മര്‍ക്കസ് എക്‌സ്‌പോയും മുനവ്വറലി തങ്ങളും മലര്‍ന്നുകിടന്നു തുപ്പുന്ന സമസ്തയും / ചന്ദ്രിക മാപ്പു പറയണോ?


.എം.എം ഫൈസി


മര്‍കസ് മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സ്‌പോയിലെ അന്താരാഷ്ട്ര ഊദ് മേള പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതായി ചില മാധ്യമങ്ങളില്‍ വന്ന ഫോട്ടോയും വാര്‍ത്തയും ഉയര്‍ത്തിവിട്ട ചര്‍ച്ചകളും സംവാദങ്ങളും ഇനിയും അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വഴിവിട്ട ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇ.കെ വിഭാഗം സമസ്തയുടെ പ്രവര്‍ത്തര്‍ (ആവേശക്കമ്മിറ്റി) ആണ് ചര്‍ച്ച നയിക്കുന്നത്. മുനവ്വറലി തങ്ങള്‍ മര്‍ക്കസിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും വാര്‍ത്തയും ഫോട്ടോയും വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞാണ് ആവേശക്കമ്മിറ്റിക്കാര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. 

കാരന്തൂരിലെ അഗര്‍വുഡ് ഷോറും ഉദ്ഘാടനത്തിന് മാത്രമാണ് തന്നെ ക്ഷണിച്ചതെന്നും താന്‍ പങ്കെടുത്തതെന്നും മുനവ്വറലി തങ്ങള്‍ തന്നെ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വെളിപ്പെടുത്തിയിരുന്നു.   
മര്‍ക്കസ് സമ്മേളന സംഘാടകര്‍ അതിനെതിരായി രംഗത്തുവന്നിട്ടില്ല. ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെതായി വന്ന പ്രതികരണത്തിലും മുനവ്വറലി തങ്ങള്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ തങ്ങള്‍ പങ്കെടുത്തിട്ടുണ്ടെന്ന് പറയുന്നില്ല. അദ്ദേഹം ഉദ്ഘാടനം ചെയ്ത ഊദ് മേള എക്‌സ്‌പോയുടെ ഭാഗമാണെന്നും പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. രണ്ടുകൂട്ടരും പറയുന്നത് സത്യമാവുന്ന യുക്തി സാധാരണക്കാര്‍ക്ക് തിരിഞ്ഞുകൊള്ളണമെന്നില്ല. അത് സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിയും, പ്രത്യേകിച്ച് മുസ്‌ലിംസംഘടകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.


മര്‍കസ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സ്‌പോയിലെ അന്താരാഷ്ട്ര ഊദ് മേള പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതായി പത്രങ്ങളില്‍ വന്ന ചിത്രം

അതെന്തൊക്കെയാണെങ്കിലും മുസ്‌ലിം സംഘടനകള്‍ക്കിടയിലെ വിഭാഗീയത എത്ര ശക്തമാണെന്ന് മനസ്സിലാക്കാന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയക്കകത്തും പുറത്തും നടന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നുണ്ട്. എത്രയേറെ അസഹിഷ്ണുതയാണ് മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരുടെ ഉള്ളിലെന്ന് അളക്കാനും ഈ സംഭവം നിമിത്തമായിട്ടുണ്ട്.
ഒരു സംഘടനയുടെ വക്താവ് മറ്റൊരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്താണ് സംഭവിക്കുക.  മുനവ്വറലി തങ്ങള്‍ മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തെന്നിരിക്കട്ടെ. എന്നാല്‍ തന്നെ ഈ ഹാലിളക്കമെന്തിനാണ്.   

അമുസ്‌ലിംകളുടെ പരിപാടികളില്‍ സംബന്ധിക്കുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല, അത് ആര്‍എസ്എസ് ചിന്തകരുടെ യാഗസ്ഥലമായാലും കുഴപ്പമില്ല. രാംദേവിനെപ്പോലെ ഒരാളെ കെട്ടിപ്പുണര്‍ന്ന് ചുംബിച്ചാലും ഒരു വിവാദവുമില്ല. 
മുനവ്വറലി തങ്ങള്‍ തന്നെ നിരവധി അമുസ്‌ലിം വേദികളില്‍ പങ്കെടുക്കാറുണ്ട്.  അതിന്റെയെല്ലാം വാര്‍ത്തകള്‍ സചിത്രസഹിതം മതമൈത്രിയുടെ മാതൃകകളായി ബോക്‌സിട്ട് കൊടുക്കാറുണ്ട് മുസ്‌ലിം മാധ്യമങ്ങള്‍ പോലും. പക്ഷേ, മറ്റൊരു മുസ്‌ലിം സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്താന്‍ വലിയ കോലാഹലമായി.


