വിശ്വാസമാണ് വേണ്ടത് അന്ധവിശ്വാസമല്ല



.സെയ്തു മുഹമ്മദ് നിസാമി

ജഡമുടിയും പച്ചപ്പുതപ്പും മുഷിഞ്ഞ വേഷവും അവ്യക്തമായ പദപ്രയോഗങ്ങളുമായി ആസ്ഥാനമുറപ്പിച്ച നിരവധി സിദ്ധന്‍മാരുണ്ട്. ശരീഅത്തിനോട് നീതി പുലര്‍ത്താത്തവരാണ് ഇവരിലധികവും.  ദിക്ര്‍ ഹല്‍ഖകളെന്ന ധ്യാന സദസുകളുടെ പേരുപറഞ്ഞാണ് പലരുടെയും ചൂഷണം. ആണും പെണ്ണും നിയന്ത്രണമില്ലാതെ ഇവിടെ ഒത്തുചേരുന്നു. സിദ്ധന്റെ കരം പിടിക്കുന്നു, പാദം തലോടുന്നു. അനുഗ്രഹം ലഭിക്കാന്‍. അവരുടെ സ്വര്‍ണവും അവസാനം ചാരിത്ര്യം തന്നെയും നഷ്ടപ്പെടുന്ന വാര്‍ത്തയാണ് പത്രങ്ങളില്‍ ദിനംപ്രതി കാണുന്നത്.

ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് അന്യമാണ് അന്ധവിശ്വാസം. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മാലിന്യങ്ങളിലേക്ക് ഈച്ചയെപ്പോലെ പാഞ്ഞടുത്തവരെ സത്യവിശ്വാസത്തിലൂടെ സംസ്‌കൃത സമൂഹമാക്കുകയാണ് ഖുര്‍ആനും സുന്നത്തും നിര്‍വഹിച്ച ദൗത്യം. സത്യവിശ്വാസമാണ് ഇസ്‌ലാമിന്റെ കാതലായ വശം. അന്ധവിശ്വാസം സമൂഹത്തെ ഇന്നു കൂടുതല്‍ കാര്‍ന്നു തിന്നുകയാണ്. വിദ്യാഭ്യാസവും ബോധവത്കരണവും മാത്രമാണിതിന് പരിഹാരം. ശിലാ വിഗ്രഹങ്ങളിലുള്ള  അര്‍ച്ചന, അവയുടെ ശാപ കോപം  പേടിച്ചു നടത്തുന്ന വഴിപാടുകള്‍, സാങ്കല്‍പിക മൂര്‍ത്തികള്‍, രാശി നോക്കല്‍, പ്രശ്‌നം വെക്കല്‍, പൈശാചിക സേവ, യാഗ മുറി, ഹോമക്കുഴി, ചാത്തന്‍ വിശ്വാസം തുടങ്ങിയ അന്ധവിശ്വാസങ്ങളില്‍നിന്നു മുക്തമായ സംസ്‌കൃത സമൂഹമാണ് മുസ്‌ലിംകള്‍. ഉത്തമ നൂറ്റാണ്ടുകാരായ സ്വഹാബത്തോ അവരെ  പിന്തുടര്‍ന്ന സാത്വികരോ ഇത്തരം അനാചാരങ്ങളുടെ നാലയലത്തുപോലും ഉണ്ടായിരുന്നില്ല.

പ്രശ്‌നം വെക്കാനും രാശി നോക്കാനും സിദ്ധന്‍മാരുടെ സങ്കേതം  തെരഞ്ഞു നടക്കുന്ന സ്ത്രീ പുരുഷന്‍മാരുടെ തിരക്കാണെവിടെയും. പത്ര പരസ്യവും ചാനല്‍  പ്രചാരണവും  ഈ അന്ധവിശ്വാസങ്ങള്‍ക്ക് ഊക്കുകൂട്ടുന്നു. ഭാവി, ഭൂതം അറിയാനും ജീവിത സൗഭാഗ്യത്തിനും ശത്രു നാശത്തിനും പിശാച് ബാധയൊഴിക്കാനും മോഷ്ടാവിനെ കണ്ടുപിടിക്കാനുമാണ്  ഈ നെട്ടോട്ടം. പ്രവാചകന്‍ മുഹമ്മദ് നബി (സ) പറയുന്നു: ലക്ഷണം പറയുന്ന ജ്യോത്സ്യനെ സമീപിച്ച് ഏതെങ്കിലും കാര്യത്തെക്കുറിച്ച് അന്വേഷിച്ച് അയാള്‍ പറയുന്നത് സ്വീകരിക്കുന്നവന്റെ നാല്‍പത് നാളിലെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. (മുസ്‌ലിം).

