ചാപ്ലിന് സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിച്ചു, അതിലേറെ കരയിപ്പിക്കുകയും ചെയ്തു. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളൊന്നും. ചാര്‍ളി ചാപ്ലിന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 25ന് 37 വര്‍ഷം.മുഖ്താര്‍ ഉദരംപൊയില്‍
മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം ക്ലേശവും ദു:ഖവും അനുഭവിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ചിരി കണ്ടുപിടിച്ചത്.
- ഫ്രെഡറിക് വില്‍ഹെം നീത്‌ഷേ
ചാര്‍ളി ചാപ്ലിന് ഇങ്ങനെ മനസ്സുതുറന്നു ചിരിപ്പിക്കാനായാത് ചെറുപ്പകാലത്ത് അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കയ്പ്പ് ഉള്ളില്‍ വേവാതെ കിടക്കുന്നതുകൊണ്ടാവാം. ഓരോ ചിരിക്ക് പിന്നിലും വലിയ ദു:ഖങ്ങളുടെ വേദന ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠിപ്പിച്ചതും ചാര്‍ളി ചാപ്ലിനാവുമോ.
കുട്ടിക്കാലത്തെ ഒരനുഭവം ചാപ്ലിന്‍ ഓര്‍ക്കുന്നുണ്ട്.
''ആയിടക്ക് വല്ലാത്തൊരു സംഭവമുണ്ടായി. തെരുവിന്റെ അങ്ങേയറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. കശാപ്പു ചെയ്യാനുള്ള ആടിനെ ഞങ്ങളുടെ വീടിന് മുന്നിലൂടെ കൂട്ടത്തോടെ കൊണ്ടുപോകും. ഒരിക്കല്‍ ഒരാട് ഈ കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലൂടെ ഓടിപ്പോയി. ആളുകള്‍ക്ക് വലിയ തമാശ തോന്നി. ചിലരതിനെ പിടിക്കാന്‍ നോക്കി. മറ്റു ചിലര്‍ ഓട്ടത്തിനിടയില്‍ മറിഞ്ഞുവീണു. ആടിന്റെ ഓട്ടവും വെപ്രാളവും എല്ലാം കണ്ട് ഞാനും ആര്‍ത്ത്ചിരിച്ചു. ആകപ്പാടെ നല്ല രസം.
ഓടുവിലവര്‍ ആടിനെ പിടികൂടി കശാപ്പുശാലയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ആ രംഗത്തിലെ ദുരന്തം എനിക്ക് ബോധ്യപ്പെട്ടത്. എനിക്ക് സങ്കടം വന്നു. ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടിപ്പോയി. 'അവരതിനെ പിടിച്ചു. ഇപ്പോ അവരതിനെ കൊല്ലും.' പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞു.''
ആടിനെ പിന്തുടര്‍ന്നോടിക്കുന്ന ദുരന്ത ഹാസ്യരംഗം ചാപ്ലിന്റെ മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു. ചാപ്ലിന്റെ സിനിമകളിലെല്ലാം ഈ ഹാസ്യത്തിന്റെ തുടര്‍ച്ചകള്‍ കാണാം.
ചാള്‍സ് ചാപ്ലിന്റെയും ഹന്ന ഹില്ലിന്റെയും പുത്രനായി 1889ല്‍ ലണ്ടനിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ ജനിക്കുന്നത്. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ കുട്ടിക്കാലം. നാടക നടിയായിരുന്നു അമ്മ. അച്ചനും അമ്മയും പിണങ്ങിപ്പിരിഞ്ഞിരുന്നു.