മുനവ്വറലി തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കാരന്തൂരിലെ അഗര്‍വുഡ് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോട്ടക്കലില്‍ നടന്ന മുജാഹിദ് സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാനിരുന്നതാണ്. നോട്ടീസില്‍ പേരുണ്ടായിരുന്നു. പങ്കെടുക്കാമെന്ന് ഉറപ്പുകൊടുക്കാതെ സംഘാടകര്‍ നോട്ടീസില്‍ പേരു നല്‍കില്ലല്ലോ... എന്നിട്ടെന്തായി, അവസാനം ആളെത്തിയില്ല. ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോടെ യാഗസ്ഥലത്തെത്തി രാംദേവിന്റെ ആലിംഗനത്തില്‍ നിര്‍വൃതി നേടി സന്തുഷ്ടനായതും അതേ സാദിഖലി തങ്ങള്‍.
എ.പി സുന്നികളുടെ വേദിയില്‍ മുസ്‌ലിംലീഗ് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കു പോലും പങ്കെടുക്കാന്‍ പാടില്ലെന്ന് തീരുമാനിക്കുന്നത് സമസ്ത മുശാവറയാണ്. അവരുടെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ നാറ്റിച്ചുകളയും. എന്നിട്ടും അരിശം തീര്‍ന്നില്ലെങ്കില്‍ പട്ടിക്കാട് സമ്മേളനത്തിന് വിളിച്ചുകൊണ്ടുപോയി കൂവി വഷളാക്കിയേക്കും. ഇ. അഹമ്മദ് സാഹിബ് മറന്നുകാണില്ല, ആ കൂവല്‍ ശക്തി.

മുസ്‌ലിംലീഗ് നേതാക്കളെയും പാണക്കാട്ടെ തങ്ങള്‍മാരെ വരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ പൂട്ടിയിടുന്നതില്‍ സമസ്ത ഓരോ തവണയും വിജയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, പൊതു സമൂഹത്തില്‍ സമസ്ത തങ്ങളുടെ യാഥാസ്ഥിതിക- പിന്തിരിപ്പന്‍ നിലപാടുകളിലൂടെ സ്വയം അവഹേളിതരായിക്കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ ഠാ വട്ടത്തിനപ്പുറം ലോകമില്ലെന്ന് കരുതുന്നവരാണ് എല്ലാ മുസ്‌ലിം സംഘടനകളും. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ. ഈ കിണറിനപ്പുറവും ലോകം വിശാലമാണെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ട സ്‌നേഹവും സഹിഷ്ണുതയും വിശാല മനസ്‌കതയുമൊക്കെ ഏടുകളില്‍ തന്നെ കിടക്കട്ടെ... 


സംഭവം വിവാദമായ ശേഷം മുനവ്വറലി തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ്

അസഹിഷ്ണുതയുടെ മാറാപ്പുകള്‍ പൊട്ടിച്ച് വിഭാഗീയതയുടെ മതിലുകള്‍ ഉറപ്പിച്ച് നമുക്ക് നമ്മുടെ ലോകം പണിയാം. അവിടെ ഞാനും എന്റെ സംഘടനയും എന്റെ നേതാക്കളും മതി. അവര്‍ മാത്രം മതി. പൂര്‍വികരുടെ നല്ല മാതൃകകള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാം.

മുനവ്വറലി തങ്ങള്‍ എത്രമാന്യന്‍. 
'നിര്‍മാണാത്മകമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വേദിയാവേണ്ട സോഷ്യല്‍മീഡിയ പരസ്പരം പഴിചാരുന്ന വേദികളായി മാറ്റാതിരിക്കുക. ആശയങ്ങളങ്ങളിലെ വ്യത്യാസം മറ്റുള്ളവരെ കല്ലെറിയുന്നതിലേക്ക് നയിക്കാതിരിക്കട്ടെ. നമ്മുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും സ്‌നേഹത്തിന്റെ വര്‍ണങ്ങളാല്‍ അലങ്കരിക്കട്ടെ...' എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുള്ളത്. അറിവും വിവേകവും പക്വതയുമുള്ള നേതാക്കള്‍ക്കേ ഇങ്ങനെ ഉപദേശിക്കാനാവൂ.. 

