സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചതല്ല


മുഖം മറക്കുന്ന മുസ്‌ലിംസ്ത്രീകള്‍ ഇന്ന് കൗതുക കാഴ്ച അല്ലാതായിരിക്കുന്നു. യാഥാസ്ഥിതികര്‍ മാത്രമല്ല; പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കളായി അറിയപ്പെടുന്നവരും ഇന്ന് സ്ത്രീകള്‍ മുഖം മറക്കണമെന്ന് ശാഠ്യം പിടിക്കുന്നവരാണ്. കയ്യിലും കാലിലും സോക്‌സും തുണിയുറകളും അണിയണമെന്നും ഇവര്‍ വാദിക്കുന്നു. സഊദി അറേബ്യന്‍ ഇസ്‌ലാം (ഗള്‍ഫ് സലഫിസം) അതേവിധം അനുകരിക്കുന്ന വിഭാഗമാണ് ഇപ്പോള്‍ മുഖം മറക്കല്‍ നിര്‍ബന്ധമായി കൊണ്ടുനടക്കുന്നത്. 

മുസ്‌ലിംസമുദായത്തിലുണ്ടായിരുന്ന   അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിയ സമരം ചെയ്ത നവേത്ഥാനപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാര്‍ തന്നെ യാഥാസ്ഥിതികര്‍ പോലും തള്ളിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുണ്യകര്‍മമെന്ന നിലയില്‍ പുനരാനയിക്കപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. ഇസ്‌ലാമില്‍ ഒരു കാര്യം നിബന്ധനയായി മാറുന്നത് വേദഗ്രന്ഥമായ ഖുര്‍ആനിലെ പരാമര്‍ശവും പ്രവാചകന്‍ മുഹമ്മദിന്റെ കല്‍പനകളും ജീവിതവും അനുവാദങ്ങളും അടിസ്ഥാനമാക്കിയാണ്. 

സ്ത്രീകള്‍ മുഖം മറക്കുന്നതിന് ഇസ്മാമികമായ യാതൊരു അടിത്തറയുമില്ലെന്ന് പ്രവാചക വചനങ്ങളും പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതവും പറഞ്ഞ് എ അബ്ദുസ്സലാം സുല്ലമി സമര്‍ഥിക്കുന്നുണ്ട്. 
ശബാബ് വാരികയില്‍ എ അബ്ദുസ്സലാം സുല്ലമി എഴുതിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.




സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് 
ഇസ്‌ലാം നിര്‍ദേശിച്ചതല്ല
എ അബ്ദുസ്സലാം സുല്ലമി

മുസ്‌ലിം സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് ഇസ്‌ലാം നിര്‍ദേശിച്ചതല്ല.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'സ്ത്രീകളോട് ദാനധര്‍മം ചെയ്യാന്‍ നബി(സ) കല്പിച്ചു. സ്ത്രീകള്‍ ബിലാല്‍(റ) നിവര്‍ത്തിപ്പിടിച്ചിരുന്ന വസ്ത്രത്തിലേക്കു കാതിലിടുന്ന റിങ്, മോതിരം, വള മുതലായവ നിക്ഷേപിച്ചുകൊണ്ടിരുന്നു' (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഹാഫിള് ഇബ്‌നുഹസം(റ) പറയുന്നു: 'ഇബ്‌നുഅബ്ബാസ്(റ) നബി(സ)യുടെ മുന്നില്‍ വെച്ച് സ്ത്രീകളുടെ കൈകള്‍ കാണുന്നു. അപ്പോള്‍ തീര്‍ച്ചയായും സ്ത്രീകളുടെ കൈകളും മുഖവും നഗ്‌നതയല്ലെന്ന് വ്യക്തമാകുന്നു.'

സഹ്ല്‍(റ) പറയുന്നു: 'ഒരിക്കല്‍ ഒരു സ്ത്രീ വന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ) തന്റെ ശിരസ്സ് ഉയര്‍ത്തി അവളിലേക്ക് നോക്കി. ശരിയായി നോക്കി. ശേഷം തല താഴ്ത്തിയിരുന്നു. നബി(സ) തന്റെ പ്രശ്‌നത്തില്‍ ഒന്നും മറുപടി പറയാതിരുന്നത് കണ്ടപ്പോള്‍ അവള്‍ അവിടെ ഇരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അവളെ എനിക്ക് വിവാഹം കഴിപ്പിച്ചു തന്നാലും' (ബുഖാരി, മുസ്‌ലിം). അന്യപുരുഷന്മാര്‍ ഇരിക്കുന്ന സദസ്സിലേക്ക് ഈ യുവതി മുഖം മറയ്ക്കാതെയാണ് കയറിവരുന്നത്. അവള്‍ വരനായി ഉദ്ദേശിച്ച നബി(സ)യുടെ മുന്നില്‍ മാത്രമല്ല, തന്റെ മുഖം അവള്‍ തുറന്നിടുന്നത്. മറ്റു പുരുഷന്മാരും ഇരിക്കുന്ന സദസ്സിലാണ്. നഗ്‌നതയിലേക്ക് വിവാഹ സന്ദര്‍ഭത്തില്‍ പോലും നോക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. സ്ത്രീയുടെ മുഖം അന്യപുരുഷനെ സംബന്ധിച്ച് നഗ്‌നതയാണെങ്കില്‍ മുഖത്തേക്ക് നോക്കുന്നത് വിവാഹലോചനയുടെ സന്ദര്‍ഭത്തിലും അനുവദിക്കുകയില്ലല്ലോ.

