ഷൈന്‍ ടോം ചാക്കോക്ക് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ



ഷൈന്‍ ടോം ചാക്കോക്ക് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. മലയാള മാധ്യമങ്ങള്‍ ഈ വിഷയത്തിലെടുത്ത നിലപാടുകളെയാണ് സക്കറിയ വിമര്‍ശിക്കുന്നത്. സരിതക്കും സോളാര്‍ കേസിനും ശേഷം ഒരു പക്ഷേ ഇത്രയും രക്തം തിളപ്പിക്കുന്ന കച്ചവടമൂല്യമുള്ള ഒരു തിരക്കഥ മലയാള മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല എന്ന് അദ്ദേഹം പറയുന്നു.  ഷൈന്‍ ടോം ചാക്കോയും മൂന്ന് പെണ്‍കുട്ടികളും കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുംവരെ നിരപരാധികളാണ് എന്നത് പ്രസ്സ് ക്ലബ്ബുകള്‍ പരിശീലിപ്പിക്കുന്ന പത്രധര്‍മ്മത്തിന് ചുരണ്ടിക്കളഞ്ഞ സത്യങ്ങളാണ് എന്ന് സക്കറിയ എഴുതുന്നു.


തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സക്കറിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോള്‍ന്യൂസ്.കോമിലും ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'എന്താണ് അവരുടെ മേല്‍ പോലീസ് ഭാഷ്യം ചുമത്തുന്ന  മാധ്യമങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞ കുറ്റം? 
അവരുടെ താമസസ്ഥലത്തിന്റെ സ്വകാര്യതയിലിരുന്ന് അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചുവത്രെ. മയക്കുമരുന്നുപയോഗം കേരളത്തില്‍ കുറ്റകൃത്യമാണ്. അങ്ങനെ അവര്‍ ചെയ്തുവെങ്കില്‍ അതിനായി അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായോ, ആക്രമിച്ചതായോ, വഞ്ചിച്ചതായോ, ബ്ലാക്ക്‌മെയില്‍ ചെയ്തതായോ, മലയാളികള്‍ക്ക് വിപത്തുണ്ടാക്കുന്ന മറ്റെന്തെങ്കിലും കൃത്യം ചെയ്തതായോ അറിവില്ല.
അവര്‍ ആരോടും കോടികള്‍ കൈക്കൂലി വാങ്ങിയതായി അറിവില്ല. ആരെയും അമ്പത്തിയൊന്ന് വെട്ടുകള്‍കൊണ്ട് ഉന്മൂലനം ചെയ്തതായും അറിവില്ല. ഖജനാവിന്റെ പണമെടുത്ത് മക്കള്‍ക്ക് സ്ത്രീധനം കൊടുത്തതായി അറിവില്ല. വിദ്യാഭ്യാസത്തിന്റെ നാമത്തില്‍ ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങിയതായും അറിവില്ല. കള്ളകോര്‍പ്പറേഷനുകള്‍ സ്ഥാപിച്ച് നിങ്ങളും ഞാനും കരം കെട്ടിയ പണം ഊറ്റിക്കൊണ്ടു പോയതായി അറിവില്ല. അവര്‍ എളിയവരും ജീവിതം ആരംഭിച്ചിട്ടില്ലാത്തവരുമായ കലാപ്രവര്‍ത്തകര്‍ മാത്രമാണ്. 
മലയാളികളുടെ സമൂഹത്തിന്റെ അടിവേരുകള്‍ തന്നെ അറുത്തുകൊണ്ട് നമ്മുടെ മുമ്പിലൂടെ ഞെളിയുന്ന അധമന്മാരുടെ ശക്തിയോ സ്വാധീനമോ അവര്‍ക്കില്ല. അവര്‍ എന്നെയും നിങ്ങളെയും പോലെയുള്ള നിസ്സഹായരായ, സ്വപ്‌നം കാണുന്ന, മലയാളി പൗരന്മാര്‍ മാത്രമാണ്. ഹൃദയങ്ങളില്‍ ഭാവിയുടെയും ഭാവനയുടേയും കിനാവുകള്‍ നിറഞ്ഞ ചെറുപ്പക്കാര്‍. അവരെ വേട്ടയാടുന്നതിന്റെ പരമാനന്ദം മലയാള മാധ്യമങ്ങള്‍ പ്രസ്സ് ക്ലബ്ബുകളുടെ ജേര്‍ണലിസം കോഴ്‌സുകളിലേക്ക് ഒരു ' കേസ് സ്റ്റഡി'യായി എഴുതി ചേര്‍ക്കേണ്ടതാണ്.' എന്നും സക്കറിയ പറയുന്നു.


'കഞ്ചാവ് പോലെയുള്ള മദ്യേതര ലഹരികള്‍ ഉപയോഗിച്ചിരുന്ന അനവധി പ്രതിഭകള്‍ മലയാള കലാസാഹിത്യരംഗത്ത് എന്നും ഉണ്ടായിരുന്നു; ഇന്നുമുണ്ട്. മലയാള മാധ്യമങ്ങള്‍ക്ക് മലയാളികളോട് കൂറിന്റെ ഒരു ലാഞ്ജനപോലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഈ ചെറുപ്പക്കാരെ പോലീസിനോട് ഒത്ത് ചേര്‍ന്ന് ഭേദ്യം ചെയ്യുന്നതിനു പകരം, ലഹരിയുടെ ഉപയോഗത്തിന്റെ പിന്നിലെ സാമൂഹ്യശാസ്ത്രപരവും മനശ്ശാസ്ത്രപരവും പ്രതിഭാബന്ധിതവുമായ വസ്തുതകള്‍ പഠിച്ച് അവതരിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം അവരുടെ കച്ചവടത്വര അവരെ പ്രേരിപ്പിച്ചത് വാഗ്ദാന സമ്പന്നമായ ഒരു യുവാവിനെ വേട്ടയാടാനും നിസ്സഹായരായ മൂന്ന് പെണ്‍കുട്ടികളുടെ വസ്ത്രാക്ഷേപം നടത്താനുമായിരുന്നു എന്നതിന്റെ മുന്നില്‍ മലയാളിയായ ഞാന്‍ ലജ്ജിച്ചു തലകുനിച്ച് നില്‍ക്കുന്നു.'  എന്ന് പറഞ്ഞാണ് സക്കറിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

സക്കറിയയുടെ ഫെയ്‌സ്ബുക്ക് പേജ് കാണാന്‍ ഇതുവഴി പോവുക.
സക്കറിയയുടെ കുറിപ്പ് മുഴുവനായി ഡൂള്‍ന്യൂസ്. കോമിലും വായിക്കാം.
.


No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.