''എനിക്ക് ഒരച്ഛനുണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചത് എനിക്ക് ഓര്‍മയില്ല. അദ്ദേഹവും ഒരു നാടക നടനായിരുന്നു. അച്ഛനെ കാണാന്‍ നെപ്പോളിയനെപ്പോലെയാണെന്ന് അമ്മ പറയാറുണ്ട്. ഗാംഭീര്യമുള്ള സ്വരവും അഭിനയ ശേഷിയുമുള്ള നല്ലൊരു കലാകാരനായിരുന്നു അദ്ദേഹം. അതിനാല്‍ അക്കാലത്ത് ആഴ്ചയില്‍ നാല്‍പതു പവന്‍ വരെ അദ്ദേഹത്തിന് വരുമാനമുണ്ടായിരുന്നു. പക്ഷേ, അച്ഛന്റെ അമിത മദ്യപാനമാണ് എല്ലാം കുഴപ്പത്തിലാക്കിയത്. അമ്മയും അച്ഛനും വേര്‍പിരിയാന്‍ കാരണവും അതുതന്നെയായിരുന്നു. ഹാസ്യവും സങ്കടവും നിറഞ്ഞ ഭാവത്തിലാണ് അമ്മ അച്ഛനെക്കുറിച്ച് പറഞ്ഞു തന്നിരുന്നത്.''
കുടുസ്സുമുറിയിലും അനാഥാലയങ്ങളിലും കഴിച്ചുകൂട്ടേണ്ടി വന്ന കയ്പ്പുള്ള ബാല്യകാലം.
അമ്മയുടെ മാനസിക നില തകരുന്നത് നിസ്സഹയനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് കൊച്ചു ചാപ്ലിന്. പട്ടിണിയുടെ അസഹനീയതയായിരുന്നു അമ്മയുടെ മാനസിക നില തെറ്റാന്‍ കാരണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ സഹോദരനോടൊപ്പം അമ്മയെ കാണാന്‍ ചെല്ലുമ്പോള്‍, അമ്മ പറയുന്നുണ്ട്, 'നീയെനിക്കൊരു കപ്പ് കാപ്പി തന്നിരുന്നെങ്കില്‍ എനിക്കപ്പോള്‍ തന്നെ സുഖമായേനെ' എന്ന്.
നിരവധി ജോലികള്‍ കുട്ടിക്കാലത്ത് ചാപ്ലിന്‍ ചെയ്തിട്ടുണ്ട്. കളിപ്പാട്ട നിര്‍മാണം, കണ്ണാടി വാര്‍പ്പ്, വേലക്കാരന്‍, സന്ദേശവാഹകന്‍ അങ്ങനെ വിവിധ മേഖലകളില്‍.
അഞ്ചാം വയസ്സുമുതല്‍ അഭിനയിച്ചുതുടങ്ങിയ ചാപ്ലിന്‍ എണ്‍പതു വയസ്സുവരെ അഭിനയരംഗത്തു തുടര്‍ന്നു. ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് 'ട്രാമ്പ്' എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.
അഞ്ചാം വയസ്സില്‍ ഒരു സംഗീത പരിപാടിയില്‍ തന്റെ അമ്മക്കു പകരം വേദിയിലെത്തിയാണ് ചാപ്ലിന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കുട്ടിക്കാലത്ത് രോഗ ബാധിതനായി കിടക്കുന്ന ചാപ്ലിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. എല്ലാം അനുകരിച്ച് ഫലിപ്പിക്കാന്‍ കുട്ടിക്കാലത്തേ ചാപ്ലിന്‍ മിടുക്കനായിരുന്നു.
ഇംഗ്ലീഷ് നാടക കമ്പനിയായ ദ എയ്റ്റ് ലങ്കാഷെയര്‍ ലാഡ്‌സില്‍ ചേര്‍ന്നതോടെയാണ് ചാപ്ലിന്‍ അഭിനയരംഗത്ത് സജീവമാകുന്നത്. നാടകങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ ചാപ്ലിന്‍ വലിയ അവസരങ്ങള്‍ നിര്‍മിച്ചെടുത്തു.
കഠിന പരിശ്രമവും പാരമ്പര്യമായി കിട്ടിയ അഭിനയ സിദ്ധിയും സ്ഥിരോത്സാഹവുമാണ് ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കിമാറ്റിയത്.
ചാപ്ലിന്‍ സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിച്ചു, അതിലേറെ കരയിപ്പിക്കുകയും ചെയ്തു. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളൊന്നും.