സുബൈഅത്ത്(റ) പറയുന്നു: 'അവള്‍ സഅ്ദിന്റെ ഭാര്യയായിരുന്നു. ഹജ്ജത്തുല്‍ വദാഇന്റെ സന്ദര്‍ഭത്തില്‍ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടു. നാലു മാസവും പത്തു ദിവസവും ആകുന്നതിന്റെ മുമ്പു തന്നെ അവള്‍ പ്രസവിച്ചു. അപ്പോള്‍ അബുസ്സനാബില്‍ (അബൂദാര്‍ കുടുംബത്തിലെ ഒരു പുരുഷന്‍) അവളെ കണ്ടുമുട്ടി. അവളുടെ പ്രസവരക്തം അവസാനിച്ച് ശുദ്ധിയായിരുന്നില്ല. അവള്‍ തീര്‍ച്ചയായും സുറുമ ഇട്ടിരുന്നു. അബുസ്സനാബില്‍ അവളോട് പറഞ്ഞു: നീ പുനര്‍വിവാഹത്തിന് ഉദ്ദേശിക്കുന്നുവോ? അവള്‍ പറഞ്ഞു: നാല് മാസവും പത്ത് ദിവസവും അവസാനിക്കണം. ഞാന്‍ നബി(സ)യുടെ അടുത്തുചെന്ന് അബൂസ്സനാബില്‍ പറഞ്ഞതു നബിയോടു പറഞ്ഞു. നബി(സ) അരുളി: നീ പ്രസവിച്ചപ്പോള്‍ നിന്റെ ഇദ്ദയുടെ അവധി അവസാനിച്ചിട്ടുണ്ട് (മുസ്‌ലിം 1483). വിവാഹാലോചനയുമായി വരാത്ത അബുസ്സനാബിലിന്റെ മുന്നിലാണ് ഈ സ്വഹാബി വനിത അവളുടെ മുഖം വെളിവാക്കുന്നത്. പര്‍ദ്ദയുടെ സര്‍വ ആയത്തുകളും അവതരിപ്പിക്കപ്പെട്ട ശേഷമാണ് ഈ സംഭവം നടക്കുന്നതും.

അനസ്(റ) പറയുന്നു: 'നബി(സ) പള്ളിയില്‍ ഖിബ്‌ലയുടെ നേരെ കഫം കണ്ടു. അവിടുന്നു കോപിക്കുകയും മുഖം ചുവക്കുകയും ചെയ്തു. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ വന്നു അതു തുടച്ചു.' (ഇബ്‌നുമാജ). സ്ത്രീകള്‍ മുഖം മറയ്ക്കുന്ന പര്‍ദയാണ് നബി(സ)യുടെ കാലത്തു ധരിച്ചിരുന്നതെങ്കില്‍ അനസിന്(റ) ഈ സ്ത്രീ അന്‍സ്വാറുകളില്‍ പെട്ടവളാണെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നോ?

ജാബിര്‍(റ) പറയുന്നു: 'എന്റെ പിതാവ് വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം കൊണ്ടുവരപ്പെട്ടു. മയ്യിത്തിനെ ഉയര്‍ത്തിയപ്പോള്‍ കരയുന്ന സ്ത്രീയുടെ ശബ്ദം നബി(സ) കേട്ടു. അവിടുന്ന് ചോദിച്ചു: ഇവള്‍ ആരാണ്? സ്വഹാബികള്‍ പറഞ്ഞു: അംറിന്റെ സഹോദരിയാണ്. അവിടുന്ന് പറഞ്ഞു: നീ കരയരുത്.' (അന്നസ്സാഈ 1843). ഈ സ്ത്രീ മുഖം മറയ്ക്കാത്തതു കൊണ്ടാണ് സ്വഹാബിമാര്‍ ഇവള്‍ ഏതു സ്ത്രീയാണ് എന്നതു തിരിച്ചറിഞ്ഞത്.




