.രാധിക പാലേരി
ഡിസംബര്‍ 10. ലോക മനുഷ്യാവകാശ ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബര്‍ 10നാണ് ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്.
ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണ് മനഷ്യാവകാശം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം മനുഷ്യാകാശത്തിന്റെ ഭാഗമാണ്. വീടും ഭക്ഷണവും വസ്ത്രവും സമാധാനജീവിതവും അവകാശം തന്നെ. വാര്‍ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള അവശത തുടങ്ങിയ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണവും നിയമപരമായി എല്ലാവര്‍ക്കും ലഭിക്കേണ്ട സംരക്ഷണവും മനുഷ്യാവകാശത്തിന്റെ ഭാഗമാണ്. കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം നീതിയാണ്. അന്യായമായി ആരെയും തടങ്കലില്‍ പാര്‍പ്പിക്കില്ല എന്നാണ് മനുഷ്യാവകാശ നിയമം.
എല്ലാ വര്‍ഷവും മനുഷ്യാവകാശദിനത്തില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ലോകമെമ്പാടും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എല്ലാം നിരര്‍ഥകമായ ആചാരങ്ങള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം.
മനുഷ്യാവകാശമോ, അതെന്താണ് സാധനമെന്ന് ദിനേന വരുന്ന വാര്‍ത്തകള്‍ നമ്മോട് ചോദിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയും മറ്റും പേരില്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ നിരവധിയാണ്.
ആധുനിക ജനാധിപത്യത്തെ ഭരണഘടനയായി അംഗീകരിച്ച രാജ്യങ്ങളില്‍ പോലും മതത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ അവമതിക്കപ്പെടുകയും അവര്‍ക്കെതിരെ തടവുശിക്ഷകളും വധശിക്ഷകളും വിധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജാമ്യം പോലും കിട്ടാത്ത കനത്ത ശിക്ഷാമുറകള്‍ പ്രയോഗിച്ചുകൊണ്ട് കാരാഗൃഹത്തിലടക്കെപ്പട്ടവരില്‍ പലരും നിരപരാധികളാണ്. കരിനിയമങ്ങളും കാടന്‍ നിയമങ്ങളുമുണ്ടാക്കി ഭൂരിപക്ഷപ്രമാണിമാര്‍ നടത്തുന്ന മനുഷ്യാകാശ ലംഘനത്തെ വെള്ളപൂശുകയാണ് മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്നത്.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി പൊരുതുന്നവരെ രാജ്യസുരക്ഷയുടെ മറവില്‍ സൈന്യത്തിന് പ്രത്യേകാധികാരങ്ങള്‍ നല്‍കി അടിച്ചമര്‍ത്തുകയും ജയിലറക്കുള്ളിലടക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പത്ത് വര്‍ഷത്തിലധികമായി ഇറോം ശര്‍മിളയെപോലുള്ള സ്ത്രീകള്‍ കടുത്ത പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നു. വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സ്ത്രീകള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുന്നു.
ഫലസ്തീനികള്‍ പ്രത്യേകിച്ച് അവിടുത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ കടുത്ത മനുഷ്യാകാശ ലംഘനമാണ്. കേരളത്തില്‍ നമുക്കറിയാം, മഅ്ദനി, വിചാരണത്തടവുകാരനാക്കി എത്ര വര്‍ഷങ്ങളാണ്. യഹ്‌യയുടെ ഉമ്മയുടെ കണ്ണീരു തുടക്കാന്‍ മനുഷ്യാകാശ നിയമങ്ങള്‍ക്കാവുന്നില്ലല്ലോ...നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നാട്ടില്‍ അക്രമവും കലാപവുമുണ്ടാക്കുന്നതെന്ന് ചരിത്രമാണ്. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണ കഥ മാധ്യമങ്ങല്‍ ആഘോഷിക്കുന്നത്. മാവോ ആക്രമണത്തെ അംഗീകരിക്കാനാവില്ലെങ്കിലും അവരുടെ രാഷ്ട്രീയത്തിന്റെ ഉള്ളിലും ചില മനുഷ്യാവകാശ പ്രശ്‌നങ്ങളില്ലേ എന്ന് ചിന്തിക്കാന്‍ നമുക്കാവുന്നില്ലല്ലോ...