അമേരിക്കയിലേക്കുള്ള 'പലായനമാണ്' ചാപ്ലിനെ സിനിമാക്കാരനാക്കുന്നത്. എണ്‍പതിലധികം ചിത്രങ്ങള്‍ ചാപ്ലിന്റേതായി ഉണ്ട്.
ഇരട്ട ഓസ്‌കാറും സര്‍ പദവിയും
ചാപ്ലിന് രണ്ട് പ്രത്യേക ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല നടന്‍, ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കായിരുന്നു ആദ്യം തെരഞ്ഞെടുത്തത്. ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിര്‍മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭക്കുമുള്ള പ്രത്യേക പുരസ്‌കാരം നല്‍കി.
44 വര്‍ഷങ്ങള്‍ക്കു ശേഷം 1972ല്‍ ആണ് രണ്ടാമത്തെ പുരസ്‌കാരം ലഭിക്കുന്നത്. ഓസ്‌കാര്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നേരം കാണികള്‍ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ഈ പുരസ്‌കാര വിതരണ സമയത്ത് ചാപ്ലിനു വേണ്ടിയായിരുന്നു.
1975 മാര്‍ച്ച് 9നു ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീന്‍ എലിസബത്ത് ചാര്‍ളി ചാപ്ലിന് സര്‍ പദവി സമ്മാനിച്ചു.
രാഷ്ട്രീയക്കാരന്‍
ചാപ്ലിന്റെ അവസാന ചിത്രങ്ങളില്‍ കടുത്ത രാഷ്ട്രീയം വ്യക്തമായിരുന്നു. ഫാസിസത്തിനെതിരെ ശക്തമായി നിലപാടാണ് ചാപ്ലിന്‍ സിനിമയിലെടുത്തത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ചാപ്ലിന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
സോവിയറ്റ് യൂണിയനുമായിച്ചേര്‍ന്ന് ജര്‍മനിക്കെതിരെ രണ്ടാം യുദ്ധമുഖം തുറക്കുന്നതിനായി ചാപ്ലിന്‍ വാദിച്ചു. ജര്‍മനിയില്‍ നിന്ന് അഭയാര്‍ത്ഥികളായി വന്ന പലരും ചാപ്ലിന്റെ സുഹൃത്തുക്കളായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സും ചാപ്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചാപ്ലിന്‍ ദേശീയസുരക്ഷക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ 1947ല്‍ പ്രസ്താവിച്ചു. ചാപ്ലിന്റെ രാഷ്ട്രീയ നിലപാടുകളും വ്യക്തി ജീവിതത്തിലുണ്ടായ ചില വിവാദങ്ങളും അമേരിക്കയില്‍ അദ്ദേഹത്തിന്റെ പ്രശസ്തിയിടിച്ചു.
കുടുംബ ജീവിതം
ചാര്‍ളി ചാപ്ലിന്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മില്‍ഡ്രഡ് ഹാരിസ് (Mildred Harris). 1918ലായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുഞ്ഞുണ്ട്. 1921ല്‍ ആബന്ധം പിരിഞ്ഞു. 1924ല്‍ ലിതാ ഗ്രേ ( Lita Gray)യെ ഇണയാക്കി (രണ്ടു മക്കള്‍). എന്നാല്‍ ഈ ബന്ധവും കൂടുതല്‍ നിലനിന്നില്ല. 1927ല്‍ അവരു പിരിഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം 1936ലാണ് പൊലെറ്റെ ഗൊഡാഡ് (Paulette Goddard) നെ കല്ല്യാണം കഴിക്കുന്നത്. 1942 വരെയായിരുന്നു ആ ബന്ധത്തിന് ആയുസ്സ്. 1943ല്‍ ഊന (Oona O'Neill) യുമായുള്ള ബന്ധം തുടങ്ങി. ചാപ്ലിന്റെ മരണം വരെ (1977) അത് തുടര്‍ന്നു. ഇവര്‍ തമ്മില്‍ 36 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ടായിരുന്നു. വിവാഹ സമയത്ത് ഊനക്ക് 18 വയസ്സായിരുന്നു പ്രായം. 54 വയസ്സുണ്ടായിരുന്ന ചാപ്ലിനെ ഊനയെ പരിചയപ്പെടുത്തിയത് ഒരു ഫിലിം ഏജന്റായിരുന്നു. ഈ ബന്ധത്തില്‍ എട്ടു കുട്ടികള്‍ പിറന്നു.