'ജ്യോത്സ്യനെ സമീപിക്കുകയും അയാള്‍ പറയുന്നത് അംഗീകരിക്കുകയും  ചെയ്യുന്നവന്‍ മുഹമ്മദിന് അവതീര്‍ണമായതില്‍ അവിശ്വസിച്ചവനായി തീരുന്നതാണ്.'(ബസ്സാര്‍). ജാഹിലിയ്യ കാലത്തെ അറബികള്‍ക്കിടയില്‍ പ്രശ്‌നം വെക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. പ്രവാചകനത് നിഷിദ്ധമാക്കി. അമ്പുകളില്‍  പ്രവര്‍ത്തിക്കാം, പറ്റില്ല, എന്നിവയെഴുതി നറുക്കെടുക്കുന്നതു പോലെ അമ്പെടുക്കുകയും അതനുസരിച്ച് തീരുമാനിക്കുകയും ചെയ്യും. അല്ലാഹു പ്രവര്‍ത്തിക്കാമെന്നും പാടില്ലെന്നും കല്‍പിച്ചിരിക്കുന്നുവെന്നാണ് പ്രശ്‌നം വെക്കുന്നവര്‍ പറയുക. നബി (സ) പറയുന്നു: ജ്യോത്സ്യവൃത്തി ചെയ്യുന്നവനും പ്രശ്‌നം വെക്കുന്നവനും ലക്ഷണം നോക്കി യാത്രയില്‍ നിന്നു മടങ്ങുന്നവനും ഉന്നത പദവി ലഭിക്കുകയില്ല.(നസാഇ). 'അമ്പുകൊണ്ട് ഭാഗ്യം നോക്കുന്നതും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. അതെല്ലാം കടുത്ത അധര്‍മമാണ്.' (മാഇദ: 3)

ജഡമുടിയും പച്ചപ്പുതപ്പും മുഷിഞ്ഞ വേഷവും അവ്യക്തമായ പദപ്രയോഗങ്ങളുമായി ആസ്ഥാനമുറപ്പിച്ച നിരവധി സിദ്ധന്‍മാരുണ്ട്. ശരീഅത്തിനോട് നീതി പുലര്‍ത്താത്തവരാണ് ഇവരിലധികവും.  ദിക്ര്‍ ഹല്‍ഖകളെന്ന ധ്യാന സദസുകളുടെ പേരുപറഞ്ഞാണ് പലരുടെയും ചൂഷണം. ആണും പെണ്ണും നിയന്ത്രണമില്ലാതെ ഇവിടെ ഒത്തുചേരുന്നു. സിദ്ധന്റെ കരം പിടിക്കുന്നു, പാദം തലോടുന്നു. അനുഗ്രഹം ലഭിക്കാന്‍. അവരുടെ സ്വര്‍ണവും അവസാനം ചാരിത്ര്യം തന്നെയും നഷ്ടപ്പെടുന്ന വാര്‍ത്തയാണ് പത്രങ്ങളില്‍ ദിനംപ്രതി കാണുന്നത്.



പ്രവാചക പുത്രന്‍ ഇബ്രാഹിം അന്തരിച്ച ദിവസമാണ് മദീനയില്‍ സൂര്യഗ്രഹണമുണ്ടായത്. പ്രവാചക പുത്രന്റെ നിര്യാണമാണ് സൂര്യഗ്രഹണത്തിനു കാരണമെന്ന് ചിലര്‍ പറഞ്ഞു തുടങ്ങി. നബി (സ) ആ ധാരണ തിരുത്തുകയാണ് ചെയ്തത്. ഒരാളുടെ ജനനമോ മരണമോ അല്ല സൂര്യഗ്രഹണത്തിനു കാരണമെന്ന് നബി (സ) പറഞ്ഞു. സമൂഹത്തില്‍ അന്ധവിശ്വാസം വേരുറക്കാന്‍ പ്രവാചകന്‍ അനുവദിച്ചില്ല.