ഭരണകൂട ഭീകരതയും തുടരന്‍ന്നുകൊണ്ടേയിരിക്കുന്ന നീതി നിഷേധവും ഇരകളെ തീവ്രവാദത്തിലേക്കും മാവോകൂട്ടായ്മയിലേക്കുമൊക്കെ എത്തിക്കുന്നുവെങ്കില്‍ അതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.
നിരര്‍ഥകമായ കുറേ ചര്‍ച്ചകളും വായിട്ടലക്കലുമൊക്കെയായി ഈ ദിനാചരണവും കഴിയും. നീതി നിഷേധിക്കപ്പെട്ടവര്‍ അപ്പോഴും ഇരുട്ടറയില്‍ ബന്ധിക്കപ്പെട്ടിരിക്കും. മനുഷ്യാകാശ ലംഘനത്തിന്റെ ഇരകള്‍ അപ്പോഴും പീഡനങ്ങള്‍ സഹിച്ച് മരണത്തെ പ്രാര്‍ത്ഥിക്കുന്നുണ്ടാവും. അതിനിടക്കുണ്ടാവുന്ന ചെറിയൊരു തീപ്പൊരിയാവും ചിലപ്പോള്‍ മനുഷ്യാവകാശ ദിനത്തിന്റെ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കുക. അപ്പോള്‍ നിങ്ങളവരെ തീവ്രവാദികള്‍ എന്നോ ഭീകരര്‍ എന്നോ വിളിച്ചെന്നിരിക്കും.
എന്താണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം
സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് ജന്മസിദ്ധമായിതന്നെ ലഭിക്കുന്ന അവാകാശമാണ് മനുഷ്യാവകാശം. 1948 ഡിസംബര്‍ 10 ന് പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്ടസഭയുടെ പൊതുസഭ (ജനറല്‍ അസംബ്ലി) അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rigsth - UDHR).
രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന, മനുഷ്യര്‍ക്ക്് സ്വാഭാവികമായുള്ള അവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ആഗോള പ്രഖ്യാപനമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം. പിന്നീട് അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാഗമായും ദേശീയ ഭരണഘടനകളുടെ ഭാഗമായും പ്രാദേശിക മനുഷ്യാവകാശ പ്രമാണങ്ങളായും വിവിധ നിയമങ്ങളായും മാറിയ 30 അനുച്ഛേദങ്ങളാണ് ഈ പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനം സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയെ ചേര്‍ത്ത് അന്താരാഷ്ട്ര മനുഷ്യാവകാശ ബില്‍ എന്ന് എന്ന് വിളിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തരീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശത്തെ ചുരുക്കി നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'മനുഷ്യജീവനുമേലുള്ള അവകാശം, സ്വാതന്ത്ര്യത്തിനുമേലുള്ള അവകാശം, ആശയവിനിമയത്തിലുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സാമ്പത്തിക സാംസ്‌കാരിക അവകാശം തുടങ്ങി നിയമത്തിനുമുമ്പില്‍ തുല്യരാണെന്നുള്ള അവകാശവും സംസ്‌കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശവും കൂടി ഉള്‍പ്പെട്ടതാണ് മനുഷ്യാവകാശം.'
മനുഷ്യാവകാശങ്ങള്‍ എന്താണെന്നു മാത്രമല്ല, മനുഷ്യാവകാശ ലംഘനം എന്താണെന്നുകൂടി പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയേയും പുരുഷനെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തുല്യരായി കാണാതിരിക്കുക, വര്‍ഗപരവും മതപരവുമായ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് ഇതര പൗരന്മാരെ പോലെയുള്ള തുല്യപരിഗണന ലഭിക്കാതിരിക്കുക, ഒരു വ്യക്തിക്ക് ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, ഒരാളെ വില്‍ക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക, യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുക തുടങ്ങിയവയൊക്കെയാണ് അവകാശധ്വംസനങ്ങളായി പറഞ്ഞിട്ടുള്ളത്.
(അവലംബം: വിക്കിപീഡിയ)
.
ഫോട്ടോകള്‍ക്ക് കടപ്പാട്:
CapeTownMagazine.com
https://rayharris57.wordpress.com/tag/human-rights-day/
https://decryptedmatrix.com/live/former-israeli-soldiers-disclose-routine-mistreatment-of-palestinian-children/





No comments:
Post a Comment