ഹോട്ടല്‍ ഭക്ഷണം ശീലമാക്കിയവര്‍ ശ്രദ്ധിക്കണം. രോഗങ്ങള്‍ ശരീരം കീഴടക്കിത്തുടങ്ങിയുട്ടുണ്ടാവാം. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. പഴകിയ ഭക്ഷണം പിടിക്കപ്പെടുന്നത് വാര്‍ത്തയേ അല്ലാതായിരിക്കുന്നു.
ആവശ്യത്തിനും അനാവശ്യത്തിനും ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ് മലയാളികള്‍. അടുക്കളക്ക് അവധി കൊടുത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം പാര്‍സലാക്കി കൊണ്ടുവരുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈറ്റിങ് ഔട്ടുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തിലുണ്ടായ കൂത്തക്കംമറിച്ചിലുകളുടെ പ്രതിഫലമാണ് നാടൊട്ടുക്കും പെരുകുന്ന ഭക്ഷണശാലകള്‍. ഭൂരിപക്ഷം ഭക്ഷ്യവില്‍പന സ്ഥാപനങ്ങളും ലൈസന്‍സില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൂടി ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തെളിയിക്കുന്നുണ്ട്.
വൈകുന്നേരങ്ങളിലാണ് പലയിടത്തും ഇപ്പോള്‍ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ സജീവമാകുന്നത്. രാത്രി ഭക്ഷണം ലളിതമായിരിക്കുന്നതാണ് നല്ലതെന്ന് മനസ്സിലായവര്‍ തന്നെ രാത്രികാല ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളില്‍ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
രുചിയുള്ള വിഷം
രുചിയും മണവും കാഴ്ചയിലെ ഭംഗിയുമൊക്കെയാണ് ആളുകളെ ഹോട്ടല്‍ ഭക്ഷണത്തിലേക്ക് ആകര്‍ഷിക്കുന്നത.് ഹോട്ടല്‍ ഭക്ഷണത്തില്‍ രുചിയും മണവും വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്നത് കൃത്രിമ ചേരുവകളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ കളറുകള്‍, ടേസ്റ്റ് മേയ്‌ക്കേഴ്‌സ് തുടങ്ങിയവയാണ് അതിനായി ചേര്‍ക്കുന്നത്. അതും അമിതമായ അളവില്‍. ഭക്ഷ്യവസ്തുക്കളില്‍ ഒരു തരത്തിലുള്ള നിറവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഹോട്ടലിലും ബേക്കറികളിലും പാകം ചെയ്യുന്ന ഏത് വിഭവത്തിലാണ് കൃത്രിമ നിറങ്ങളില്ലാത്തത്. ഭക്ഷ്യവസ്തുക്കളില്‍ പരിമിതമായ അളവില്‍ ചേര്‍ക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എട്ടു നിറങ്ങളില്‍ ഒന്നും തന്നെ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
രുചിയും മണവും നിറവും വര്‍ധിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെ നിരന്തര ഉപയോഗം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതാണ്. തലവേദന മുതല്‍ ആസ്തമ, അലര്‍ജി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിറ്റാമിന്‍ കുറവ്, സ്‌ട്രോക്ക് തുടങ്ങി കാന്‍സറിനുവരെ ഇത് കാരണമാകുന്നു.
പൊരിച്ചുതരുന്ന രോഗങ്ങള്‍
ഹോട്ടല്‍ ഭക്ഷണത്തില്‍ കൊഴുപ്പിനായി ചേര്‍ക്കുന്നത് പ്രധാനമായും ഡാല്‍ഡ, പാം ഓയില്‍, കൃത്രിമ കൊഴുപ്പുകള്‍ തുടങ്ങിയവയാണ്. വര്‍ധിച്ച കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിത വണ്ണം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ പെരുകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്തരം അമിത കൊഴുപ്പുപയോഗം.