പണിക്കരും കണക്കനും ജ്യോത്സ്യനും നക്ഷത്രങ്ങളുടെ രാശി നോക്കി ഫലം പറയാറുണ്ട്. ഇതെല്ലാം അവര്‍ സ്വന്തം ആവിഷ്‌കരിച്ച അന്ധവിശ്വാസങ്ങളാണ്. ഇബ്രാഹിം നബി (അ) ബാബിലോണിയന്‍ ജനതയെ ഈ അബദ്ധ ധാരണകളില്‍നിന്നു സംസ്‌കരിച്ചെടുത്തത് ഖുര്‍ആന്‍ സൂചന നല്‍കുന്നു. വാരഫലങ്ങളും നക്ഷത്രഫലങ്ങളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍പോലും ഈ പരിഷ്‌കൃത യുഗത്തിലുണ്ട്. ഇതൊന്നും അന്ധവിശ്വാസങ്ങള്‍ക്ക് ന്യായീകരണമല്ല. അജ്ഞതയെ ഭംഗിയായി ചൂഷണം ചെയ്യുക മാത്രമാണിത്. അറബി ആസ്‌ട്രോണമി അനുസരിച്ചാണ് നാളും സ്ഥാനവും ഉറപ്പിക്കുന്നതെന്ന് പറഞ്ഞ് ചില മുസ്‌ലിം സിദ്ധന്‍മാരുടെ  പരസ്യം പത്രങ്ങളില്‍ കാണാറുണ്ട്.  ഇത്തരക്കാരുടെ മുമ്പിലുണ്ടാവുക ഉപകാരവും, പരോപകാരവുമെന്ന പേരില്‍ പൊന്നാനിയില്‍ നിന്നു അച്ചടിച്ച അറബി മലയാള ഏടായിരിക്കും. 

'തല്‍സമാത്ത്' എന്ന കലയുടെ നിദാന നിയമംപോലുമറിയാത്തവരാണ് ഭൂരിപക്ഷം വരുന്ന സിദ്ധ വേഷധാരികള്‍. ശൈഖ് അഹ്മദ്‌കോയ ശാലിയാത്തി, ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരെപ്പോലെയുള്ള ജ്ഞാനപ്രഥിതരായ പണ്ഡിതന്‍മാര്‍ ഈ കലയില്‍ പ്രശസ്തരും പ്രഗത്ഭരുമായിരുന്നു. ഭൂഗര്‍ഭ ജല സ്രോതസുകള്‍ കണ്ടുപിടിക്കുന്ന ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഇമാം ഖര്‍ഖിയാണ്. ഇത് ശരിക്കും പഠിച്ച പണ്ഡിതനായിരുന്നു അബുസ്സ്വലാഹ് മൗലവി (ഫാറൂഖ് കോളജ്). അദ്ദേഹത്തിന്റെ വിയോഗശേഷം  ഈ കലയില്‍ മറ്റൊരു ധിഷണാശാലിയെ കണ്ടിട്ടില്ല. ഹിന്ദു വാസ്തു ശാസ്ത്രത്തിലൂടെ ദേവകോപം പറയുന്നവരും കന്നിമൂലയുടെ കാരണം പറഞ്ഞ് പേടിപ്പിക്കുന്നവരുമാണ് ഇന്നത്തെ മുസ്‌ലിംകളിലുള്ള സ്ഥാനം നോക്കുന്നവരിലധികപേരും. 

