കുഴിമന്തി കഴിക്കൂ; വൃക്കരോഗം ഫ്രീ


.ഹംസ ആലുങ്ങല്‍


ഊദി അറേബ്യയില്‍ നിന്ന് നിതാഖാത്തിനൊപ്പം കേരളത്തിലെത്തിയ വിഭവമാണ് കുഴിമന്തി. മലബാര്‍ മേഖലയില്‍ മുക്കിനുമുക്കിന് കുഴിമന്തിക്കടകളാണ്. അവിടങ്ങളിലൊക്കെ രാവുംപകലും തിരക്കോട് തിരിക്കുതന്നെ. പാഴ്‌സല്‍ വാങ്ങാനെത്തുന്നവരുടെ എണ്ണവും വലുതാണ്.
വിവാഹങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും ഇപ്പോള്‍ കുഴിമന്തി നിര്‍ബന്ധമായിരിക്കുന്നു. 

ചൈനീസ് സാള്‍ട്ട് എന്ന പേര് വിളിക്കുന്ന അജിനോമോട്ടോയാണ് എല്ലാ ഫാസ്റ്റ് ഫുഡുകളെയും പോലെ കുഴിമന്തിയുടെയും രുചിരഹസ്യം. ഭക്ഷ്യ വസ്തുക്കളുടെ രുചികൂട്ടാനും ഭക്ഷണത്തോട് അമിതമായ ആര്‍ത്തി ഉണ്ടാക്കുന്നതിനുമാണ് അജിനോമോട്ടോ ചേര്‍ക്കുന്നത്. 

ആധുനിക ചൈനക്കാര്‍ രുചികൂട്ടാനായി  ഉപയോഗിച്ച് വന്നിരുന്ന അജിനോമോട്ടയുടെ ഉപയോഗം അവിടത്തെ കുട്ടികളില്‍ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നതായാണ് കണ്ടെത്തിയത്. ഇത് അന്വേഷിച്ച മെഡിക്കല്‍ സംഘം കുട്ടികളിലെ വൃക്ക തകരാറാക്കിയത് അജിനോമോട്ടോ തന്നെയാണെന്ന് കൃത്യമായി മനസ്സിലാക്കി. തുടര്‍ന്ന് ചൈനയില്‍ അജിനോമോട്ടോയുടെ ഉപയോഗം നിരോധിച്ചു. പക്ഷേ, ഇന്ത്യയിലേക്കടക്കം അജിനോമോട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്‌ച്ചോറ്, ചില്ലി ചിക്കന്‍, ജിഞ്ചര്‍ ചില്ലി, ഗോപി മഞ്ചൂരി, ഹോട്ടല്‍ വിഭവങ്ങള്‍, ചായ, കാപ്പി ബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം ഇപ്പോള്‍ അജിനോമോട്ടോ ചേര്‍ക്കുന്നുണ്ട്.  

ഫാസ്റ്റ് ഫുഡുകള്‍ ശീലമാക്കിയവര്‍ പൊണ്ണത്തടിയന്‍മാരും 90 ശതമാനം രോഗികളുമായിരിക്കും. കരളും വൃക്കയും തകര്‍ന്ന എത്രയെത്ര ഹതഭാഗ്യരാണ് സഹായ ഹസ്തവുമായി നമ്മുടെ മുമ്പിലെത്താറുള്ളത്. അവര്‍ക്ക് വേണ്ടി സഹായത്തിനിറങ്ങുമ്പോഴെങ്കിലും അവരെ അതിനിരയാക്കിയത് നിയന്ത്രണമില്ലാത്ത തീറ്റയാണെന്ന് ആരും അവരെ ഓര്‍മപ്പെടുത്താറില്ല.  

