എയ്ഡ്‌സ് നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്കോ?/ പുതുതായി എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തുന്ന പത്ത് ശതമാനം പേര്‍ സാമൂഹ്യമായി ഉന്നതിയില്‍ നില്‍ക്കുന്നവര്‍


ഗരത്തെ അപേക്ഷിച്ച് എയ്ഡ്‌സ് രോഗികളുടെ എണ്ണം ഗ്രാമത്തില്‍ കൂടുതലെന്ന്.   ഗ്രാമങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ എച്ച്.ഐ.വി അണുബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം പുതുതായി എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തുന്ന പത്ത് ശതമാനം പേര്‍ സാമൂഹ്യമായി ഉന്നതിയില്‍ നില്‍ക്കുന്നവരാണത്രെ. 

ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ സ്ത്രീകളിലും എച്ച്.ഐ.വി ബാധിതരുണ്ട്. അന്യദേശത്ത് നിന്നും വന്ന് ജോലിചെയ്ത് താമസിക്കുന്ന പുരുഷന്‍മാര്‍ വിവാഹം കഴിക്കുന്നതിലൂടെയാണ് ഇവര്‍ക്ക് രോഗം എത്തുന്നത്. നിരവധി കേസുകള്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിചയമില്ലാത്തവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നതിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും അത്തരം വ്യക്തികളുമായി വിവാഹം നടത്തുന്നതിന് മുമ്പ് രക്തപരിശോധന നടത്തിയിരിക്കണമെന്നും എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തകര്‍ പറയുന്നു.
സ്ത്രീ ലൈംഗിക തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍, കുടിയേറ്റ തൊഴിലാളികള്‍ ഇങ്ങനെയുള്ള വിഭാഗങ്ങളിലാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം നേരത്തെ കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഈ  വിഭാഗങ്ങളില്‍ പുതുതായി എച്ച്.ഐ.വി ബാധിതരാവുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍ എന്നിവര്‍ക്കിടയില്‍ എയ്ഡ്‌സ് രോഗബാധ കുറഞ്ഞിട്ടില്ല.  



 സംസ്ഥാനത്താകെ ഇതുവരെ 26242 പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുള്ളത്. 27,76,815 പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (5106 പേര്‍). ഏറ്റവും കുറവ് എയ്ഡ്‌സ് രോഗികളുള്ളത് വയനാട്ടിലാണ് (238 പേര്‍). ഇതുവരെ സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിച്ച് 499 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.


എയ്ഡ്‌സ്: രോഗവും പ്രതിരോധവും
ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരകരോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്‌സ്. ആര്‍.എന്‍.എ.(R.N.A)വിഭാഗത്തില്‍പ്പെട്ട ഒരു റിട്രോ (Rtero Virus) ആണ് എയ്ഡ്‌സ് വൈറസ്.  

  എയ്ഡ്‌സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ച നടത്തുന്നതിലൂടെയും കുത്തി വയ്പ്പ് സൂചികള്‍ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുന്നതിലൂടെയും വൈറസ് ഉള്ള രക്തം, രക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍, ശുക്ലം തുടങ്ങിയവ മറ്റൊരാളിലേക്ക് പകരുന്നതിലൂടെയും എച്ച് ഐ വി ബാധയുണ്ടാകും. വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതില്‍ കൂടിയോ മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്.  

എയ്ഡ്‌സ് രോഗാണുക്കള്‍ ശരീരത്തിലുള്ള എല്ലാവര്‍ക്കും ഉടനെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങില്ല.  രോഗലക്ഷണം ഉള്ളവര്‍ മാത്രമല്ല എയ്ഡ്‌സ് രോഗാണുബാധിതര്‍. രോഗ ലക്ഷണം കാണിച്ചില്ലെങ്കിലും എച്ച് ഐ വി ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതാണ്.

