നിലമ്പൂരില്‍ കുരങ്ങുപനി പടരുന്നു. ഉള്‍വനത്തിലെ ചോലനായ്ക്ക ആവാസ കേന്ദ്രമായ നാഗമലയിലാണ് കുരങ്ങു പനി (കേസാനൂര്‍ ഫോറസ്റ്റ് ഡിസീസ്) പടരുന്നത്.
കടുത്ത പനിയെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന താടി മാതന് (65) കുരങ്ങു പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പുനൈയിലെ നാഷണല്‍ വയറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നടത്തിയ പരിശോധനയിലാണ് കെ.എഫ്.ഡി വൈറസ് ബാധ സ്ഥിരീകരിച്ചത്. മാതന്റെ മകന്‍ ഹരിദാസന്‍ (6), മൂന്നും രണ്ടും വയസുള്ള പെണ്‍ക്കുട്ടികളും പനി ബാധിച്ച അവസ്ഥയിലാണ്.
ജൂണ്‍ മാസത്തില്‍ നാല് പേര്‍ക്ക് പനി സ്ഥിരീകരിച്ചിരുന്നു.
![]() |
കരുളായിയില്‍ ഭൂമിക്കുത്ത് കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം കണ്ട കുരങ്ങിന്റെ മൃതദേഹം |
ശരീരത്തില്‍ മുറിവുകളില്ല. ജഡം പോസ്റ്റുമോര്‍ട്ടത്തിനായി പൂക്കോട് വെറ്ററിനറി കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് പനിച്ചോലയില്‍ കണ്ടെത്തിയ കുരങ്ങിന്റെ ജഡം വിദഗ്ധ പരിശോധനക്കായി പുനൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരിട്ടുണ്ട്. ഇന്നോ നാളെയോ അതിന്റെ ഫലം ലഭിക്കുമെന്നാണ് അറിയുന്നത്.
![]() |
| വെള്ളിയാഴ്ച പനിച്ചോലയില്‍ കണ്ടെത്തിയ കുരങ്ങിന്റെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തുന്നു |
കുരങ്ങുപനി നിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. പനി ബാധിച്ച താടിമാതന്‍ (65) അസുഖം മാറിയതിനെത്തുടര്‍ന്ന് ഞായറാഴ്ച ആസ്പത്രി വിട്ടതായും മന്ത്രി പറഞ്ഞു.
184 പേര്‍ മാത്രം താമസിക്കുന്ന നിലമ്പൂര്‍ ഉള്‍വനത്തിലെ മാഞ്ചീരി കോളനിയിലേക്ക് 22 കിലോമീറ്ററോളം നടന്നുവേണം എത്താന്‍. കഴിഞ്ഞവര്‍ഷം 61 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയിരുന്നു. കുരങ്ങുകള്‍ ചത്ത വിവരമറിഞ്ഞ് 26ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നൂനമര്‍ജയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലെത്തുകയും 31 പേര്‍ക്കുകൂടി പ്രതിരോധ വാക്‌സിന്‍ നല്‍കുകയും ചെയ്തു. കോളനിയിലെ മറ്റ് അഞ്ചോളം പേര്‍ക്കുകൂടി പനി ബാധയുണ്ട്. അത് ഏതുതരം പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലമ്പൂര്‍ കാടുകളില്‍ കുരങ്ങുകള്‍ ചാവുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നതെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും ഡി.എം.ഒ ഡോ.ഉമര്‍ ഫാറൂഖ് പറഞ്ഞു. വനത്തിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികള്‍ക്കും കുരങ്ങു പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഡി.എം.ഒ അറിയിച്ചു.
.
