാക്കിയേക്കാം.
ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ക്രിയാത്മകവും സര്‍ഗാത്മകവുമായി ഉപയോഗപ്പെടുത്തി പ്രവാസത്തെ ധന്യമാക്കുന്നവരും ഇല്ലാതില്ല. സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ അത്തരമാളുകളുടെ സാന്നിധ്യം നമുക്ക് കണ്ടെടുക്കാനാവും. അര്‍ഥവത്തായ രീതിയില്‍ ബ്ലോഗിംഗ് നടത്തുന്നവരും ഏറെയും പ്രവാസികള്‍തന്നെയാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടല്ല, ഈ പതംപറച്ചില്‍. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റിന്റെ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്മയും വിരസതയും വിരഹവും തീര്‍ത്ത ഏകാന്തതയും ഈ വഴിവിട്ട ബ്രൗസിംഗിന് പ്രചോദിപ്പിക്കുന്നുണ്ട്, പലരെയും.

മൊബൈല്‍ ഫോണും അവിഹിതബന്ധങ്ങളുടെ വലിയ സാധ്യതകള്‍ തുറന്നുതരുന്നുണ്ട്. അശ്ലീല സംസാരത്തില്‍ താല്‍പര്യമുള്ള സ്ത്രീ- പുരുഷന്‍മാരുടെ നമ്പറുകള്‍ കൈമാറ്റം ചെയ്യപ്പെടുകയും മണിക്കൂറുകളോളം അത്തരം നമ്പറുകളിലേക്ക് വിളിക്കുകയും ചെയ്യുന്ന ചെറുതെങ്കിലും, ഒരു വിഭാഗം തന്നെ പ്രവാസികള്‍ക്കിടയിലുണ്ട്. പ്രവാസത്തിന്റെ വിരസതയകറ്റാന്‍ ഓരോരുത്തര്‍ കണ്ടെത്തുന്ന ആശ്വാസങ്ങള്‍ക്കപ്പുറത്ത് ഇത് വലിയൊരു മാനസിക പ്രശ്‌നമായി വളരുന്നുണ്ട് ചിലരില്‍. അത്തരക്കാര്‍ പിന്നീട് നാട്ടിലെത്തുമ്പോള്‍ ഭാര്യയുമായി നല്ല ബന്ധം തുടരാന്‍ പ്രയാസപ്പെടാറുണ്ട്.
ഒറ്റക്ക് താമസിക്കുന്നവരിലും വിരസമായ ജോലി ചെയ്യുന്നവരിലുമാണ് ഇത്തരം ലൈംഗിക വ്യതിയാനങ്ങള്‍ വ്യാപകമാവുന്നത്. കൂട്ടായി താമസിക്കുന്നവരും, ജോലി സ്ഥലത്ത് കാര്യമായ ഏകാന്തത അനുഭവിക്കാത്തവരും സൈബര്‍ ലൈംഗികതയില്‍ വല്ലാതെ താല്‍പര്യം കാണിക്കുന്നില്ലെന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. ഭാര്യയുമായും കുടുംബവുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നവര്‍ക്കിടയിലും ഇത്തരം വഴിവിട്ട ഇടപെടലുകള്‍ നന്നേ കുറവാണ്. 



പ്രവാസിയുടെ കുടുംബത്തിനകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ വളരെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുന്നവരൊന്നും പ്രവാസിയുടെ അരാജക ജീവിതത്തിന് പ്രലോഭനമാവുന്ന സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. അവന്റെ മാനസികമായ അവസ്ഥകളും സാഹചര്യങ്ങളും വെച്ച് അത്തരം വ്യതിയാനങ്ങളെ നമുക്ക് ന്യായീകരിക്കാനായേക്കാം. പക്ഷേ, ഈ സ്വാഭാവികമായ താല്‍പര്യങ്ങള്‍ അപകടകരമായ അവസ്ഥകളിലേക്ക് വളരുകയും, അവന്റെ കുടുംബ ജീവിതത്തെത്തന്നെ അത് തകര്‍ത്ത് കളയുകയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍...