ജോവാന്‍ ബാരിയും മകളും
ജോവാന്‍ ബാരി എന്ന നടിയുമായി ചാപ്ലിനുണ്ടായിരുന്ന ഹ്രസ്വമായ ബന്ധം വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ജോവാന്‍ ബാരി ഗര്‍ഭിണിയാണെന്നും കാരണക്കാരന്‍ ചാപ്ലിനാണെന്നുമായിരുന്നു ആരോപണം. 1944 ഫെബ്രുവരിയില്‍ ചാപ്ലിനെതിരേ മൂന്ന് കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടു.
കുറ്റവാളിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ചാപ്ലിന് 23 വര്‍ഷത്തെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ആദ്യ മൂന്ന് കുറ്റാരോപണങ്ങളില്‍ തെളിവില്ലാത്തതിനാല്‍ വിചാരണ നടന്നില്ല. നാലാമത്തെ കുറ്റാരോപണം സംബന്ധിച്ച കേസിലെ വിചാരണ 1944 മാര്‍ച്ച് 21ന് ആരംഭിച്ചു. ഏപ്രില്‍ നാലിന് ചാപ്ലിന്‍ കുറ്റവിമുക്തനാക്കപ്പെട്ടു.
ചാപ്ലിനെതിരേയുള്ള ഫെഡര്‍ ഭരണകൂടത്തിന്റെ കുറ്റാരോപണം പരാജയപ്പെട്ടുവെങ്കിലും പിതൃത്വ കേസ് അപ്പോഴും തീര്‍പ്പായിരുന്നില്ല. ചാപ്ലിന്റെയും ബാരിയുടെ കുട്ടിയായ കരോള്‍ ആന്റെയും രക്തഗ്രൂപ്പുകള്‍ പരിശോധിച്ചതില്‍ ചാപ്ലിന്‍ കുട്ടിയുടെ പിതാവല്ല എന്നാണ് തെളിഞ്ഞത്. എങ്കിലും ബാരി പിന്‍മാറിയില്ല. 1944 ഡിസംബര്‍ 19ന് വിചാരണ തുടങ്ങി. ആദ്യ വിചാരണയില്‍ ജൂറി ചാപ്ലിനനുകൂലമായിരുന്നുവെങ്കിലും തീരുമാനമെടുക്കാനുള്ള ഭൂരിപക്ഷമില്ലായിരുന്നു.
പുതിയ ജൂറിയുമായി പുതിയ വിചാരണ വേണമെന്ന് ബാരിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 1945 ഏപ്രില്‍ 12ന് രണ്ടാമത്തെ വിചാരണ തുടങ്ങി. രക്തഗ്രൂപ്പ് പരിശോധന തെളിവായി സ്വീകരിക്കാന്‍ പാടില്ല എന്ന് രണ്ടാമത്തെ വിചാരണയില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു. ഏപ്രില്‍ 17ന് ചാപ്ലിനാണ് അച്ഛനെന്ന് ജൂറി തീരുമാനിച്ചു. കുട്ടിയുടെ ചെലവ് ചാപ്ലിന്‍ വഹിക്കാന്‍ കോടതിവിധിയുണ്ടായി. കാരോള്‍ ആന്‍ 21 വയസ്സ് തികയുന്നതുവരെ ഇത് തുടരണമായിരുന്നു. പുതിയ വിചാരണ നടത്താന്‍ പാടില്ല എന്നും തീരുമാനമുണ്ടായി.
ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍
1929 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസം തലപൊക്കിയതും സൈനികാടിസ്ഥാനത്തിലുള്ള ദേശീയത പലയിടങ്ങളിലും നിലവില്‍ വന്നതും ചാപ്ലിനെ അസ്വസ്ഥനാക്കുകയുണ്ടായി.
