ആട് ഒരു (മുസ്‌ലിം)ഭീകരജീവിയാണ്



.നാദിര്‍ഷ
..............................

'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമ ഒരു സാധാരണ കോമഡി സ്‌കിറ്റ് ആണ്. അറിഞ്ഞും അറിയാതെയും ചിരിക്കാനും ചിരിക്കാതിരിക്കാനും വകയുള്ള ഒരു കോമഡി സ്‌കിറ്റ്. മിഥുന്‍ മാനുവല്‍ നിരാശപ്പെടുത്തി. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു പുക മാത്രം ബാക്കി. താരങ്ങളില്‍ പലരും ഓവര്‍ആക്ടിങ്ങിന്റെയും തമാശയുണ്ടാക്കാനുള്ള ബദ്ധപ്പാടിന്റെയും പിന്നിലായിരുന്നു. ചിരിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ കാണുമ്പോള്‍ കരച്ചില്‍ വന്നു പോകുന്നു.
ധര്‍മജനും വിനായകനുമാണ് ചെറുതെങ്കിലും ആശ്വാസം നല്‍കിയത്.  ക്യാമറയും നിരാശപ്പെടുത്തിയില്ല.


എന്നാല്‍ സിനിമക്കുള്ളില്‍ അറിഞ്ഞോ അറിയാതെയോ വന്നിട്ടുള്ള ചില ബിംബങ്ങളും പ്രതീകങ്ങളും ചില സാമൂഹിക നിലപാടുകളെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിമര്‍ശനവിധേയമാക്കുന്നുണ്ട്. സമകാലിക സംഭവ വികാസങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പക്ഷേ, വേണ്ട വിധം വിജയിച്ചില്ലെങ്കിലും.

എം.എം മണിയുടെ 'കൊലപ്രസംഗം', സരിതാ നായരുടെ 'തുണ്ടുകള്‍', മേനകാ ഗാന്ധിയുടെ മൃഗപക്ഷ രാഷ്ട്രീയം,  ന്യൂജനറേഷന്‍ സിനിമക്കാരുടെ മയക്കുമരുന്ന് പ്രേമം, (കൊച്ചിഗോള്‍ഡ്).... എല്ലാം തൊട്ടുപോകുന്നുണ്ട് സിനിമ. 




അതിനിടയില്‍ 'ഭീകര ജീവികള്‍' തൊപ്പിയിട്ട് ഇടക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ ചെമ്പന്‍ വിനോദിന്റെ  വേഷം ചില അര്‍ഥങ്ങള്‍ പകരുന്നുണ്ട്. തൊപ്പിയിട്ട മുസ്‌ലിമാണ് ആ കഥാപാത്രം. വടംവലിയില്‍ സമ്മാനമായി കിട്ടിയ ആടിനെ അറുക്കാന്‍ തയ്യാറാവുന്ന കഥാപാത്രത്തെ പിന്നീട് സ്‌ക്രീനില്‍ കാണിക്കുന്നത് 'ഒരു ഭീകര ജീവിയായിട്ടാണ്'. ബീജിയം പാടുന്നതും അതുതന്നെ. സാമൂഹിക കാഴ്ചപ്പാടിനെ പരിഹസിക്കുന്ന കഥാപാത്രമാണ് വിനോദിന്റേത്. ആടിനെ അറുക്കുന്നതു പോയിട്ട് ഒരു കോഴിക്കുഞ്ഞിനെപ്പോലും കൊല്ലാനാവാത്ത മനസ്സാണ് ഈ 'ഭീകരനുള്ളത്' എന്നാണ് സത്യമെന്ന് സിനിമ പറയുകയും ചെയ്യുന്നു.
നീലക്കൊടുവേലി തട്ടിയെടുക്കാനെത്തുന്ന സംഘവും തൊപ്പിയിട്ട 'ഭീകരരാണ്'. മുസ്‌ലിം ചിഹ്നങ്ങളെ ക്രിമിനലുകള്‍ ദുരുപയോഗപ്പെടുത്തുന്നതിന് നിരവധി തെളിവുകള്‍ സമകാലിക സംഭവങ്ങളിലുണ്ട്. ആ സംഭവങ്ങളുടെ നേര്‍ക്ക് സിനിമയില്‍ കാണുന്ന വിമര്‍ശനങ്ങളെ ശ്രദ്ധിക്കാതെ പോകരുത്.

മാവോയിസ്റ്റ് ആക്രമണം കൂടെ സിനിമയില്‍ കൊണ്ട് വന്നിരുന്നെങ്കില്‍ സിനിമ കൂടുതല്‍ അര്‍ഥവത്തായേനെ. വിനായകന്റെ തോക്കുരൂപം കണ്ടപ്പോള്‍ ഒരു മാവോയിസ്റ്റ് ബന്ധം പ്രതീക്ഷിച്ചിരുന്നു.  

സിനിമ മൊത്തത്തില്‍ നനഞ്ഞ പടക്കം പോലെ ആയെങ്കിലും ചില നല്ല പ്രതികരണങ്ങള്‍ സിനിമക്കുള്ളിലുണ്ട്. സംവിധായകന്‍ അറിഞ്ഞിട്ട പേരു തന്നെയാണ് ആട് ഒരു 'ഭീകര'ജീവിയല്ല എന്നത്. ഇതൊരു മുസ്‌ലിം ആടാണ്. പിങ്കി എന്നല്ല അതിന്റെ പേര്. അത് അതിന്റെ വിളിപ്പേരാണ്. ഫാത്തിമയോ സൈനബയോ മറ്റോ ആണ് ശരിക്കും ഈ ആടിന്റെ പേര്.  
.


No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.