അതുള്‍ക്കൊള്ളാനുള്ള മാനസിക വലുപ്പം അണികള്‍ക്കില്ലാതെ പോയാല്‍ എന്തുചെയ്യും. പാണ്ഡിത്യവും വിനയവും ഉള്‍ക്കാഴ്ചയുമുള്ള നേതാക്കളുടെ കുറവാണ് മുസ്‌ലിംസംഘടനകളുടെ അധപ്പതനത്തിന് കാരണമെന്ന് നിരീക്ഷിച്ചാല്‍ തെറ്റാവുമോ?

ചന്ദ്രിക പത്രം മാപ്പുപറയണോ?
മുനവ്വറലി തങ്ങള്‍ മര്‍ക്കസ് എക്‌സ്‌പോയിലെ ഊദ് മേള ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ചന്ദ്രിക പത്രത്തിനെതിരെയുള്ള കാമ്പയിനായി മാറിയിരിക്കുകയാണ്. ചന്ദ്രികയില്‍ മാത്രമല്ല പ്രസ്തുത ചിത്രം അച്ചടിച്ചുവന്നിട്ടുള്ളത്. എന്നാല്‍ ചര്‍ച്ചകള്‍ മുഴുവന്‍ ചന്ദ്രികക്ക് എതിരാവുന്നതെങ്ങനെയാണ്. ചന്ദ്രിക പത്രം മാപ്പുപറയണമെന്നാണ് 'സമരക്കാര്‍' ആവശ്യപ്പെട്ടത്.  

മുനവ്വറലി ശിഹാബ് തങ്ങളുടെ നിഷേധക്കുറിപ്പ് പത്രങ്ങള്‍ക്ക് അയച്ചുകൊടുത്തത് എസ്.കെ.എസ്.എസ്.എഫിന്റെ ആസ്ഥാനത്ത് നിന്നാണ്. മുനവ്വറലി തങ്ങള്‍ സമസ്തയുടെയോ എസ്.കെ.എസ്.എസ്.എഫിന്റെയോ ഔദ്യോഗിക ഭാരവാഹിയാണോ എന്നറിയില്ല. എന്നാലും സാങ്കേതികമായും മറ്റും അറിവും തിരിച്ചറുവുമുള്ള തങ്ങള്‍ക്ക് പത്രങ്ങളിലേക്ക് വിയോജനക്കുറിപ്പ് അയക്കാന്‍ ഒരു സംഘടനയുടെ സഹായം ആവശ്യമാണെന്ന് തോന്നുന്നില്ല. വിനയാന്വിതനായ തങ്ങളെ ചെറുതാക്കിക്കളയുകയാണ് വിയോജനക്കുറിപ്പ് അയച്ചവര്‍ ചെയ്തത്. മുനവ്വറലി തങ്ങള്‍ ഒരു പത്രത്തിനും നിഷേധക്കുറിപ്പ് നല്‍കിയതായി അറിയില്ല. വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് സ്ഥാപിക്കല്‍ തങ്ങളേക്കാള്‍ സമസ്തയുടെ ആവശ്യമായി മാറുന്നത് എങ്ങനെയാണ്? 


എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പത്രങ്ങളിലേക്ക് അയച്ച ഇ മെയില്‍

വിവേകമില്ലാത്ത പ്രവര്‍ത്തകരാണ് ചന്ദ്രിക പത്രത്തിനെതിരെ കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാനാവും. ചിലയിടത്ത് ചന്ദ്രിക പത്രത്തിന്റെ കേപ്പികള്‍ കത്തിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. എന്തുകൊണ്ട് ഇവര്‍ മനോരമ പത്രം കത്തിക്കുന്നില്ലെന്ന് ചോദിക്കരുത്. അതാണ് അതിന്റെ രാഷ്ട്രീയം. 