അബൂഹുറയ്‌റ(റ) പറയുന്നു: 'കറുത്ത നിറമുള്ള ഒരു സ്ത്രീ നിത്യവും പള്ളി വൃത്തിയാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ) അവളെ കണ്ടില്ല. അവളെക്കുറിച്ച് അവിടുന്ന് അന്വേഷിച്ചു. അവര്‍ മരണപ്പെട്ടുവെന്ന് സ്വഹാബിമാര്‍ പറഞ്ഞു.' (മുസ്‌ലിം). സ്ത്രീകളുടെ ശരീരത്തിന്റെ നിറവും അവരെ കണ്ടാല്‍ വേര്‍തിരിച്ചറിയുന്ന നിലക്കുള്ള വസ്ത്രധാരണവുമായിരുന്നു പ്രവാചകന്റെ കാലത്തു സ്ത്രീകള്‍ സ്വീകരിച്ചിരുന്നതെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു.

അസ്മാഅ്(റ) പറയുന്നു: '.... ഞാനും നബി(സ)യുടെ കൂടെ നമസ്‌കാരത്തില്‍ പ്രവേശിച്ചു. അവിടുന്ന് നിറുത്തം ദീര്‍ഘിപ്പിച്ചു. ഇരിക്കാന്‍ എനിക്കു തോന്നി. അപ്പോള്‍ ദുര്‍ബലയായ ഒരു സ്ത്രീ നിന്നു നമസ്‌കരിക്കുന്നതു ഞാന്‍ കാണും. അവര്‍ എന്നെക്കാള്‍ ദുര്‍ബലയാണെന്ന് ഞാന്‍ ആത്മഗതം ചെയ്യും. അങ്ങനെ ഞാന്‍ നിന്ന് നമസ്‌കരിക്കും (മുസ്‌ലിം 908). 'എന്നേക്കാള്‍ വയസ്സുള്ള ഒരു സ്ത്രീയുടെ നേരെ ഞാന്‍ നോക്കും. എന്നേക്കാള്‍ രോഗിയായ മറ്റൊരു സ്ത്രീയുടെ നേരെയും ഞാന്‍ നോക്കും'(മുസ്‌ലിം 906). 
ഈ സ്ത്രീകളെല്ലാം തന്നെ നിന്ന് നമസ്‌കരിച്ചിരുന്നത് അന്യപുരുഷന്‍മാരുടെ നേരെ പിന്നില്‍ യാതൊരു മറയും ഇല്ലാതെയായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട് (മുസ്‌ലിം). ഈ സ്ത്രീകള്‍ മുഖം മറച്ചിരുന്നില്ലെന്ന് അസ്മാഇന്റെ(റ) വിവരണം വ്യക്തമാക്കുന്നു. മുഖം നഗ്‌നതയാണെങ്കില്‍ നമസ്‌കാരത്തില്‍ അതു മറയ്ക്കാന്‍ കല്‍പിക്കുമായിരുന്നു. 

ഒരു സ്ത്രീക്ക് കിടപ്പറയില്‍ അവളുടെ നഗ്‌നത പ്രകടിപ്പിക്കാം. എന്നാല്‍ കിടപ്പറയില്‍ വെച്ച് നമസ്‌കരിക്കുകയാണെങ്കില്‍ നമസ്‌കരിക്കുന്നതിന്റെ മുമ്പ് അവള്‍ക്ക് പ്രകടിപ്പിക്കാന്‍ അനുവാദമുള്ള ശരീര ഭാഗങ്ങള്‍ നമസ്‌കാരത്തില്‍ പ്രകടിപ്പിക്കുവാന്‍ അനുവാദമില്ല. അന്യപുരുഷന്റെ മുന്നിലുള്ള നഗ്‌നതയാണ് നമസ്‌കാരത്തില്‍ സ്ത്രീകള്‍ മറക്കേണ്ടത്. ഇതുകൊണ്ടാണ് തലമുടി അവള്‍ മറയ്ക്കുന്നത്. കിടപ്പറയില്‍ വെച്ച് ഒറ്റക്കോ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ചോ നമസ്‌കരിക്കുകയാണെങ്കിലും അവള്‍ തലമുടി മറയ്ക്കണം. 

ഇബ്‌നുതൈമിയ്യ(റ) സ്ത്രീകള്‍ പുറത്തിറങ്ങി അന്യപുരുഷന്റെ ഇടയിലൂടെ നടക്കുമ്പോള്‍ അവളുടെ ഇരു കാല്‍പാദങ്ങളും വെളിവാക്കാമെന്ന് പറയുന്നു (മജ്മൂഅ് ഫതാവാ 22:115). എന്നാല്‍ നമസ്‌കാരത്തില്‍ ഇവയുടെ മുകള്‍ഭാഗം മറയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനു പോലും നബി(സ)യിലേക്ക് ചേര്‍ത്തിയ യാതൊരു ഹദീസുമില്ല. ഇബ്‌നുഹജര്‍(റ) ബുലൂഗുല്‍ മറാമില്‍ തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഇമാം അബൂഹനീഫ(റ)യും ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം മുസ്‌നിയും സ്ത്രീകള്‍ നമസ്‌കാരത്തില്‍ കാലുകള്‍ മറയ്‌ക്കേണ്ടതില്ലെന്നു പറയുന്നത്.

.

ഫോട്ടോകള്‍ക്ക് കടപ്പാട്:

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.