ഈ വിഷയങ്ങള്‍ തന്റെ സിനിമകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയുകയില്ല എന്ന് ചാപ്ലിനു തോന്നി. 'അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലുള്ള ഒരു ഭീകരസത്വം ഭ്രാന്ത് ഇളക്കിവിടുമ്പോള്‍ സ്‌ത്രൈണമായ ചാപല്യങ്ങള്‍ക്കു കീഴടങ്ങുകയോ പ്രണയത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാന്‍ എനിക്ക് എങ്ങനെ സാധിക്കും?' എന്നായിരുന്നു ചാപ്ലിന്റെ നിലപാട്. ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍— എന്ന ആക്ഷേപഹാസ്യപരമായ ആക്രമണമാണ് ഫാസിസത്തിനെതിരേ ചാപ്ലിന്‍ അഴിച്ചുവിട്ടത്. ഇതായിരുന്നു ചാപ്ലിന്റെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം നിറഞ്ഞ സിനിമ.
ഹിറ്റ്‌ലറും ചാപ്ലിനും തമ്മില്‍ സാമ്യതകളുണ്ടായിരുന്നു. നാലു ദിവസം വ്യത്യാസത്തിലായിരുന്നു ഇവര്‍ ജനിച്ചത്. സമാനമായ സാഹചര്യങ്ങളിലായിരുന്നു വളര്‍ന്നതും. ചാപ്ലിന്റെ കഥാപാത്രമായ ട്രാമ്പിനും ഹിറ്റ്‌ലറിനും ഒരേപോലുള്ള ടൂത്ത്ബ്രഷ് മീശയായിരുന്നു. ഈ സാമ്യമായിരുന്നു ചാപ്ലിന്റെ കഥയുടെ അടിസ്ഥാനം.
രണ്ടു വര്‍ഷമെടുത്താണ് ഈ ചലച്ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ചാപ്ലിന്‍ തയ്യാറാക്കാറാക്കിയത്. 1939 സപ്തംബറില്‍ ചിത്രീകരണം തുടങ്ങി. ഹിറ്റ്‌ലറെ പ്രമേയമാക്കി ഒരു കോമഡി ചലച്ചിത്രം നിര്‍മിക്കുന്നത് വിവാദമായി. ഒരു ജൂതമതക്കാരനായ ബാര്‍ബറായാണ് ചാപ്ലിന്‍ അഭിനയിച്ചത്. (നാസി പാര്‍ട്ടിയുടെ വിശ്വാസം ചാപ്ലിന്‍ ഒരു ജൂതനാണെന്നായിരുന്നു). ഈ ചലച്ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു ചാപ്ലിന്. അഡിനോയിഡ് ഹൈങ്ക്‌ലെ എന്ന ഡിക്‌റ്റേറ്ററായിട്ടായിരുന്നു രണ്ടാമത്തെ വേഷം. ഹിറ്റ്‌ലറുടെ മെഗാലോമാനിയ, നാര്‍സിസിസം, ഭരിക്കാനുള്ള വാഞ്ഛ, മനുഷ്യജീവനോടുള്ള പുച്ഛം എന്നിവ ഈ വേഷം തുറന്നുകാട്ടി.
1940 ഒക്‌റ്റോബറിലാണ് ചലച്ചിത്രം റിലീസ് ചെയ്തത്. ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അതോടൊപ്പം കടുത്ത വിമര്‍ശനങ്ങള്‍ക്കും ഭരണകൂടത്തിന്റെ ശത്രുതക്കും ഈ ചിത്രം കാരണമായി. ചിത്രത്തിന്റെ അവസാന ഭാഗത്ത് തന്റെ നിലപാടുകള്‍ വ്യക്തമാക്കി ചാപ്ലിന്‍ നടത്തുന്ന പ്രഭാഷണം (The Great Dictator's Speech ) പ്രസക്തമാണ്.