ദേവിമാരും ബീവിമാരുമായി ചിലരെ വേഷംകെട്ടിച്ച് സ്ത്രികളുടെ പണം തട്ടാനുള്ള ആസൂത്രിത പദ്ധതികള്‍ ചില കേന്ദ്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. മിക്ക മന്ത്ര ഹോമങ്ങളുടെയും  ഇരകള്‍ മുസ്‌ലിം സ്ത്രികളാണ്. ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെയും ചാത്തന്റെയും പേരില്‍  ദിവ്യത്വം പ്രകടിപ്പിക്കുന്നവരുടെ മന്ത്രച്ചരടുകളും ലിഖിതങ്ങളും വാങ്ങി ഉപയോഗിക്കുന്നവര്‍ ശിര്‍ക്കിലേക്കാണ് ആപതിക്കുന്നത്. അതു മഹാ പാതകമാണെന്നോര്‍ക്കണം. പക്ഷികള്‍ പറക്കുന്നത് നോക്കി യാത്രയും മറ്റു കാര്യങ്ങളും നിര്‍ണയിക്കുന്ന സമ്പ്രദായം അറബികള്‍ക്കിടയിലുണ്ടായിരുന്നു. പ്രവാചകനത് നിരോധിക്കുകയുണ്ടായി. ശകുനം നോക്കുന്നത് ജ്യോത്സ്യത്തിന്റെയും മാരണത്തിന്റെയും ഗണത്തില്‍ പെട്ടതാണ്. പ്രവാചകന്‍ പറയുന്നു: ശകുനം നോക്കുന്നവനും നോക്കിക്കുന്നവനും ജ്യോത്സ്യനും മാരണം ചെയ്യുന്നവനും ചെയ്യിക്കുന്നവനും നമ്മില്‍ പെട്ടവനല്ല'. (ത്വബ്‌റാനി)

ശവ്വാല്‍ മാസം വിവാഹത്തിന് ദുഃശകുനമായി കാണുന്നവരായിരുന്നു അറബികള്‍. മുഹൂര്‍ത്തം പറ്റാത്തതുകൊണ്ട് അവര്‍ ശവ്വാലില്‍ വിവാഹം നടത്തിയിരുന്നില്ല. ആയിശ: (റ) പറയുന്നു: എന്റെ വിവാഹം നടന്നത് ശവ്വാലിലായിരുന്നു. അടുത്ത ശവ്വാലിലാണ് മധുവിധു നടന്നതും. എന്നേക്കാള്‍ സൗഭാഗ്യവതി ഭാര്യമാര്‍ക്കിടയില്‍ മറ്റാരാണുള്ളത്?. ആയിശ (റ) പറയുന്നു: ശവ്വാലിലുള്ള വിവാഹം പരാജയമാകുമെന്ന ധാരണയാണ് പ്രവാചകന്‍ തിരുത്തിയത്. വിവാഹത്തിന് ഏറ്റവും ശ്രേഷ്ഠമായ മാസം ശവ്വാലാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നു. പ്രവാചകന്‍ പറയുന്നു: നക്ഷത്ര രാശിയിലൂടെ ഒരാളുടെ ജീവിതം, സൗഭാഗ്യം, ആഹാരം, മരണം, അല്ലാഹു നിശ്ചയിച്ചിട്ടില്ല. രാശി ചൂണ്ടിക്കാണിച്ചു വ്യാജം പറയുകയാണ് പ്രശ്‌നം വെക്കുന്നവര്‍.(ബുഖാരി)

അനുഗ്രഹത്തിന് പ്രാര്‍ത്ഥിക്കാനും മധുരം ചുണ്ടിന്മേല്‍ തേക്കാനും പ്രസവിച്ച കുട്ടികളെ പ്രവാചക പത്‌നി  ആയിശ (റ)യുടെ സമീപത്ത് കൊണ്ടുവരാറുണ്ടായിരുന്നു. ബേബി ബെഡിനു മേല്‍ കിടത്തി ഒരു ശിശുവിനെ കൊണ്ടുവന്നു. തലയിണയുടെ ഭാഗത്ത് ഒരു കൊച്ചു മുടിക്കത്തി വെച്ചത് കണ്ടപ്പോള്‍ അതെന്തിനാണെന്ന് ആയിശ (റ) ചോദിച്ചു. ജിന്നിന്റെയും പിശാചിന്റെയും ബാധയേല്‍ക്കാതിരിക്കാനെന്നായിരുന്നു മറുപടി. കത്തിയെടുത്ത് അവര്‍ ദൂരെ എറിഞ്ഞു. മേലില്‍ ഇത് ചെയ്യരുതെന്നും പ്രവാചകന് ഇത്തരം കാര്യങ്ങളില്‍ അതൃപ്തിയാണെന്നും  ആയിശ (റ) പറയുകയുണ്ടായി. (തഹാവി)