സുപ്രഭാതം പത്രത്തിന്റെ കാമ്പയിന്‍ കാലത്ത് രഹസ്യമായി ചന്ദ്രികക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ പരസ്യമായി പറയുന്നത്. ചന്ദ്രിക പത്രത്തില്‍ സമസതയുടെ വാര്‍ത്തകള്‍ക്ക് വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിയാണ് സുപ്രഭാതം പത്രത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്. ചന്ദ്രിക പത്രത്തില്‍ സുപ്രഭാതത്തിന് മുമ്പും ശേഷവും സമസ്തക്ക് നല്‍കിയിട്ടുള്ള പ്രാതിനിധ്യവും പ്രാധാന്യവും സുപ്രഭാതത്തിന് പോലും നല്‍കാനായിട്ടില്ല. നിരവധി ഉദാഹരണങ്ങള്‍ അതിനുണ്ട്. 

സുപ്രഭാതം പത്രം തുടങ്ങിയതിന് ശേഷം നടന്ന സമസ്തയുടെ പരിപാടികള്‍ക്ക് ചന്ദ്രികയിലും സുപ്രഭാതത്തിലും വന്ന കവറേജുകള്‍ നോക്കിയാല്‍ അന്തമുള്ളവര്‍ക്കത് മനസ്സിലാവും. ജലീല്‍ ഫൈസി പുല്ലങ്കോട് മരിച്ചപ്പോഴാണ് ജനങ്ങള്‍ക്ക് മനസ്സിലായത് അദ്ദേഹത്തെപ്പോലുള്ള നേതാക്കളെയൊന്നും സുപ്രഭാതത്തിലെ 'മുസ്‌ലിയാക്കന്‍മാര്‍ക്ക്' അറിയില്ലെന്ന്. (സമസ്തക്കാരെ നിയമം പഠിപ്പിക്കാന്‍ സുപ്രഭാതം കണ്ടെത്തിയത് ബി.ജെ.പി നേതാവിനെയാണല്ലോ...)
കാന്തപുരം വിഭാഗത്തിന്റെ വാര്‍ത്തകള്‍ ചന്ദ്രികയില്‍ കൊടുക്കുന്നവെന്നായിരുന്നു അടുത്ത ആരോപണം. ചന്ദ്രികയില്‍ ഹറാമായ കാന്തപുരത്തിന്റെ വാര്‍ത്തകള്‍ സുപ്രഭാതത്തിന് ഹലാലാവുന്നതും നമ്മള്‍ കണ്ടു. 

ചന്ദ്രിക മുനവ്വറലി തങ്ങള്‍ വിഷയത്തില്‍ മാപ്പു പറഞ്ഞില്ലെന്നത് നേരാണ്. എന്നാല്‍ അതിനുശേഷം മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചന്ദ്രികയില്‍ വന്നിട്ടില്ല. മന്ത്രി മഞ്ഞളാംകുഴി അലിയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മര്‍ക്കസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അവര്‍ പങ്കെടുത്തോ എന്നത് ചന്ദ്രിക വായനക്കാര്‍ അറിഞ്ഞില്ല. സുപ്രഭാതത്തില്‍ മര്‍ക്കസ് സമ്മേളന വാര്‍ത്തകള്‍ക്ക് തടസ്സമൊന്നും നേരിട്ടില്ല. സമാപന വാര്‍ത്ത വരെ വരികയും ചെയ്തു. അതിനവര്‍ക്ക് ന്യായമുണ്ട്, സുപ്രഭാതം ഒരു ജനറല്‍ പത്രമാണ്. ചന്ദ്രികക്ക് മാത്രം 'ജനറല്‍' ആയിക്കൂടെന്നുണ്ടോ...

സമസ്തയുടെ കുട്ടികള്‍ മലര്‍ന്നുകിടന്നു തുപ്പുകയാണ്. വന്നവഴി മറക്കരുതെന്ന് കുട്ടികളെ ഉപദേശിക്കാന്‍തക്ക നേതാക്കള്‍ സമസ്തയിലില്ലെന്നോ... സമസ്തയെ സമസ്തയാക്കിയതില്‍ ചന്ദ്രികക്കുള്ള പങ്ക് കുട്ടികളും നേതാക്കളും മറന്നാലും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാവില്ല.

Print Friendly and PDF
.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.