ലൈംലൈറ്റ്
ചാപ്ലിന്റെ ഏറ്റവും ഗൗരവമുള്ള ചലച്ചിത്രമായിരുന്നു ലൈംലൈറ്റ് (1952). ഇത് ആത്മകഥാപരമായിരുന്നു. കാല്വെറോ എന്ന ചാപ്ലിന്‍ കഥാപാത്രം ഒരു പഴയ മ്യൂസിക് ഹാള്‍ താരമാണ്. പ്രശസ്തി നഷ്ടപ്പെടുന്നതിനോട് ഈ കഥാപാത്രം പ്രതികരിക്കുന്നതാണ് പ്രമേയം. ലൈംലൈറ്റില്‍ ചാപ്ലിന്റെ ആത്മകഥാപരമായ ഒരുപാട് അംശങ്ങളുണ്ട്. തന്റെ കുട്ടിക്കാലവും മാതാപിതാക്കളുടെ ജീവിതവും അമേരിക്കയിലെ തന്റെ പ്രശസ്തി നഷ്ടപ്പെട്ടതും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
ഈ ചലച്ചിത്രത്തിന്റെ പ്രിമിയര്‍ ലണ്ടനിലാണ് നടത്തിയത്. കഥ നടക്കുന്നത് ലണ്ടനിലായിരുന്നു. ഇതിനായി അമേരിക്ക വിട്ടപ്പോള്‍ തന്നെ താന്‍ തിരിച്ചുവരാന്‍ സാധ്യതയില്ല എന്ന് ചാപ്ലിന് അറിയാമായിരുന്നു.
1952 സപ്തംബര്‍ 18ന് ചാപ്ലിന്‍ ക്വീന്‍ എലിസബത്ത് എന്ന കപ്പലില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ബ്രിട്ടനിലേക്ക് തിരിച്ചു. അടുത്ത ദിവസം അറ്റോര്‍ണി ജനറല്‍ ജെയിംസ് പി. മക്ഗ്രാനെറി അമേരിക്കയിലേക്ക് തിരിച്ചുവരാനുള്ള ചാപ്ലിന്റെ അനുമതി റദ്ദാക്കി. തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സദാചാര സ്വഭാവത്തെക്കുറിച്ചും ഒരു അഭിമുഖത്തിനു തയ്യാറായാല്‍ മാത്രമേ അമേരിക്കയില്‍ തിരിച്ചെത്താന്‍ അനുവദിക്കൂ എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതെത്തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം വിഛേദിക്കാന്‍ ചാപ്ലിന്‍ തീരുമാനിച്ചു.
'ദുഃഖം നിറഞ്ഞ ആ രാജ്യത്ത് ഞാന്‍ തിരിച്ചു പ്രവേശിക്കുമോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമില്ലാത്ത കാര്യമായിരുന്നു. വെറുപ്പ് നിറഞ്ഞ ആ അന്തരീക്ഷത്തെ ഞാന്‍ എത്ര വേഗം ഉപേക്ഷിക്കുമോ അത്രയും നല്ലത് എന്ന് അവരോട് പറയണമെന്നെനിക്കുണ്ടായിരുന്നു. അമേരിക്കയുടെ സദാചാര നാട്യവും അധിക്ഷേപങ്ങളും എനിക്ക് മടുത്തുകഴിഞ്ഞിരുന്നു.'
ചാപ്ലിനും അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനും യൂറോപ്പില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.
മരണം
1977 ഡിസംബര്‍ 25നു സ്വിറ്റ്‌സര്‍ലാന്റില്‍ വെച്ച് അന്തരിച്ചു. 88ാം വയസ്സില്‍ ഒരു സ്‌ട്രോക്ക് വന്നായിരുന്നു മരണം. 1978 മാര്‍ച്ച് 1നു ഒരു ചെറിയ പോളിഷ് സംഘം ചാപ്ലിന്റെ മൃതശരീരം മോഷ്ടിച്ചു. ചാപ്ലിന്റെ കുടുംബത്തില്‍ നിന്നും പണം തട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ പദ്ധതി നടന്നില്ല. കുറ്റവാളികള്‍ പിടിക്കപ്പെട്ടു. 11 ആഴ്ചയ്ക്കു ശേഷം ജനീവ തടാകത്തിനു സമീപത്തുനിന്ന് ചാപ്ലിന്റെ മൃതശരീരം കണ്ടെടുത്തു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ചാപ്ലിനെ കോണ്‍ക്രീറ്റിനു കീഴില്‍ വീണ്ടും അടക്കം ചെയ്തു.