എച്ച്.ഐ.വി രോഗബാധക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്: 1. അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം), 2. രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കല്‍ ലേറ്റന്‍സി എന്ന ഘട്ടം, 3. എയ്ഡ്‌സ്.
രോഗാണുബാധയുണ്ടായ ശേഷമുള്ള ആദ്യസമയത്തെ പ്രൈമറി എച്ച്.ഐ.വി., അക്യൂട്ട് റിട്രോവൈറല്‍ സിന്‍ഡ്രോം എന്നീ പേരുകളിലും വിവക്ഷിക്കാറുണ്ട്.  ഇന്‍ഫ്‌ലുവന്‍സ പോലെയുള്ള ഒരസുഖമോ, മോണോന്യൂക്ലിയോസിസ് പോലെയുള്ള രോഗലക്ഷണങ്ങളോ ആണ് ആദ്യം കാണപ്പെടുന്നത്. ഇത് രോഗാണുബാധയുണ്ടായി 2-4 ആഴ്ച്ചകള്‍ കഴിയുമ്പോഴാണ് പ്രത്യക്ഷപ്പെടുക. ചിലര്‍ക്ക് ഇത് കാണപ്പെടുകയുമില്ല. 

40-90% രോഗബാധിതരിലും ഇത്തരം രോഗലക്ഷണങ്ങള്‍ കാണപ്പെടും. പനി, ലിംഫ് ഗ്രന്ഥികളില്‍ നീര്, തൊണ്ടയില്‍ കോശജ്വലനം, തൊലി ചുവന്നുതടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നത്. ഉടലില്‍ ചിലര്‍ക്ക് ചുവന്നുതടിക്കും. ചിലരില്‍ ഈ സമയത്ത് അവസരവാദരോഗബാധകള്‍ ഓപ്പര്‍ച്യുണിസ്റ്റിക് രോഗബാധകള്‍ ഉണ്ടാകാറുണ്ട്. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പെരിഫെറല്‍ ന്യൂറോപ്പതി, ഗില്ലന്‍ ബാരെ സിന്‍ഡ്രോം എന്നിവയും കാണപ്പെടാറുണ്ട്. ഒന്നോ രണ്ടോ ആഴ്ച്ചയാണ് സാധാരണയായി ഈ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നത്.  ഇവ മറ്റസുഖങ്ങളിലും കാണപ്പെടാറുണ്ട് എന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ എച്ച്.ഐ.വി. രോഗബാധയായി മിക്കപ്പോഴും തിരിച്ചറിയപ്പെടാറില്ല.  

രോഗലക്ഷണങ്ങള്‍ ഒന്നും കാണപ്പെടാത്ത ഒരു കാലയളവാണ് ആദ്യ ഘട്ടം കഴിഞ്ഞാല്‍ ഉണ്ടാകുന്നത്. ഇതിനെ ക്രോണിക് എച്ച്.ഐ.വി. എന്നും വിളിക്കാറുണ്ട്. ചികിത്സയില്ലെങ്കില്‍ ഈ ഘട്ടം മൂന്നുവര്‍ഷം മുതല്‍ ഇരുപതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാം. ശരാശരി കാലയളവ് എട്ടു വര്‍ഷങ്ങളാണ്. സാധാരണഗതിയില്‍ തുടക്കത്തില്‍ രോഗലക്ഷണങ്ങളുണ്ടാവാറില്ലെങ്കിലും ഈ ഘട്ടത്തിന്റെ അവസാനത്തോടടുത്ത് പല രോഗികള്‍ക്കും പനി, തൂക്കം കുറയല്‍, പേശീവേദന, പചനവ്യൂഹവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ എന്നിവ കാണപ്പെടാറുണ്ട്.  50 മുതല്‍ 70% വരെ രോഗികള്‍ക്ക് ലിംഫ് ഗ്രന്ധികളില്‍ സ്ഥിരമായി വീക്കവും കാണപ്പെടാറുണ്ട്.  



 സിഡി4 ടി കോശങ്ങളുടെ എണ്ണം +200ല്‍ താഴുന്നതാണ് എച്ച്.ഐ.വി. രോഗാണുബാധയായി കണക്കാക്കുന്നത്.  ചികിത്സയില്ലെങ്കില്‍ രോഗബാധിതരായ ആള്‍ക്കാരില്‍ പകുതിപ്പേര്‍ക്കും പത്തുവര്‍ഷത്തിനുള്ളില്‍ എയ്ഡ്‌സ് ബാധയുണ്ടാകും.  ന്യൂമോസിസ്റ്റിസ് ന്യൂമോണിയ (40%), ശരീരഭാരം കുറയല്‍ (20%) അന്നനാളത്തിലെ കാന്‍ഡിഡ ബാധ എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. തുടരെത്തുടരെ ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകുന്നതും ഒരു രോഗലക്ഷണമാണ്.
 രോഗനിര്‍ണ്ണയത്തിന്‍ പ്രധാനമായും മൂന്നു മാര്‍ഗങ്ങളാണ് ഉള്ളത്. 1.രക്തത്തില്‍ വൈറസ് ആന്റിജന്‍ കണ്ടുപിടിക്കുക. 2. വൈറസിന്റെ എതിരെ ഉല്‍പാദിക്കപ്പെടുന്ന പ്രതിവസ്തുക്കളെ കണ്ടുപിടിക്കുക. 3.രക്തത്തില്‍ നിന്നും വൈറസിനെ കൃത്രിമമായി വളര്‍ത്തി എടുക്കുക.