കുഴിമന്തിയും മറ്റ് ഫാസ്റ്റ്ഫുഡുകളും കഴിക്കുന്നവര്‍ ഓര്‍ക്കുക, താനൊരു വൃക്കരോഗി ആയിക്കൊണ്ടിരിക്കുകയാണ്. അജിനോമോട്ടോ നല്‍കുന്ന വല്ലാത്തരുചി നമ്മെ നിത്യരോഗിയാക്കുകയാണ്.


photo source: http://www.shutterstock.com/video/clip-5937509-stock-footage--woman-eating-fast-food-time-lapse.html

വന്ധ്യതക്ക് കാരണം ഫാസ്റ്റ്ഫുഡോ?
ഫാസ്റ്റ്ഫുഡിന്റെ ഉപയോഗം വന്ധ്യതക്കും കാരണമാകുന്നുണ്ട്. കേരളത്തില്‍ വന്ധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  കാരണങ്ങള്‍ പലതാകാം. പലപ്പോഴും ശാരീരിക പരിശോധനയില്‍ ഇവര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനും കഴിയാറില്ല.  ജനിതകമാറ്റങ്ങള്‍ വരുത്തിയ ഭക്ഷ്യവസ്തുക്കളാണിതിന് കാരണമെന്നത് തിരിച്ചറിയപ്പെടാതെ പോകുകയാണ്.

 ഏത് ഭക്ഷണം കഴിക്കണം, എപ്പോള്‍ കഴിക്കണം, എന്ത് കഴിക്കരുത്, എപ്പോള്‍ കഴിക്കരുത് എന്ന സാമാന്യബുദ്ധി മനുഷ്യര്‍ക്കില്ലാതായിരിക്കുന്നു. അതുതന്നെയാണ് അവരെ മാറാരോഗങ്ങളിലേക്കും മഹാവ്യാധികളിലേക്കും വഴിനടത്തുന്നതും. 

ഒരു നേരം പോലും നല്ല ഭക്ഷണം കഴിക്കാനോ മറ്റുള്ളവരെ കഴിപ്പിക്കാനോ നമുക്കറിയില്ല. കല്യാണ പാര്‍ട്ടികളിലും വിശേഷാവസരങ്ങളിലും വിശിഷ്ടാതിഥികളെ ക്ഷണിച്ചുവരുത്തി വിഷമാണ് തീറ്റിക്കുന്നത്. കല്യാണ പന്തലുകളില്‍ വിളമ്പുന്ന ബിരിയാണിയും  മറ്റു വിഭവങ്ങളും പോഷക സമൃദ്ധമാണെന്നാണ് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്.  

ആഹാരം ഔഷധമോ വിഷമോ?
ആഹാരമാണ് നിനക്ക് ഔഷധമെന്ന് പറഞ്ഞത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസാണ്. എന്നാല്‍ ആഹാരമണ് ഇന്ന് മനുഷ്യനെ രോഗിയാക്കിക്കൊണ്ടിരിക്കുന്നത്.  നമ്മള്‍ കഴിക്കുന്ന ആഹാരം നല്ലതല്ലെന്ന് മാത്രമല്ല വിഷലിപ്തവും മാലിന്യം നിറഞ്ഞതുമാണെന്ന് വന്നിരിക്കുന്നു. 

അജ്ഞതയും അറിവില്ലായ്മയും ചൂഷകര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നിടുന്നു. കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും  കുത്തകകളുടെ കല്‍പ്പനകളെ ശിരസാവഹിക്കാന്‍  നാം നിര്‍ബന്ധിതരായിരിക്കുന്നു. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമായിത്തീരുന്നു. അതുകൊണ്ടുതന്നെ പോഷക സമ്പുഷ്ടമായ ഭക്ഷണ ശീലങ്ങളും തനതായ ഭക്ഷണ വിഭവങ്ങളും ജീവിതത്തില്‍ തിരിച്ചുകൊണ്ടുവരിക മാത്രമേ പോംവഴിയുള്ളൂ.


photo source: http://www.huffingtonpost.ca/2013/03/04/junk-food-ban-ontario_n_2805670.html

കുരുന്നിലേ വഴിതെറ്റുന്ന ഭക്ഷണശീലം
കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണശീലം പഠിപ്പിക്കുന്നത് രക്ഷിതാക്കളാണ്. അവര്‍ തന്നെയാണിവിടെ ഒരുപരിധിവരെ തെറ്റുകാരും. ബേബി ഫുഡില്‍ തുടങ്ങുന്നു വിരുദ്ധാഹാരങ്ങളുടെ വിഷക്കൂട്ടുകള്‍. കോംപ്ലാനും ഹോര്‍ലിക്‌സും ബേബിവിറ്റയും മിഠായികളും ബേക്കറി പലഹാരങ്ങളും പാലും ഐസ്‌ക്രീമും ചോക്ക്‌ളേറ്റും ഒന്നും ഒരു കുഞ്ഞ് ആവശ്യപ്പെടുന്നതല്ല. നമ്മള്‍ അവരെ ശീലിപ്പിക്കുന്നതാണ്. 