പ്രവാസിയുടെ ഭാര്യയെക്കുറിച്ച് ചീത്തകഥകള്‍ മാത്രമെ നമുക്കറിയൂ. കൂടുതലും അതിശയോക്തി കലര്‍ത്തിയ കഥകളാണെങ്കിലും ചില യാഥാര്‍ഥ്യങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. ഭാര്യയുടെ വഴിവിട്ട ബന്ധങ്ങള്‍ക്ക് കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ പലപ്പോഴും പ്രവാസിയായ ഭര്‍ത്താവായിരിക്കും.
വഴിവിട്ട ബന്ധങ്ങള്‍ വ്യാപകമാകുന്നതില്‍ മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും പങ്ക് നിസ്സാരമല്ല. വീടകങ്ങളില്‍ സദാചാര ചിന്തകള്‍ കുറയുകയും ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ പൈശാചിക പ്രേരണകള്‍ക്ക് വിധേയമാകുക എളുപ്പം. ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട  സ്‌നേഹവും സാന്ത്വനവും ലഭിക്കാതാവുകയും ബന്ധം വിരസമാവുകയും ചെയ്യുമ്പോള്‍, സാഹചര്യങ്ങളും അവസരങ്ങളും അനുകൂലമാവുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാനായിക്കൊള്ളണമെന്നില്ല.

പ്രവാസിയുടെ ഭാര്യമാരെ ചൂണ്ടയിട്ടു കുടുക്കാന്‍ നടക്കുന്ന കുറുക്കന്‍മാര്‍ കുറവല്ല, നാട്ടില്‍. നമുക്ക് വിളിക്കുമ്പോള്‍ കിട്ടാനും മനസ്സു തുറന്ന് വല്ലപ്പോഴും വല്ലതും മിണ്ടിപ്പറയാനുമാണ് നാം അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ക്യാമറയും മെമ്മറിക്കാര്‍ഡുമുള്ള മൊബൈലാ എല്ലാരെ കയ്യിലുമെന്ന് പറഞ്ഞപ്പോള്‍, അവളുടെ പൂതിയല്ലെ എന്നും പറഞ്ഞ് നാമവള്‍ക്ക് വാങ്ങിക്കൊടുത്തതും എല്ലാ സൗകര്യങ്ങളുമുള്ള ഫോണാണ്. എന്തിനാണ് ക്യാമറയെന്നും മെമ്മറിക്കാര്‍ഡില്‍ നിറച്ച് വെച്ച് കാണാനുള്ളതെന്താണെന്നും നാമന്വേഷിച്ചില്ല. 
ഈസി റീച്ചാര്‍ജ് ചെയ്യുന്ന പയ്യന്‍മാരും മെമ്മറിക്കാര്‍ഡില്‍ പിച്ചറ് കേറ്റിക്കൊടുക്കുന്ന കടക്കാരനും തുടങ്ങി, സൗഹൃദങ്ങള്‍ വികസിക്കുന്നതും ഇന്‍ബോക്‌സ് നിറയുന്നതും മെമ്മറിക്കാര്‍ഡില്‍ നിറമുള്ള കാഴ്ചകള്‍ തള്ളിത്തള്ളി വരുന്നതും ബ്ലൂടൂത്തില്‍ നീല പടരുന്നതും പിന്നീടെപ്പോഴോ അവള്‍ പരിധിക്ക് പുറത്താവുന്നതും ഇന്ന് പുതുമയുള്ള വര്‍ത്തമാനങ്ങളല്ല.