.
ചാര്‍ളി ചാപ്ലിന്റെ ശ്രദ്ധേയ സിനിമകള്‍
1914: മേക്കിംഗ് എ ലിവിംഗ് (making a living)
1916: ദ് ഫ്‌ലോര്‍ വാക്കര്‍ (the floorwalker)
1916: ദ് ഫയര്‍മാന്‍ (the fireman)
1916: ദ് വാഗബോണ്ട് (the vagabond)
1916: വണ്‍ എ.എം. (One A.M)
1916: ദ് കൌണ്ട് (The Count)
1916: ദ് പാണ്‍ഷോപ്പ് (the pawn shop)
1916: ബിഹൈന്റ് ദ് സ്‌ക്രീന്‍ (Behind The Screen)
1916: ദ് റിങ്ക് (the ring)
1917: ഈസി സ്റ്റ്ട്രീറ്റ് (Easy Street )
1917: ദ് ക്യൂര്‍ (The Cure)
1917: ദ് ഇമിഗ്രന്റ് (The Immigrant)
1917: ദ് അഡ്വെഞ്ചുറര്‍ (the adventurer)
1918: എ ഡോഗ്‌സ് ലൈഫ് (a dog's life)
1918: ദ് ബോണ്ട് (The Bond)
1918: ഷോള്‍ഡര്‍ ആര്‍മ്‌സ് (Shoulder. Arms)
1919: സണ്ണിസൈഡ് (sunnyside)
1919: എ ഡേയ്‌സ് പ്ലെഷര്‍ (A Day's Pleasure)
1921: ദ് കിഡ് (the kid)
1921: ദ് ഐഡില്‍ ക്ലാസ് (The Idle Class)
1922: പേയ് ഡേ ( Pay Day)
1923: ദ് പില്‍ഗ്രിം (the pilgrim)
1925: ദ് ഗോള്‍ഡ് റഷ് (the gold rush)
1928: ദ് സര്‍ക്കസ് (the circus)
1931: സിറ്റി ലൈറ്റ്‌സ് (city lights)
1936: മോഡേണ്‍ ടൈംസ് (Modern Times)
1940: ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍ (the great dictator)
1947: മോണ്‍സ്യൂര്‍ വെര്‍ഡോ (Monsieur Verdoux)
1952: ലൈംലൈറ്റ് (Limelight)
1957: എ കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക് (a king in new York)
.
LINKS TO CHARLIE CHAPLIN
Charlie Chaplin : Official Website
Charlie Chaplin - Wikipedia
charlie chaplin- google
Charles Chaplin - IMDb
Charlie Chaplin - The Biography Channel
charlie chaplin movies
charlie chaplin videos
charlie chaplin quotse
charlie chaplin photos
charlie chaplin biography
charlie chaplin speech
charlie chaplin youtube
65 Free Charlie Chaplin Films Online
Charlie Chaplin (Official) | Facebook
Charlie Chaplin : Biography - Spartacus Educational
.....
ABOUT THE AUTHOR..........................................................................................................
മുഖ്താര്‍ ഉദരംപൊയില്‍
മലപ്പുറം ജില്ലയില്‍ ചോക്കാട് പഞ്ചായത്തില്‍ ഉദരംപൊയില്‍ സ്വദേശി.
ചിത്രകാരന്‍, കഥയെഴുത്തുകാരന്‍
ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററാണ്.
ph: +91-9747275085
email: muktharuda@gmail.com
blog: www.muktharuda.blogspot.com, www.mukthararts.blogspot.com
മുഖ്താര്‍ ഉദരംപൊയില്‍
മലപ്പുറം ജില്ലയില്‍ ചോക്കാട് പഞ്ചായത്തില്‍ ഉദരംപൊയില്‍ സ്വദേശി.
ചിത്രകാരന്‍, കഥയെഴുത്തുകാരന്‍
ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററാണ്.
ph: +91-9747275085
email: muktharuda@gmail.com
blog: www.muktharuda.blogspot.com, www.mukthararts.blogspot.com


No comments:
Post a Comment