രോഗ്യവാനായ മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയും എട്ട് ഗ്രാം ഉപ്പും (ഒന്നര ടീസ്പൂണ്‍) നാല് ടീസ്പൂണ്‍ പഞ്ചസാരയും മാത്രമാണ് ആവശ്യം. പല ഹോട്ടലുകളും മധുരത്തിനായി അസ്പാര്‍ട്ടൈം, സക്കറൈന്‍ തുടങ്ങിയ കൃത്രിമ മധുരങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവ ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കിടയാക്കും. അമിതമായ എരിവും പുളിയും ഉപ്പുമൊക്കെ അള്‍സര്‍ പോലുള്ള ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഭക്ഷണ ശാലകളില്‍ പലപ്പോഴും ഉപയോഗിച്ച എണ്ണ തന്നെയാണ് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്. പല ഹോട്ടലുകളും ഒരേ എണ്ണ തന്നെ മാസങ്ങളോളം ഉപയോഗിക്കാറുണ്ട്. പുതിയ എണ്ണ പഴയ എണ്ണയിലേക്ക് തന്നെ ചേര്‍ക്കുന്ന രീതിയും വ്യാപകമാണ്. ഇത്തരത്തില്‍ ഒരേ എണ്ണ തന്നെ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഹൈഡ്രോലൈസിസ്, ഓക്‌സിഡേഷന്‍, പോളിമെറൈസേഷന്‍ തുടങ്ങിയ പലവിധ രാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വിധേയമാവുന്നു. ചൂടാക്കുന്തോറും എണ്ണയിലെ ഹാനികരമായ വസ്തുക്കള്‍ വര്‍ധിക്കുന്നു. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ മുതല്‍ ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് വരെ ഇത്തരം എണ്ണകള്‍ കാരണമാകും.
പലഹാരങ്ങളും പൊരിച്ചെടുത്ത വിഭവങ്ങളും കഴിക്കുന്നവര്‍ കരുതിയിരിക്കണമെന്നര്‍ത്ഥം.
മൈദയുടെ രസ 'തന്ത്രം'
ഗോതമ്പില്‍ നിന്ന് നാരുകള്‍ നീക്കി സംസ്‌കരിച്ചെടുക്കുന്ന, പോഷക ഗുണങ്ങളൊന്നുമില്ലാത്ത വസ്തുവാണ് മൈദ. മൈദയില്‍ ധാരാളം എണ്ണ ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കുന്നതാണ് ഒട്ടുമിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും. പൊറോട്ട, നൂഡില്‍സ്, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയിലെ പ്രധാന ഘടകം മൈദ തന്നെയാണ്. വര്‍ധിച്ച മൈദ ഉപയോഗം ദഹന പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവക്കും കാരണമാകും. മൈദയുടെ സംസ്‌കരണത്തിനിടെ നിറം കൂട്ടാന്‍ ഉപയോഗിക്കുന്ന ബെന്‍സോയില്‍ പെറോക്‌സൈഡും മൃദുത്വം നല്‍കാനുപയോഗിക്കുന്ന അലോക്‌സാനുമൊക്കെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കാം.
![]() |
| photo: http://www.sheknows.com/ |
അമിതോര്‍ജം ആപത്ത്
ലളിതമായ ജോലികള്‍ ചെയ്യുന്ന മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം വേണ്ടത് 2400 കലോറി ഊര്‍ജം മാത്രമാണ്. ഒരു ദിവസം കഴിക്കുന്ന മൂന്നു നേരത്തെ ഭക്ഷണത്തില്‍ നിന്നാണ് ഈ ഊര്‍ജവും അവശ്യ പോഷകങ്ങളും ലഭിക്കേണ്ടത്. എന്നാല്‍ ഹോട്ടലിലെ ഒരു നേരത്തെ ആഹാരത്തില്‍ നിന്ന് പലപ്പോഴും ഇതിലെ വലിയൊരു പങ്കും ലഭിക്കുന്നുണ്ട്. ഇതിനൊപ്പം ഹാനികരമായ ധാരാളം കൊഴുപ്പുകളും ഉള്ളിലെത്തുന്നുണ്ട്. ഹോട്ടല്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന കലോറിയാണുള്ളത്. ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍, കോളകള്‍, ഐസ്‌ക്രീം തുടങ്ങിയവയിലൂടെയൊക്കെ ഉള്ളിലെത്തുന്ന അമിത ഊര്‍ജം ചെലവഴിക്കപ്പെടാതെ വരുമ്പോള്‍ കൊഴുപ്പായി ശരീരത്തില്‍ സംഭരിക്കപ്പെടും. അമിത വണ്ണം, പ്രമേഹം, അമിതകൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണെന്നാണ് മുന്നറിയിപ്പ്.
ഓള്‍ഡ് ഈസ് ഗോള്‍ഡ്
പഴകിയ ഭക്ഷണമാണ് ഹോട്ടല്‍ ഭക്ഷണത്തിലെ പ്രധാന അപകടം. പഴകിയ ആഹാര പദാര്‍ത്ഥങ്ങളാണ് പലയിടത്തും ചൂടാക്കി അലങ്കരിച്ച് വില്‍പ്പനക്ക് വെക്കുന്നത്. പല ഹോട്ടലുകളിലും ശരിയായ ഫ്രീസര്‍ സംവിധാനമില്ല. ഉള്ളവര്‍ തന്നെ വൈദ്യുതി ലാഭിക്കാനും മറ്റും ഫ്രീസര്‍ കൂടുതല്‍ സമയം ഓഫാക്കിയിടുന്നു. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഒരേ ഫ്രീസറില്‍ തന്നെ സൂക്ഷിക്കുന്നതും പതിവാണ്. ഇത്തരത്തില്‍ സൂക്ഷിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകള്‍ വേഗം വളരുമെന്നതിനാല്‍ ഇത് അപകടകരമാണ്.