പ്രവാസിയുടെ മക്കള്‍ക്കിടയിലും ഈ അരാജക ജീവിതത്തിന്റെ അലയൊലികള്‍ നമുക്കു കാണാം. രക്ഷിതാവിന്റെ അസാന്നിധ്യം നല്‍കുന്ന സ്വാതന്ത്ര്യം ഇവര്‍ നന്നായി മുതലെടുക്കുന്നുണ്ട്. പ്രവാസി തന്റെ ഭാര്യയോടും മക്കളോടും സ്‌നേഹം പ്രകടിപ്പിക്കുന്നത് അവര്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കിയാണ്. അവര്‍ക്കത് ആവശ്യമുള്ളതാണോ എന്നുള്ള വിശകലനത്തിനൊന്നും നില്‍ക്കാതെ എന്ത് ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ചു നല്കും. അതിന്നാണല്ലോ ഇങ്ങനെ കഷ്ടപ്പെട്ട് ഇവിടെ നില്‍ക്കുന്നെതെന്ന ന്യായവും. എല്ലാവിധ സുഖസൗകര്യങ്ങളും ആവശ്യത്തിലേറെ പണവും. നിയന്ത്രിക്കാനോ ശാസിക്കാനോ ആളില്ല. പിന്നെ...

പഠിക്കാനുള്ള സൗകര്യമെന്നും പറഞ്ഞ് സ്വന്തം റൂമുകള്‍, ടി വി, കംപ്യൂട്ടര്‍, പരസ്പരം കണ്ട് സംസാരിക്കാമല്ലോ എന്ന നല്ല ഉദ്ദേശത്തോടെയെടുത്ത ഇന്റര്‍നെറ്റ് കണക്ഷന്‍. എന്തിനു പറയുന്നു, വഴിതെറ്റാനുള്ള എല്ലാ സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കി നല്‍കിയിട്ട് പിന്നെ പരിതപിച്ചിട്ടെന്തു കാര്യം.

അശ്ലീല സീഡികള്‍ കണ്ടും മണിക്കൂറുകളോളം കാമുകനുമായി- കാമുകിയുമായി ഫോണില്‍ സംസാരിച്ചും എസ് എം എസും കമ്പ്യൂട്ടര്‍ ഗെയിമുമായി നമ്മുടെ മക്കള്‍ നാട്ടില്‍ പഠിച്ചു വളരുകയാണ്. അവരുടെ കൂട്ടുകെട്ടുകളെക്കുറിച്ചോ, അവരുടെ ജീവിതത്തെക്കുറിച്ചോ യാതൊരു അറിവും നമുക്കില്ലെന്നു മാത്രമല്ല, അവരെ നിരീക്ഷിക്കാനും നേര്‍വഴിക്ക് നടത്താനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കാനും പലരും പരാചയപ്പെടുകയുമാണ്.
ചിലര്‍ പെണ്‍കുട്ടികളില്‍ അമിതമായ ആശങ്ക പുലര്‍ത്തുന്നതായിക്കാണാം. ഇവര്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും. ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും അവരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാത്തവിധം ഗുണപരമായ നിയന്ത്രണവും നിരീക്ഷണവും ആവശ്യമാണ്. അവരുടെ തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്താന്‍ സാഹചര്യമുണ്ടാക്കണം.

പ്രവാസികളുടെ മക്കള്‍ വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. നിയന്ത്രിക്കാന്‍ ആളില്ലാത്തതും ആവശ്യത്തിലധികം പണം കയ്യിലുള്ളതുമാണ് വഴിവിട്ട ജീവിതത്തിലേക്ക് അവരെ നയിക്കുന്നത്. മദ്യം, മയക്കുമരുന്നു മാഫിയകളില്‍ എത്തിപ്പെടുന്നവരും അരാജകജീവിതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുമായ കുട്ടികളില്‍ പ്രവാസികളുടെ മക്കളുടെ സാന്നിധ്യം കൂടുതലാണ്. റിമോട്ട് പാരന്റിംഗില്‍ വൈദഗ്ദ്യം നേടുകയും നാട്ടില്‍ ബന്ധുക്കളുടെ സംരക്ഷണവും നിരീക്ഷണവും ഉറപ്പുവരുത്തുകയും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതു നല്‍കുകയും അനാവശ്യങ്ങള്‍ തിരസ്‌കരിക്കുകയും ആവശ്യത്തില്‍ കൂടുതല്‍ പണം നല്‍കാതിരിക്കുകയും ചെയ്താല്‍ കുടുംബത്തിനകത്തെ ഇത്തരം പ്രവണതകളെ നിയന്ത്രിക്കാനാവും.

