. രാഗി തോമസ്
ഫാഷന്‍ എന്നത് ഒരു നിശ്ചിത കാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. അത് യുവ മനസുകളെ കീഴടക്കുന്നതാണെങ്കില്‍ കുറച്ചധികം കാലം നിലനില്‍ക്കുമെന്ന് മാത്രം. അതതു കാലത്തെ ട്രെന്‍ഡിനനുസൃതമാണ് സ്‌റ്റൈല്‍. എവിടെയാണ് പുതുമ എന്ന് നോക്കിനടക്കുന്ന യൗവ്വനങ്ങളാണ് ഇന്നത്തെ ഫാഷന്‍ നിര്‍ണ്ണയിക്കുന്നത്. അവരുടെ ഇടയിലേക്ക് അവര്‍ക്കിണങ്ങുന്നതും വൈവിധ്യവുമായ ട്രെന്‍ഡ് കൊണ്ടുവരുക എന്നത് കമ്പനികള്‍ക്ക് വളരെ ശ്രമകരമായ കാര്യമാണ്. ഇന്ന് പണ്ടത്തെപ്പോലെയല്ല, അടി മുതല്‍ മുടിവരെ വളരെ ശ്രദ്ധയോടെ വിക്ഷീക്കുന്നവരാണ് യുവതലമുറ. അതുകൊണ്ടുതന്നെ, വസ്ത്രത്തിലും ഹെയര്‍ സ്‌റ്റൈലിലും അവര്‍ വളരെ ശ്രദ്ധാലുക്കളാണ്. സ്ത്രീകളുടെ വസ്ത്ര വൈവിധ്യങ്ങളിലാണ് എന്നും ഫാഷന്‍ അതിവേഗം മാറിമറിയുന്നത്. സ്ത്രീകള്‍ തന്നെയാണ് മാറിവരുന്ന ഫാഷന്‍ വിസ്മയങ്ങളെ കുറിച്ചറിയാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതും.
വസ്ത്രം
മേക്കപ്പിനേക്കാളും ഇന്നത്തെ തലമുറയിലെ സ്ത്രീകള്‍ക്ക് താല്പര്യം വസ്ത്രവൈവിധ്യങ്ങളിലാണ്. വസ്ത്രങ്ങളുടെ വ്യത്യസ്തതയാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പണ്ടത്തെപ്പോലെ പൊട്ടിനും ലിപ്സ്റ്റിക്കിനുമൊന്നും അവര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് കാലത്തിനനുയോജ്യമാകാന്‍ ശ്രദ്ധിക്കുക. ആകര്‍ഷണതയോളം തന്നെ പ്രധാനപ്പെട്ടതാണ് ആ ഡ്രസ്സ് നമുക്ക് കംഫര്‍ട്ടബിള്‍ ആണോ എന്നത്. നമ്മുടെ നാട്ടില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
ചുരിദാര്‍
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ പ്രായഭേദമന്യേ മിക്ക സ്ത്രീകളും ഉപയോഗിക്കുന്ന വസ്ത്രമാണ് ചുരിദാര്‍. അതില്‍തന്നെ പലതരം വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നു. വിശേഷാവസരങ്ങളില്‍ ന്യൂജനറേഷന്‍ ഗൗണും ചോളിയുമൊക്കെയാണ് യുവതികള്‍ക്ക് പ്രിയം. ഒരു തരത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കംഫര്‍ട്ട് ഫീലിംഗ് നല്‍കുന്നതും ചുരിദാര്‍ ആണെന്ന് പറയാം.
ജീന്‍സും ടോപ്പും
മാധ്യമങ്ങളിലൂടെയും മറ്റും നമ്മുടെ സംസ്‌കാരത്തിനിണങ്ങിയതും എന്നാല്‍ വിദേശ സംസ്‌കാരം കൂടികലര്‍ന്നതുമായ വസ്ത്രങ്ങളുടെ കാഴ്ചയിലേക്കും ഇന്നു യുവതലമുറ കണ്ണുനട്ടിരിക്കുന്നു. ജീന്‍സും ടോപ്പും ഇന്ന് മിക്കവരും ഉപയോഗിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ടോപ്പുകളില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.