ഒരു വയസ്സു മുതല്‍ മൂന്ന് വയസ്സുവരെയുള്ള പ്രായത്തിനിടയിലാണ് കുട്ടികളില്‍ ഭക്ഷണശീലത്തിന് അടിത്തറയുണ്ടാകുന്നത്. ഒരു ഭക്ഷണത്തോടുള്ള വെറുപ്പും മറ്റൊന്നിനോടുള്ള മമതയും ഉടലെടുക്കുന്നതും ഈ പ്രായത്തിലാണ്. ഭക്ഷണശീലത്തെ സംബന്ധിച്ച് ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴമൊഴി വളരെ ശരിയാണ്. രക്ഷിതാക്കള്‍ ജാഗ്രത പാലിച്ചേ മതിയാകൂ. അടുത്ത തലമുറക്കുവേണ്ടി എങ്കിലും. 

ഷവര്‍മ ചിലരുടെ ശവമെടുത്തെങ്കില്‍ കുഴിമന്തിയും പുതിയ രുചിക്കൂട്ടുകളും നമ്മുടെ കുഴിമാന്തിക്കൊണ്ടിരിക്കുകയാണ്. സാവധാനത്തിലുള്ള ആത്മഹത്യയിലാണ് നമ്മളോരോരുത്തരും. അതുമറക്കാതിരിക്കുക. 
.


മലപ്പുറം ജില്ലയില്‍ കുഴിമന്തി വ്യാപകമായ സമയത്ത് ഏഷ്യാനെറ്റില്‍ വന്ന റിപ്പോര്‍ട്ട്‌





Print Friendly and PDF


ABOUT THE AUTHOR........................................................................................


ഹംസ ആലുങ്ങല്‍
അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍
മലപ്പുറം ജില്ലയിലെ അഞ്ചച്ചവടി സ്വദേശി. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്മ എന്ന പേരിലാണ് എഴുതിത്തുടങ്ങിയത്. കഥകളാണ് എഴുതിയിരുന്നത്.
സിറാജ് പ്ത്രത്തില്‍ സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ സുപ്രഭാതം പത്രത്തില്‍ സബ് എഡിറ്റര്‍.
പുഴവിളിക്കുന്നു (കഥാ സമാഹാരം), മഴതോരാതെ (നോവല്‍), കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍, സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രം തുടങ്ങി പത്തോളം പുസ്്തകങ്ങളുടെ രചയിതാവ്.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡ്, സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനുള്ള , സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്, അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ വിജിലന്റ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍.
ph: +918589984497
email: hamzaalungal07@gmail.com
blog: http://hamzaalungal.blogspot.in/


4 comments:

  1. Can you please give a scientific reference to back up your arguments. Otherwise it sounds very vague and without any substance.

    ReplyDelete
  2. മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്ന അജിനോമോട്ടോ ചൈനയിൽ എപ്പോ നിരോധിച്ചെന്ന്?

    ReplyDelete
  3. തക്കാളിയിലും ഉരുളക്കിഴങ്ങിലും കൂണുകളിലും ഒക്കെ നാച്ചുറലി ഉള്ള ഒന്നാണ് എംഎസ്‌ജി. അജിനോമോട്ടോ എന്ന കമ്പനിയുടെ പ്രധാന ഉല്പന്നം ആണ് ഇതുള്ള സീസണിങ്ങ്. ഇത് എവിടെയും നിരോധിച്ചിട്ടൊന്നും ഇല്ല. http://en.wikipedia.org/wiki/Monosodium_glutamate. ഇതിന്റെ വലിയ ഡോസിൽ ഉള്ള ഉപയോഗം ചിലർക്കൊക്കെ തലവേദനയും ഛർദ്ദിയും ഉണ്ടാക്കുന്നതായി കണ്ടെത്തിയതല്ലാതെ ഈ വൃക്കരോഗത്തിന്റെ കാര്യമൊന്നും എവിടെയും പറഞ്ഞു കണ്ടിട്ടില്ല.

    ReplyDelete
  4. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ശാസ്ത്രീയ പിന്തുണ ഉണ്ടോ?

    ReplyDelete

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.