പ്രവാസികള്‍ തന്നിലെ ഭര്‍ത്താവിന്റെ കടമകളും രക്ഷിതാവിന്റെ ഉത്തരവാദിത്തവും മറന്നു കൂട. കനത്ത ജാഗ്രത അകന്നിരിക്കുമ്പോഴും ഉണ്ടായിരിക്കണം. വ്യക്തി ജീവിതത്തില്‍ സൂക്ഷ്മത കൈകൊള്ളുകയും ധാര്‍മികത കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം തന്റെ ഉത്തരവാദിത്തങ്ങളും കടമകളും തിരിച്ചറിയുകയും സ്‌നേഹത്തോടെയുള്ള ഇടപെടലുകളും യുക്തിപൂര്‍വമായ തീരുമാനങ്ങളും കൈകൊള്ളാന്‍ പ്രവാസി വളരേണ്ടതുണ്ട്.

കുടുംബത്തെ കൊണ്ടുവന്ന് കൂടെത്താമസിപ്പിച്ചാല്‍ തീരുന്നതല്ല ഈ പ്രശ്‌നങ്ങള്‍. സാമ്പത്തികമായും മാനസികമായും പക്വത വന്നവര്‍ക്കേ അത്തരമൊരു ജീവിതത്തില്‍ ചെറിയ തോതിലെങ്കിലും സംതൃപ്തി കണ്ടെത്താനാവൂ. അങ്ങനെയുള്ളവരുടെ കുട്ടികളുടെ ഭാവിയും ഏറെ ആശങ്കനിറഞ്ഞതാണെന്ന് തിരിച്ചറിയാത്തവര്‍ പ്രവാസികള്‍ക്കിടയില്‍ കുറവായിരിക്കും. കുട്ടികളുടെ പഠനം വലിയൊരു പ്രശ്‌നമായിത്തീരുന്നുണ്ട്. അതിനപ്പുറം യാതൊരു വിധ സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത, മാനസികമായി ഉണര്‍വും ഉയര്‍ച്ചയുമില്ലാതെ വളരുന്ന ബ്രോയിലര്‍ വല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ നമുക്ക് എന്ത് പ്രതീക്ഷകളാണ് നല്‍കുന്നത്. വെയിലും കാറ്റും കൊള്ളാതെ, ഇടുങ്ങിയ മൂന്ന് മുറിക്കുള്ളില്‍ (ഫ്‌ളാറ്റിലും സ്‌കൂള്‍ ബസ്സിലും ക്‌ളാസ് മുറിയിലും) ഒതുങ്ങുന്ന വിരസ ജീവിതം അവര്‍ക്ക് നഷ്ടപ്പെടുത്തുന്നത് രചനാത്മകമായ ഒരു കുട്ടിക്കാലം മാത്രമല്ല, അവരുടെ ജീവിതം തന്നെയാണ്. കംപ്യൂട്ടര്‍ ഗെയിമും ബര്‍ഗറും പിസ്സയും പെപ്‌സിയുമായി അവരുടെ ജീവിതമൊടുങ്ങുന്നു.