സാരി
സാരിയെന്നും തിളങ്ങുന്ന വസ്ത്രം തന്നെയാണ് പ്രത്യേകിച്ച്, വിവാഹം പോലെയുള്ള വിശേഷാവസരങ്ങളില്‍. മാത്രമല്ല നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗവുമാണ്. എന്നാല്‍ വൈവിധ്യങ്ങളൊന്നുമില്ലാത്ത സാധാരണ സാരി ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല. സാരി വിപണിയിലെ വൈവിധ്യം എണ്ണിയാലൊടുങ്ങാത്തതാണ്. ഈ വൈവിധ്യങ്ങള്‍ തന്നെയാകാം ആഘോഷ വേളകളിലെ സ്ഥിരം സാന്നിധ്യമാക്കി സാരിയെ മാറ്റിയത്. ഓരോ സീസണിലും ഓരോ ഫാഷന്‍ എന്നതുപോലെ നിറങ്ങളുടെ ഫാഷനും അനുദിനം മാറുകയാണ്. ഇന്നലത്തെ ചില്ലിറെഡ് ഇന്നത്തെ ഫാഷനേയല്ല. അപൂര്‍വ്വ സുന്ദര നിറങ്ങളാണ് ഇന്നത്തെ ട്രെന്‍ഡ്. ലൈലാക് (മാന്തളിര്‍ നിറം) പൗഡര്‍, ബഌ സീ ഗ്രീന്‍, ലൈറ്റ് സാല്‍മണ്‍, അക്വാ തുടങ്ങിയ നിറങ്ങളിലെ സാരികളാണ് ഇന്നത്തെ ഫാഷന്‍. പാരമ്പര്യ വര്‍ണ്ണ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തുമായി എത്തിയ ഇവ വിപണിയില്‍ സജീവമാകുകയാണ്. ബ്ലൗസുകളുടെ രൂപകല്‍പ്പനയിലും പലതരം മാറ്റങ്ങള്‍ ഇന്നു കാണാം. ഇന്ന് സാരിയില്‍ തന്നെ തിളങ്ങുന്ന താരം സാരി ഗൗണാണ്. എങ്കിലും കാലമെത്ര കഴിഞ്ഞാലും എത്ര ഫാഷന്റെ പുറകെ പോയാലും നമ്മുടെ ദാവണിയും പട്ടുപാവാടയുമൊന്നും മനസ്സില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും മായുന്നില്ല. പുതിയ സങ്കല്പങ്ങള്‍ക്കനുസരിച്ച് അവയില്‍ വൈവിധ്യങ്ങള്‍ വരുന്നു എന്നുമാത്രം.
വസ്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ മുടിയുടെ കാര്യത്തിലും ആഭരണങ്ങളിലും പാദരക്ഷകളിലും എല്ലാം വ്യത്യസ്ത സൗന്ദര്യബോധമുണ്ട് ഇന്നത്തെ തലമുറയ്ക്ക്. ഹെയര്‍ കളറിംഗ് പുതുമയുള്ള ഒന്നാണ്. യുവതലമുറയുടെ മനസ് കീഴടക്കാന്‍ ഉതകുന്ന വിവിധ തരം ഹെയര്‍ കളറുകള്‍ ഇന്നു ലഭ്യമാണ്. വിവിധ തരം ഹെയര്‍ കട്ടിംഗുകളും ഇന്നു സൗന്ദര്യലോകത്തുണ്ട്.
ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള കമ്മലുകളിലും ചപ്പലുകളിലും മാലയിലും വളയിലുമെല്ലാം ഈ വൈവിധ്യങ്ങളുടെ തുടര്‍ച്ച കാണാം. കളിമണ്ണ്, പേപ്പര്‍ തുടങ്ങി ഉപകാരമില്ലാത്തതെന്ന് നാം കരുതുന്ന സകല വസ്തുകള്‍ കൊണ്ടും ഇന്ന് ആഭരണങ്ങള്‍ നിര്‍മിക്കുന്നു. പുതിയതെന്ത് എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ന്യൂജനറേഷന്റെ മുമ്പില്‍ നല്ല സ്‌റ്റൈലന്‍ കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ..
(കടപ്പാട്: വര്‍ത്തമാനം ആഴ്ചപ്പതിപ്പ്, 2014 ആഗസ്ത് 03 ഞായര്‍)
.
ഫോട്ടോകള്‍ക്ക് കടപ്പാട്: http://pakitrend.com/beautiful-bridal-dresses-collection-2013/



No comments:
Post a Comment