രോഗാണു ഉള്ളില്‍ പ്രവേശിച്ച് പ്രതിവസ്തുക്കള്‍ ഉണ്ടാകുന്നതുവരെയുള്ള ഘട്ടത്തില്‍ രോഗനിര്‍ണ്ണയത്തിനുള്ള ഉപാധിയാണ് ഒന്നാമത്തേത്. വൈറസ്സിന്റെ പി24, റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് ഇവ അണുബാധിതന്റെ രക്തത്തില്‍ കണ്ടുപിടിക്കുകയാണു ചെയ്യുക. എലിസ പരിശോധനയാണ് ഇതിനുപയോഗിക്കുക.

 രോഗാണു ഉള്ളില്‍ പ്രവേശിച്ചവരില്‍ ആന്റിബോഡിസ് 13 മാസത്തിനുള്ളില്‍ ഉല്‍പാദിക്കപ്പെടും. ചിലര്‍ക്ക് ഇതിനു വര്‍ഷങ്ങള്‍ പിടിക്കും.

എലിസ അഥവാ എന്‍സൈം ലിങ്ക്ട് ഇമ്മ്യൂണോസോര്‍ബന്റ് അസെ വഴിയാണു ഈ പരിശോധന നടത്തുന്നത്. രോഗനിര്‍ണയം സംശയമന്യേ തെളിയിക്കാനുള്ള പരിശോധനയാണ് വെസ്‌റ്റേണ്‍ ബ്ലോട്ട്. HIV വൈറസിലുള്ള വിവിധ തരം ആന്റിജനുകളെ വേര്‍ത്തിരിച്ചെടുത്ത് ഒരു നൈട്രോ സെല്ലുലോസ് പേപ്പറിലേക്ക് പതിപ്പിക്കുന്നു. ഈ പേപ്പറും രോഗിയുടെ രക്ത നീരുമായി പ്രവര്‍ത്തനം നടത്തി, ഏതൊക്കെ ആന്റിജന്‍ എതിരെയുള്ള പ്രതിവസ്തുക്കള്‍ രോഗിയുടെ രക്തത്തില്‍ ഉണ്ടെന്നും കണ്ടുപിടിക്കുന്ന പരിശോധനയാണ് വെസ്‌റ്റേണ്‍ ബ്ലോട്ട്.

എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹേതര ലൈംഗികവേഴ്ചകള്‍ ഒഴിവാക്കുക തന്നെയാണ് പ്രധാനം.  ഉറ ഉപയോഗിക്കുന്നത് രോഗം പടരുന്നത് തടയുമെന്ന് പറയുന്നുണ്ടെങ്കിലും അതു നൂറു ശതമാനം സുരക്ഷിതമല്ല. സ്വവര്‍ഗ രതിക്കാരിലും എയ്ഡ്‌സ് വ്യാപകമാണല്ലോ.
രോഗാണുബാധിതര്‍ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യരുത്. ഇത് രോഗം മറ്റൊരാളിലേക്ക് പടര്‍ത്തും. ഒരാള്‍ ഉപയോഗിച്ച സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കുന്നതും രോഗം പടരാനിടയാക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് മയക്കുമരുന്ന് കുത്തിവെക്കാനായി ഉപയോഗിക്കുന്ന സിറിഞ്ച് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിലൂടെയാണ്.

എയ്ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗര്‍ഭിണിയാവാതുന്നത് കുഞ്ഞുങ്ങളിലേക്ക് രോഗം പടരുന്നതിന് കാരണമാവും. മുലപ്പാല്‍ കുടിക്കുന്നതിലൂടെയും കുട്ടികളിലേക്ക് രോഗം പടരാം.
.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.