ഈ വിരസ ജീവിതം വഴിവിട്ട് ചിന്തിക്കാന്‍ ചില കുട്ടികളെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ടെന്ന് മറന്നുകൂട. സ്‌കൂളില്‍ വെച്ച് കൂട്ടുകാരില്‍ നിന്നും അതിന്നാവശ്യമായ നിര്‍ദേശങ്ങളും അറിവുകളും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ചില അധ്യാപക സുഹൃത്തുക്കളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അശ്ലീല സിഡികള്‍ സ്‌കൂളില്‍ വെച്ച് കൈമാറ്റം ചെയ്യപ്പെടുകയും വീട്ടിനകത്തെ സ്വകാര്യതകള്‍ അത് കാണാനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ ഉണ്ടെന്നുള്ളത് ചില കുട്ടികളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. മറ്റു ചിലപ്പോള്‍ ഡ്രൈവറുമായുള്ള അമിത സൗഹൃദമാവും അവനിത്തരം സിഡികള്‍ എത്തിച്ചു നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും ഇത്തരം ദുശ്ശീലങ്ങള്‍ വ്യാപകമാവുന്നുണ്ടെന്നത് അതിശയോക്തിയല്ല.
ഇന്റര്‍നെറ്റ് പരിധികളില്ലാതെ ഉപയോഗിക്കാനുള്ള സാഹചര്യം ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ ദുരുപയോഗം വര്‍ധിക്കുന്നുണ്ട്. ചില അശ്ലീല സൈറ്റുകള്‍ ഇവിടെ നിയന്ത്രണവിധേയമാണെങ്കിലും അതൊക്കെ തുറക്കാനുള്ള നമ്പറുകള്‍ നമ്മുടെ മക്കളുടെ കയ്യിലുണ്ട്.

കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവവും രക്ഷിതാക്കളും മക്കളും തമ്മിലുള്ള ഉള്ളുതുറന്ന ബന്ധത്തിന്റെ കുറവും കുട്ടികളെ കേടുവരുത്തുന്നുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ചാറ്റ് റൂമുകളിലും നമ്മുടെ കുട്ടികള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നാം നിരീക്ഷിച്ചിട്ടുണ്ടോ. ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ തന്നെ ഒരാള്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് തുറക്കുന്നതെന്തിനാണ്.
ഇവിടുത്തെ കുടുംബ ജീവിതം പലര്‍ക്കും വിരസമാണ്. ഭര്‍ത്താവു ജോലിസ്ഥലത്തും, കുട്ടികള്‍ സ്‌കൂളിലും പോയാല്‍ പിന്നെ കുടുസ്സു മുറിയില്‍ ഒറ്റക്കാവുന്ന ഭാര്യയുടെ മാനസികാവസ്ഥ എന്താവും. ടി വി കണ്ടും ഉറങ്ങിയും എത്ര നേരം കളയും. ഇവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് വല്ലപ്പോഴും നാം ചിന്തിച്ചിട്ടുണ്ടോ. ഇവര്‍ മാനസികമായി തളരുകയും അലസരാവുകയും ചെയ്യുന്നുണ്ട്. അത് കുടുംബ-ലൈംഗിക ജീവിതത്തെ സാരമായി ബാധിച്ചേക്കാം.
ഇത്തരം കുടുംബിനികള്‍ക്കിടയില്‍ വളരെ കുറച്ചു പേര്‍ ഈ ഒഴിവു സമയത്തെ ഗുണാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നതും കൂട്ടി വായിക്കേണ്ടതാണ്. ഒഴിവു സമയങ്ങളെ സാമ്പത്തികലാഭം കൂടി ഉണ്ടാവുന്ന വിധം ഉപയോഗപ്പെടുത്തുന്നവരും വിരളമാണെങ്കിലും ഉണ്ട്. ഇത്തരം സ്ത്രീകളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് കൂട്ടായ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നവരും ഇവിടെയുണ്ട്. ഇതിനൊക്കെ അപ്പുറം, മാനം കാണാതെ കാറ്റും വെളിച്ചവും തട്ടാതെ ഒറ്റമുറി ജീവിതം നയിക്കുന്നവരുടെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