ജ്യോത്സ്യനും  മൂശാരിയും ജപിച്ചൂതിയ ചരടുകളും വരച്ചുണ്ടാക്കുന്ന ലിഖിതങ്ങളും ശിര്‍ക്കിലാണെത്തിക്കുക. മന്ത്രം അനുവദനീയമാണ്. പ്രാര്‍ത്ഥനയാണ് പ്രവാചക മന്ത്രങ്ങള്‍. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു മന്ത്രം ഇതാണ്: മനുഷ്യരുടെ രക്ഷകനായ അല്ലാഹുവേ, എല്ലാ പ്രയാസങ്ങളും നീ ദുരീകരിക്കേണമേ. നീയാണ് ആശ്വാസമേകുന്നവന്‍. നീ സുഖം നല്‍കിയാല്‍ അശേഷം രോഗം ബാക്കിയാവുന്നതല്ല.  (ബുഖാരി മുസ്‌ലിം). രോഗിയായ സഅദിനെ (റ) സന്ദര്‍ശിച്ച പ്രവാചകന്‍ ഇപ്രകാരം  പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, സഅദിനു ആശ്വാസം നല്‍കേണമേ. (മുസ്‌ലിം). ഇതും മന്ത്രത്തിലാണുള്‍പ്പെടുത്തിയത്. 

പ്രാര്‍ത്ഥനയും ചികിത്സയുമാണ് രോഗിക്കാവശ്യം. ചികിത്സ തേടാന്‍ പ്രവാചകന്‍ ഉപദേശിച്ചു. ചില ചികിത്സകള്‍ പറയുകയും ചെയ്തു. മദീനയില്‍ വൈദ്യമറിയുന്ന റുഫൈദക്ക് ടെന്റ് നിര്‍മിച്ചുകൊടുത്തു. അവരതില്‍വെച്ച് ചികിത്സ നടത്തിയെന്ന് ഇബ്‌നുസഅദ് തന്റെ തബഖാത്തില്‍ എഴുതിയിട്ടുണ്ട്.
ജാഹിലിയ്യ കാലത്തുള്ള മന്ത്രങ്ങളില്‍ ശിര്‍ക്കിന്റെ പദമുണ്ടായതുകൊണ്ട് പ്രവാചകന് ഇവ നിരോധിച്ചു. ഖുര്‍ആന്‍, അല്ലാഹുവിന്റെ നാമങ്ങള്‍, പ്രവാചകാനുരാഗ കീര്‍ത്തനം തുടങ്ങിയവ രോഗിക്ക് മനഃശാന്തി പ്രദാനം ചെയ്യും. നാഗൂരിലേക്കും ഏര്‍വാടിയിലേക്കും അജ്മീരിലേക്കുമുള്ള നേര്‍ച്ചാ സാധനങ്ങള്‍ പിരിക്കാന്‍ നടക്കുന്ന ഒരുതരം ഖലീഫമാര്‍ പച്ചപ്പുതപ്പും ധരിച്ച് വീടുകള്‍തോറും കയറിയിറങ്ങാറുണ്ട്. ദൈവകോപം പറഞ്ഞ് വിവരമില്ലാത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തും. സ്വര്‍ണത്തിന്റെ സര്‍പ്പരൂപം, കൈ, കാല്‍, മൂക്ക് തുടങ്ങിയ അവയവങ്ങളുടെ രൂപം എന്നിവ നേര്‍ച്ചയാക്കാന്‍ പറയുകയും അവയുടെ പണം വാങ്ങി രക്ഷപ്പെടുകയുമാണ് പതിവ്. ബാധയൊഴിപ്പിക്കാന്‍ നടക്കുന്നവരും സ്ത്രീകളുടെ സ്വര്‍ണവും ചാരിത്ര്യവുമാണ് മോഷ്ടിക്കുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കും ഇത്തരം ചൂഷണങ്ങള്‍ക്കുമെതിരെ  പൊതു സമൂഹത്തെ  ബോധവത്കരിക്കണം.  പ്രത്യേകിച്ച്, മാതൃസംഗമങ്ങളിലൂടെ സ്ത്രീകളെയും. വിദ്യാഭ്യാസം സാര്‍വത്രികമായാല്‍ അന്ധവിശ്വാസങ്ങള്‍ക്ക് വിരാമമുണ്ടാകുമെന്ന സങ്കല്‍പം തിരുത്താതിരിക്കട്ടെ.

(കടപ്പാട്: ചന്ദ്രിക ദിനപത്രം- 27 വെള്ളി മാര്‍ച്ച് 2015)

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.