എന്താണ് കുരങ്ങുപനി
കര്‍ണ്ണാടകയിലെ ഷിമോഗക്ക് അടുത്ത ക്യാസന്നൂറ വനമേഖലയില്‍ 1955 ലാണ് ലോകത്താദ്യമായി കുരങ്ങുപനിക്ക് കാരണമായ വൈറസ് കണ്ടെത്തിയത്. ഒരു പ്രത്യേകതരം രോഗത്തിനടിമയായി കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതും വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ഗ്രാമീണരില്‍ പ്രത്യേകതരം പനി പെട്ടെന്ന് പടര്‍ന്നുപിടിച്ചതുമാണ് വൈറസ് കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്.
ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കെ. എഫ്. ഡി എന്നാണ് കുരങ്ങുപനിയുടെ ശാസ്ത്രീയനാമം. ഫഌവിവൈറിഡേ കുടുംബത്തില്‍പ്പെട്ട ഫഌവി വൈറസാണ് രോഗകാരണം.
കുരങ്ങുകളും ചിലപ്പോഴെല്ലാം എലി, പശു, ആട് തുടങ്ങിയവയുമാണ് രോഗവാഹകരെങ്കിലും രോഗസംക്രമണം നടക്കുന്നത് രോഗാണുവാഹകരായ ചെള്ളുകളിലൂടെയാണ്. ഹിമോഫിസലിസ് സ്‌പൈനിഗേര എന്നപേരിലുള്ള ചെള്ളാണ് രോഗം പരത്തുന്നതില്‍ മുമ്പന്‍. ഏകദേശം പതിനാറുതരം ചെള്ളുകളില്‍ ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ചതോ രോഗ ബാധയാല്‍ ചത്തതോ ആയ കുരങ്ങുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ രോഗവാഹകരായ ചെള്ളുകളുടെ കടിയോ ആണ് മനുഷ്യരിലേക്ക് ഈ രോഗം പരത്തുന്നത്. 1957ലാണ് ഈ രോഗം മൂലമുള്ള മരണം ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. വര്‍ഷത്തില്‍ നാനൂറോളം കേസുകള്‍ മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് കുരങ്ങുപനി കൂടുതലായി കണ്ടുവരുന്നത്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മൂന്നു ദിവസം മുതല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. കടുത്തപനി തന്നെയാണ് പ്രധാന ലക്ഷണം. കടുത്ത പേശിവേദനയും ചുമയും വയറിളക്കവും ഛര്‍ദ്ദിയും രക്തസ്രാവവും ഉണ്ടായേക്കാം.
ചിലരില്‍ കാര്യമായ ചികിത്സ ഇല്ലാതെ തന്നെ ദിവസങ്ങള്‍ക്കകം സുഖം പ്രാപിക്കാറുണ്ട്. പത്തു മുതല്‍ ഇരുപത് ശതമാനം പേരിലാണ് രോഗം ഗുരുതരമാകാറുള്ളത്.
ഇവരില്‍ മൂന്നാഴ്ചയോടുകൂടി രോഗലക്ഷണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാം. മരണത്തിന് സാധ്യതയുള്ളത് ഈ ഘട്ടത്തിലാണ്. മൂന്നു മുതല്‍ അഞ്ച് ശതമാനമാണ് മരണനിരക്ക്.
പ്രത്യേകം മരുന്നുപയോഗിച്ചുള്ള ചികിത്സ ഇതിനില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രോഗലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ചെയ്യുന്നത്.
കുരങ്ങുപനിക്കെതിരായ വാക്‌സിന്‍ നിലവിലുണ്ട്. ചെള്ളുകളെ നശിപ്പിക്കുകയോ അവയില്‍നിന്നും സംരക്ഷണം നേടാനുള്ള കവചങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുകയാണ് പ്രധാനപ്പെട്ട പ്രതിരേധ മാര്‍ഗം.
വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്കാണ് രോഗം പകരാന്‍ സാധ്യതയുള്ളത്. വനപ്രദേശത്ത് ജീവിക്കുന്നവരും വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ അമിത ആശങ്കകളും ഭീതിയും ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
.



No comments:
Post a Comment