ഇത്തരക്കാരില്‍ ഇന്റര്‍നെറ്റുപയോഗിക്കാനറിയാവുന്നവര്‍ അവരുടെ വിരസതക്ക് ആശ്വാസം കണ്ടെത്താന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. വളരെ ക്രിയാത്മകമായി ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുന്നവര്‍ ഇവര്‍ക്കിടയിലുണ്ട്. ബ്ലോഗിംഗില്‍ തിളങ്ങി നില്‍ക്കുന്ന സ്ത്രീ സാന്നിധ്യങ്ങളില്‍ കൂടുതലും ഇങ്ങനെ വീടുവിട്ട് വിദേശത്ത് പാര്‍ക്കുന്നവരാണ്.
എന്നാല്‍ വിരസതയകറ്റാന്‍ ചാറ്റ്‌റൂമിലും മറ്റും അവിഹിത ബന്ധങ്ങള്‍ തിരയുന്ന സ്ത്രീസാന്നിധ്യങ്ങളും നമുക്ക് കണ്ടെത്താനാവുന്നുണ്ട്.

വഴിവിട്ട ചിന്തകളും പ്രലോഭനങ്ങളും പ്രചോദിപ്പിക്കുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ വഴിതെറ്റാതെ കാക്കാന്‍ അവശ്യമായ മനക്കരുത്ത് നേടാന്‍ നാമെന്താണ് ചെയ്യേണ്ടതെന്ന കനപ്പെട്ട ചിന്തകള്‍ നമുക്കുണ്ടാണം. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുകയും ആവശ്യമായ ജാഗ്രത കൈകൊള്ളുകയും വേണം. ഉള്ളു തുറന്നുള്ള സംസാരങ്ങളും മനസ്സു നിറഞ്ഞുള്ള ജീവിതവും എല്ലായിടത്തുമുണ്ടാവണം.
ആധുനിക സാങ്കേതിക സൗകര്യങ്ങളെ ഗുണപരമായി ഉപയോഗപ്പെടുത്താനാവശ്യമായ അറിവും ധാര്‍മികമായ ഉണര്‍വും നാം കുടുംബസമേതം ആര്‍ജിക്കേണ്ടതുണ്ട്. വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ അടക്കുകയും നേര്‍വഴികള്‍ തുറക്കുകയും ചെയ്യേണ്ടതുണ്ട്.
പരസ്പരം അറിയുകയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യാനാവുമ്പോള്‍ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കാന്‍ നമുക്കാവും. ഭാര്യയും ഭര്‍ത്താവും തമ്മിലും മക്കളും രക്ഷിതാക്കളും തമ്മിലും ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാവുന്നവര്‍ക്ക് ബേജാറിന്റെ ആവശ്യമില്ല.
.

1 comment:

  1. വഴിവിട്ട ചിന്തകളും പ്രലോഭനങ്ങളും പ്രചോദിപ്പിക്കുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ വഴിതെറ്റാതെ കാക്കാന്‍ അവശ്യമായ മനക്കരുത്ത് നേടാന്‍ നാമെന്താണ് ചെയ്യേണ്ടതെന്ന കനപ്പെട്ട ചിന്തകള്‍ നമുക്കുണ്ടാണം. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുകയും ആവശ്യമായ ജാഗ്രത കൈകൊള്ളുകയും വേണം. ഉള്ളു തുറന്നുള്ള സംസാരങ്ങളും മനസ്സു നിറഞ്ഞുള്ള ജീവിതവും എല്ലായിടത്തുമുണ്ടാവണം.
    ആധുനിക സാങ്കേതിക സൗകര്യങ്ങളെ ഗുണപരമായി ഉപയോഗപ്പെടുത്താനാവശ്യമായ അറിവും ധാര്‍മികമായ ഉണര്‍വും നാം കുടുംബസമേതം ആര്‍ജിക്കേണ്ടതുണ്ട്. വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ അടക്കുകയും നേര്‍വഴികള്‍ തുറക്കുകയും ചെയ്യേണ്ടതുണ്ട്.
    പരസ്പരം അറിയുകയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യാനാവുമ്പോള്‍ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കാന്‍ നമുക്കാവും. ഭാര്യയും ഭര്‍ത്താവും തമ്മിലും മക്കളും രക്ഷിതാക്കളും തമ്മിലും ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാവുന്നവര്‍ക്ക് ബേജാറിന്റെ ആവശ്യമില്ല.

    ReplyDelete

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.