ആഴ്ചകളും മാസങ്ങലും പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ മസാലകളും സോസുകളും മറ്റു രുചിക്കൂട്ട് രാസവസ്തുക്കളും ചേര്‍ത്ത് പാകപ്പെടുത്തുന്നതിനാല്‍ അതിന്റെ പഴക്കം തിരിച്ചറിയാന്‍ കഴിക്കുന്നവര്‍ക്ക് കഴിയില്ല. അജിനോമോട്ടോ പോലുള്ള രുചി വര്‍ധകങ്ങള്‍ ചേര്‍ത്ത് പഴക്കം മറച്ചുവെക്കാനുമാവും.
ഇത് ആര്‍ത്തിയോടെ വലിച്ചുവാരിത്തിന്നുന്നവര്‍ രോഗമാണ് വിലക്കുവാങ്ങുന്നതെന്ന് മനസ്സിലാക്കുന്നില്ല.
അടുക്കള തിരിച്ചുപിടിക്കാം
ഹോട്ടലില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള ഒരിടമായി മാത്രം പല വീട്ടിലെയും അടുക്കളകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം അത്യാവശ്യമാണ്. രാസ-വിഷലിപ്തമല്ലാത്ത ഭക്ഷണത്തിന് അടുക്കളകള്‍ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. സമീകൃതമായ നാടന്‍ വിഭവങ്ങള്‍ തന്നെയാണ് ആരോഗ്യത്തിന് നല്ലതെന്ന തിരിച്ചറിവിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിതശൈലി രോഗങ്ങള്‍ ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. മാരകമായ രോഗങ്ങളാല്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും പാപ്പരായിപ്പോയവര്‍ നിരവധിയാണ്.
ഫാസ്റ്റ്ഫുഡ്, ജങ്ഫുഡ് വിഭവങ്ങളുടെ പിന്നാലെയാണ് കേരളവും കേരളത്തിലെ ന്യൂജനറേഷനും. അടുക്കളയിലേക്ക് തിരിച്ചുനടക്കുക മാത്രമാണ് പരിഹാരം. മാലിന്യനിക്ഷേപക കേന്ദ്രമല്ല നമ്മുടെ വയറുകള്‍ എന്ന് തിരിച്ചറിയാന്‍ വൈകിക്കൂട..
ഹോട്ടലില്‍ കയറുമ്പോള്‍
നിര്‍ബന്ധ സാഹചര്യങ്ങളില്‍ മാത്രം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാവൂ.. അതും വിശ്വസ്തവും ഗുണനിലവാരമുള്ള ഭക്ഷണ ശാലകളില്‍ നിന്ന് മാത്രം. വൃത്തിയും തിരക്കുമുള്ള ഹോട്ടലുകള്‍ പരിഗണിക്കുക. അപരിചിത സ്ഥലമാണെങ്കില്‍ സമീപ പ്രദേശത്തുള്ളവരോട് നല്ല ഹോട്ടലുകളെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുന്നത് നന്നാവും.
രുചി വ്യത്യാസം വന്നതും പാകം ചെയ്തിട്ട് ഏറെ സമയം കഴിഞ്ഞതെന്ന് തോന്നുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്ര വില കൊടുത്ത് വാങ്ങിയതായാലും കഴിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പൂപ്പലോ ദുര്‍ഗന്ധമോ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുറിച്ചുവെച്ചതും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങരുത്. പഞ്ചസാരയും കൊഴുപ്പും ഉപ്പും കലോറിയും കുറഞ്ഞ സമീകൃതാഹാരം തിരഞ്ഞെടുക്കുക. കഴിവതും ഹോട്ടലുകളില്‍ നിന്ന് മാംസ വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
.
എംബി ഫോര്‍ വെല്‍നസ്സില്‍ ഷഫീക്ക് കടവത്തൂര് എഴുതിയ 'ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍' എന്ന ലേഖനത്തോട് കടപ്പാട്
ചേര്‍ത്തു വായിക്കാന്‍: ഹോട്ടൽ ഭക്ഷണം സുരക്ഷിതമോ?


No comments:
Post a Comment